വൈറ്റില മേല്‍പ്പാലം ഒന്നര വര്‍ഷത്തിനകം

Tuesday 12 December 2017 2:59 am IST

കൊച്ചി: സംസ്ഥാനത്തെ ഏറ്റവും തിരക്കേറിയ ജംഗ്ഷനായ വെറ്റിലയില്‍ മേല്‍പ്പാലത്തിന്റെ നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍ തുടങ്ങി. ഒന്നര വര്‍ഷത്തിനുള്ളില്‍ നിര്‍മ്മാണം പൂര്‍ത്തിയാക്കും.
113 കോടി രൂപയുടേതാണ് പദ്ധതി. കേരള റോഡ് ഫണ്ട് ബോര്‍ഡിനാണ് ചുമതല. മെട്രോ റെയില്‍ കടന്നുപോകുന്നതിനാല്‍ നാലുവരി പാതയ്ക്ക് അനുയോജ്യമായ രീതിയില്‍ മൂന്നുവരി വീതമുള്ള രണ്ട് മേല്‍പ്പാലങ്ങള്‍ നിര്‍മ്മിക്കും. ഓരോ പാലത്തിനും 30 മീറ്റര്‍ നീളമുള്ള 12 സ്പാനുകളും 40 മീറ്റര്‍ നീളമുള്ള രണ്ട് സെന്‍ട്രല്‍ സ്പാനുകളുമായി 440 മീറ്റര്‍ നീളമുണ്ടാകും. തിരുവനന്തപുരം ഭാഗത്തേക്കുള്ള പാലത്തിന് 717 മീറ്റര്‍ നീളവും ആലുവ ഭാഗത്തേക്കുള്ള പാലത്തിന് 702.41 മീറ്റര്‍ നീളവുമാണുള്ളതെന്ന് നിര്‍മ്മാണോദ്ഘാടനം നിര്‍വഹിച്ച മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു.
മേല്‍പ്പാലത്തിന് ഇരുവശത്തുമായി വൈറ്റില മൊബിലിറ്റി ഹബ്ബില്‍ സുഗമമായി പ്രവേശിക്കുന്നതിനായി 320 മീറ്റര്‍ നീളത്തിലും ആലുവ ഭാഗത്തേക്ക് 375 മീറ്റര്‍ നീളത്തിലും രണ്ടു സ്ലിപ്പ് റോഡുകളും പദ്ധതിയില്‍ ഉള്‍പ്പെടുത്തി. ഇരുവശത്തും സര്‍വീസ് റോഡുകളില്‍ വൈദ്യുതിവിളക്കുകള്‍, ഓട എന്നിവയും നിര്‍മ്മിക്കും. കേരളത്തിലെ റോഡുകളുടെ പൊതു സ്ഥിതി മോശമായതിനാല്‍ ഗതാഗതം ദുഷ്‌കരമാണ്. േവഗവും സുരക്ഷിതത്വവുമുള്ള ഗതാഗതസംവിധാനമാണ് സമൂഹത്തിന് ആവശ്യം. ഗതാഗത സംവിധാനം ഒരുക്കാനുള്ള പണം കിഫ്ബി വഴിയും ലഭ്യമാകും.
വൈറ്റില മേല്‍പ്പാലത്തിന്റെ നിര്‍മ്മാണ പ്രവര്‍ത്തി 78.36 കോടി രൂപയ്ക്ക് ശ്രീധന്യ കണ്‍സ്ട്രക്ഷന്‍ കമ്പനിയാണ് ഏറ്റെടുത്തിട്ടുള്ളത് സംസ്ഥാന സര്‍ക്കാര്‍ പണിയുന്ന മേല്‍പ്പാലങ്ങള്‍ക്കൊന്നും ടോള്‍ ഉണ്ടായിരിക്കുകയില്ലെന്ന് യോഗത്തില്‍ അദ്ധ്യക്ഷനായ മന്ത്രി ജി സുധാകരന്‍ പറഞ്ഞു. വൈറ്റില മേല്‍പ്പാലത്തിനും ടോള്‍ ഏര്‍പ്പെടുത്തില്ല. വരും വര്‍ഷങ്ങളില്‍ പൊതുമരാമത്ത് വകുപ്പിനായി 10000 മുതല്‍ 15000 കോടി രൂപ വരെ ചെലവഴിക്കുന്ന രീതിയില്‍ ബജറ്റില്‍ മാറ്റം വരുത്തുമെന്ന് മുഖ്യാതിഥിയായ ധനമന്ത്രി ടി.എം. തോമസ് ഐസക് പറഞ്ഞു.
കെ.വി. തോമസ് എംപി, എംഎല്‍എമാരായ എം. സ്വരാജ്, കെ.ജെ. മാക്സി, ഹൈബി ഈഡന്‍, ജോണ്‍ ഫെര്‍ണാണ്ടസ്, ജില്ലാ കളക്ടര്‍ മുഹമ്മദ് വൈ. സഫീറുള്ള, ജിസിഡിഎ ചെയര്‍മാന്‍ സി.എന്‍. മോഹനന്‍, കൊച്ചി ഡെപ്യൂട്ടി മേയര്‍ ടി.ജെ. വിനോദ്, മുന്‍ എംപി പി. രാജീവ്, പൊതുമരാമത്ത് സെക്രട്ടറി കമലവര്‍ധന റാവു തുടങ്ങിയവര്‍ പങ്കെടുത്തു. ചിലസംഘടനകള്‍ വൈറ്റില മേല്‍പ്പാലത്തിന്റെ പുതിയ രൂപരേഖയില്‍ ആശങ്ക അറിയിച്ച് രംഗത്തു വന്നിട്ടുണ്ട്.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.