ദേശീയ ദുരന്തം പ്രഖ്യാപനം മിഥ്യ; ആവശ്യം രാഷ്ട്രീയം

Tuesday 12 December 2017 2:50 am IST

തിരുവനന്തപുരം: ഓഖി നാശനഷ്ടം ദേശീയ ദുരന്തമായി പ്രഖ്യാപിക്കണമെന്നാണ് സംസ്ഥാന സര്‍ക്കാരിന്റെ ആവശ്യം. ഈ ആവശ്യം ഉന്നയിച്ച് ലത്തീന്‍ കത്തോലിക്ക സഭ രാജ്ഭവന് മുന്നില്‍ സമരവും നടത്തി. സാദ്ധ്യമാകാത്ത ആവശ്യമാണിതെന്ന് അറിഞ്ഞുകൊണ്ടുതന്നെയാണിതെല്ലാം.
പ്രകൃതിക്ഷോഭങ്ങളെ ദേശീയ ദുരന്തങ്ങളായി പ്രഖ്യാപിക്കാറില്ല. അവ ദേശീയ ദുരന്തങ്ങളായി വിലയിരുത്തി നഷ്ടപരിഹാരവും പുനരധിവാസവും നല്കുകയാണ് രീതി.

ഗുജറാത്ത് ഭൂകമ്പം, സുനാമി എന്നിവയുള്‍പ്പെടെ രാജ്യം കണ്ട വലിയ പ്രകൃതിക്ഷോഭങ്ങളെ ദേശീയദുരന്തമായി പ്രഖ്യാപിച്ചിട്ടില്ല. എന്നാല്‍ ദേശീയ ദുരന്തമായി കണക്കാക്കി നടപടി സ്വീകരിച്ചു.ദേശീയദുരന്തമായി പ്രഖ്യാപിച്ചതുകൊണ്ട് പ്രയോജനവുമില്ല. ഇക്കാര്യം മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ ചേര്‍ന്ന ഉന്നതതല യോഗത്തില്‍ കേന്ദ്രമന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനം വ്യക്തമാക്കിയിരുന്നു. ബിഷപ്പുമാരെയും ബോധ്യപ്പെടുത്തി.

ഇരയാകുന്നവര്‍ക്ക് ധനസഹായം നല്‍കാനും നാശനഷ്ടങ്ങള്‍ക്ക് നഷ്ടപരിഹാരം നല്‍കാനും രണ്ടു നിധിയാണ്, ദേശീയ ദുരിതനിവാരണനിധിയും സംസ്ഥാന ദുരിത നിവാരണനിധിയും. ഇവയില്‍ നിന്ന് പണം ലഭിക്കാന്‍ പ്രഖ്യാപനത്തിന്റെ ആവശ്യമില്ല. സംസ്ഥാന സര്‍ക്കാര്‍ നല്‍കുന്ന റിപ്പോര്‍ട്ടുകളുടെ അടിസ്ഥാനത്തില്‍ പണം അനുവദിക്കും. ചീഫ് സെക്രട്ടറി അധ്യക്ഷനായ സമിതിയാണ് ശുപാര്‍ശ നല്‍കേണ്ടത്. രണ്ടുഗഡുക്കളായി പണം നല്‍കും.

സംസ്ഥാനനിധിയെന്നാണ് പേരെങ്കിലും 75 ശതമാനം തുകയും കേന്ദ്രമാണ് നല്‍കുക. ദേശീയ നിധിയാകുമ്പോള്‍ 100 ശതമാനം സഹായവും കേന്ദ്രം വഹിക്കും. നാശനഷ്ടത്തിന്റെ കണക്ക് കേന്ദ്ര സംഘം പരിശോധിച്ച് ആഭ്യന്തരസെക്രട്ടറിക്ക് റിപ്പോര്‍ട്ട് നല്‍കും. ധനകാര്യം, കൃഷി, ആഭ്യന്തരം എന്നീ മന്ത്രിമാരടങ്ങുന്ന ഉന്നതതലസമിതി ശുപാര്‍ശ അംഗീകരിച്ച് ദേശീയനിധി അനുവദിക്കും.

ദേശീയ ദുരന്തം എന്ന നിലയിലാണ് ഓഖി ചുഴലിക്കാറ്റുള്‍പ്പെടെയുള്ളതിനെ കണക്കാക്കുന്നത്. രക്ഷാപ്രവര്‍ത്തനങ്ങള്‍ക്കുള്‍പ്പെടെ കേന്ദ്രം ഇടപെട്ടതും അതിനാലാണ്. ഈ വര്‍ഷം 19 സംഭവങ്ങളെയാണ് ദേശീയ ദുരന്തങ്ങളായി കണക്കാക്കിയിരിക്കുന്നത്(പ്രഖ്യാപിച്ചിട്ടില്ല).
കാര്യം നടത്തണമെന്ന് വാശിപിടിക്കുന്നതിന് പിന്നില്‍ രാഷ്ട്രീയം മാത്രം. പുറ്റിങ്ങല്‍ വെടിക്കെട്ട് ദുരന്തമുണ്ടായപ്പോള്‍ അതിനെയും ദേശീയ ദുരന്തമാക്കണമെന്ന ആവശ്യമുണ്ടായി. മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ നിര്‍ദേശപ്രകാരം റവന്യൂസെക്രട്ടറി കേന്ദ്രത്തിന് കത്തുമെഴുതി. മനുഷ്യനിര്‍മ്മിതമായതിനാല്‍ പുറ്റിങ്ങല്‍ വെടിക്കെട്ട് ദുരന്തത്തിന് ദുരിത നിവാരണനിധിയില്‍ നിന്ന് പണം ലഭിച്ചിരുന്നില്ല.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.