ഉദ്യോഗസ്ഥരുടെ പരിശോധനകള്‍ പ്രഹസനമാകുന്നു വ്യാജ വെളിച്ചെണ്ണ അതിര്‍ത്തി കടക്കുന്നു

Monday 11 December 2017 9:27 pm IST

കൊഴിഞ്ഞാമ്പാറ:സംസ്ഥാനാതിര്‍ത്തി കടന്ന് വ്യാജ വെളിച്ചെണ്ണയും രാസവസ്തുക്കളും മായം കലര്‍ന്ന ഭക്ഷ്യ എണ്ണകളും വ്യാപകമായി വില്‍പ്പനക്കെത്തുമ്പോവും പരിശോധനകള്‍ പ്രഹസനമാകുന്നു. ഇത്തരം വ്യാജ വെളിച്ചെ ണ്ണയുള്‍പ്പടെയുള്ള ഭക്ഷ്യ എണ്ണകള്‍ ജനങ്ങളില്‍ കടുത്ത ആരോഗ്യ പ്രശ്‌നങ്ങളും മാരകരോഗങ്ങളും സൃഷ്ടിക്കുമ്പോഴും നിയമങ്ങള്‍ നോക്കുകുത്തികളാവുകയാണ്.
വില കുറച്ച് രേഖപ്പെടുത്തി അത്യാകര്‍ഷകമായ പാക്കറ്റുകളിലും കുപ്പികളിലും കന്നാസുകളിലും നിറച്ച് വിവിധ ബ്രാന്റുകളിലായിട്ടാണ് വിറ്റഴിക്കപ്പെടുന്നതും. മായം കലര്‍ന്ന വെളിച്ചെണ്ണകളും മറ്റു പലപേരുകളില്‍ അറിയപ്പെടുന്ന ഭക്ഷ്യഎണ്ണകളും (എഡിബിള്‍ ഓയില്‍) സംസ്ഥാനത്തു നിര്‍മ്മിച്ച് വന്‍തോതില്‍ വില്‍ക്കുന്നതും അന്യസംസ്ഥാനങ്ങളില്‍ നിന്നും പ്രത്യേകിച്ച് വ്യാജ വെളിച്ചെണ്ണക്ക് പേരുകേട്ട കാങ്കയം, കരൂര്‍ (തമിഴ്‌നാട്) എന്നീ സ്ഥലങ്ങളില്‍ നിന്നും കേരളത്തിന്റെ ചെക്ക്‌പോസ്റ്റുകള്‍ വഴിയും മറ്റു പലറോഡുകളിലൂടെയും ഊടുവഴികളിലൂടെയും ടാങ്കര്‍ലോറികളിലും മറ്റു ചരക്ക് വാഹനങ്ങളിലും സംസ്ഥാനത്തേക്ക് എത്തുന്നത്.
പിന്നീട് ഇത്തരം എണ്ണകള്‍ രഹസ്യ കേന്ദ്രങ്ങളില്‍ വെച്ച് പല വ്യാജ ബ്രാന്‍ഡുകളിലും വിവിധ അളവുകളിലും മാറ്റി കേരളത്തിലെ വിപണികളില്‍ വന്‍തോതില്‍ വിറ്റഴിക്കപ്പെടുന്നു
മാരകമായ രോഗങ്ങള്‍ക്കും ആരോഗ്യപ്രശ്‌നങ്ങള്‍ക്കും കാരണമാവുന്ന ഇത്തരം വ്യാജ വെളിച്ചെണ്ണകളും ഭക്ഷ്യഎണ്ണകളും വില്‍പ്പന നടത്തി വരുന്നവര്‍ വന്‍ സാമ്പത്തിക നേട്ടം ഉണ്ടാക്കിയും സര്‍ക്കാറിന് ലഭിക്കേണ്ട നികുതി കൊള്ളയടിക്കപ്പെടുകയാണ്. ഭക്ഷ്യസുരക്ഷാ വിഭാഗം ഉദ്യോഗസ്ഥരെയും ജി.എസ്.ടി. വകുപ്പ് ഉദ്യോഗസ്ഥരെയും പറ്റിച്ചും ജനങ്ങളെ കബളിപ്പിച്ചും നടത്തുന്ന കൊള്ളയും അഴിമതിക്കും സാമൂഹിക വിരുദ്ധപ്രവര്‍ത്തനങ്ങള്‍ക്കും മുന്നില്‍ സര്‍ക്കാര്‍ നോക്കുകുത്തിയാവുകയാണ്.ആവശ്യമായ സംവിധാനങ്ങളും മുന്നൊരുക്കങ്ങളും നമ്മുടെ സര്‍ക്കാറിന്റെ ഭാഗത്തു നിന്നും ആരോഗ്യ വകുപ്പ് ഭക്ഷ്യ സുരക്ഷാവിഭാഗം ഉദ്യോഗസ്ഥരുടെ ഭാഗത്തുനിന്നും ഉണ്ടാവാത്തതിനാല്‍ കാലങ്ങളായി തുടരുന്ന പൊതുജനത്തെ പറ്റിക്കുന്ന കൊള്ളയടി തുടരുകയാണ്. വളരെ വര്‍ഷങ്ങളായി നടന്നുവരുന്ന മാഫിയ പ്രവര്‍ത്തനം,മാറി മാറി വരുന്ന സര്‍ക്കാറുകളിലെ ബന്ധപ്പെട്ട ലോബികളുടെ ഒത്താശയോടെ ശക്തമായ രീതിയില്‍ തഴച്ചു വളരുകയാണ്.
പരിമിതമായ സംവിധാനങ്ങളും സൗകര്യങ്ങളും മാത്രമുള്ള ഭക്ഷ്യസുരക്ഷാ വിഭാഗം ഉദ്യോഗസ്ഥര്‍ക്ക് വ്യാജ വെളിച്ചെണ്ണ ലോബികള്‍ക്കെതിരെയും മായം കലര്‍ന്ന ഭക്ഷ്യവസ്തുക്കള്‍ വിപണനം നടത്തുന്ന മാഫിയകള്‍ക്കെതിരെയും ശക്തമായ നടപടി എടുക്കുവാന്‍ കഴിയാത്ത സ്ഥിതിയാണ്. സര്‍ക്കാറിന്റെ ഭാഗത്തുനിന്നും കര്‍ശന നടപടികള്‍ ഇല്ലാത്തതിനാലും വ്യാജ വെളിച്ചെണ്ണ-ഭക്ഷ്യഎണ്ണ മാഫിയ തഴച്ചു വളരുകയാണ്.
ആയതിനാല്‍ അടിയന്തിരമായി സര്‍ക്കാര്‍ ഇടപ്പെട്ട് പാവപ്പെട്ട പൊതുജനങ്ങളെ സംരക്ഷിക്കുന്നതോടൊപ്പം വ്യാജ എണ്ണ ലോബികളെ പിടികൂടി ശിക്ഷിക്കണെമെന്ന ആവശ്യം ശക്തമാവുകയാണ്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.