സ്ത്രീകളെ ആക്ഷേപിക്കുന്നത് മന്ത്രി സുധാകരന്റെ പതിവ്

Tuesday 12 December 2017 8:21 am IST

ആലപ്പുഴ: പൊതുവേദികളില്‍ സ്ത്രീകളെ ആക്ഷേപിക്കുന്നത് മന്ത്രി ജി. സുധാകരന്റെ പതിവ് ഏര്‍പ്പാട്. കഴിഞ്ഞ ദിവസം സിപിഐ നേതാവും കെപ്‌ക്കോ ചെയര്‍പേഴ്‌സണുമായ ജെ. ചിഞ്ചുറാണിക്കാണ് ഒടുവില്‍ ദുരനുഭവം ഉണ്ടായത്. മുഖ്യമന്ത്രിക്ക് പരാതി നല്‍കുമെന്ന് അവര്‍ വ്യക്തമാക്കിയിരുന്നു. ജനങ്ങളുടെയും ജനപ്രതിനിധികളുടെയും ഉദ്യോഗസ്ഥരുടെയും മുന്നില്‍ വച്ച് തട്ടിക്കയറുകയും ബഹിഷ്‌ക്കരിച്ച് ഇറങ്ങി പോകുകയും ചെയ്ത മന്ത്രിയുടെ നടപടിക്കെതിരെ സിപിഐയും രംഗത്തെത്തി.

സുധാകരന്റെ ഇത്തരം സമീപനം ആദ്യമല്ല. അവഹേളനത്തിന് ഇരയായ സിപിഎം തോട്ടപ്പള്ളി കൊട്ടാരവളവ് മുന്‍ ബ്രാഞ്ച് സെക്രട്ടറിയും, മഹിളാ അസോസിയേഷന്‍ ഏരിയ കമ്മറ്റിയംഗവുമായിരുന്ന ഉഷ സാലി ഇപ്പോഴും മന്ത്രിക്കെതിരായ പോരാട്ടത്തിലാണ്.
കേസില്‍ രണ്ടു വര്‍ഷമായിട്ടും സുധാകരനെതിരെ കുറ്റപത്രം സമര്‍പ്പിക്കാതെ പോലീസ് ഒളിച്ചു കളിക്കുകയാണ്. ഇതിനെതിരെ ഉഷ മുഖ്യമന്ത്രിക്ക് പരാതി നല്‍കിയെങ്കിലും ഫലമുണ്ടായില്ല. 2016 ഫെബ്രുവരി 28ന് റോഡ് ഉദ്ഘാടനത്തിനെത്തിയ സുധാകരന്‍ മറ്റ് പാര്‍ട്ടി നേതാക്കളുടെയും ജനപ്രതിനിധികളുടെയും സാന്നിധ്യത്തില്‍ ഉഷയെ അവഹേളിക്കുകയായിരുന്നു.

മാനസിക പീഡനത്തെത്തുടര്‍ന്ന് പൊട്ടിക്കരഞ്ഞുകൊണ്ടാണ് ഉഷ വേദിവിട്ടിറങ്ങിയത്. മൈക്കിലൂടെയായിരുന്നു സുധാകരന്റെ അവഹേളന പ്രസംഗം. ജി. സുധാകരന്‍ മന്ത്രിയായിരുന്നപ്പോള്‍ ഉഷ അദ്ദേഹത്തിന്റെ പേഴ്‌സണല്‍ സ്റ്റാഫിലെ അംഗമായിരുന്നു. സ്റ്റാഫിലുണ്ടായിരുന്നപ്പോള്‍ ശമ്പളം വാങ്ങിവിഴുങ്ങിയെന്ന പരാമര്‍ശവും നിരവധി ആക്ഷേപങ്ങളും ചൊരിഞ്ഞ സുധാകരന്‍ തദ്ദേശ തെരഞ്ഞെടുപ്പില്‍ പാര്‍ട്ടി സ്ഥാനാര്‍ത്ഥിയെ പരാജയപ്പെടുത്താന്‍ ഉഷ ശ്രമിച്ചെന്നും കുറ്റപ്പെടുത്തി.

ഇതിനെതിരെ ഉഷ അമ്പലപ്പുഴ പോലീസില്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് കേസെടുത്തത്. എന്നാല്‍ തുടരന്വേഷണം നടത്താനോ, കുറ്റപത്രം നല്‍കാനോ പോലീസ് തയ്യാറായില്ല. മന്ത്രിയുടെ സ്വാധീനം മൂലമാണ് പോലീസ് നടപടി സ്വീകരിക്കാത്തതെന്നാണ് ആരോപണം. ഉഷയുടെ ഭര്‍ത്താവും സിപിഎം ലോക്കല്‍ കമ്മറ്റിയംഗവുമായിരുന്ന സാലിയെ പിന്നീട് സിപിഎമ്മുകാര്‍ നടുറോഡില്‍ ക്രൂരമായി മര്‍ദ്ദിച്ചിരുന്നു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.