രണ്ടു മൃതദേഹങ്ങള്‍ കണ്ടെത്തി; 111 പേര്‍ തിരിച്ചെത്തി

Tuesday 12 December 2017 2:53 am IST

ഓഖി കടല്‍ ക്ഷോഭത്തില്‍ കാണാതായ സേവ്യറിന്റെ സഹോദരി മറിയാമ്മ അദ്ദേഹത്തിന്റെ ചിത്രവുമായി, ലത്തീന്‍ അതിരൂപതയുടെ നേതൃത്വത്തില്‍ സംഘടിപ്പിച്ച രാജ്ഭവന്‍ മാര്‍ച്ചില്‍ പങ്കെടുത്തപ്പോള്‍ ( വി.വി അനൂപ്)

പള്ളുരുത്തി: ഓഖി ചുഴലിക്കാറ്റിനെ തുടര്‍ന്ന് കടലില്‍ കാണാതായ 111 പേര്‍ കൂടി ഇന്നലെ കൊച്ചിയില്‍ തിരിച്ചെത്തി. 13 ബോട്ടുകളും കരയ്‌ക്കെത്തി. ഇതോടെ തിരിച്ചെത്തിയ ബോട്ടുകളുടെ എണ്ണം 213 ആയി.

ഇതുവരെ 2312 മത്സ്യത്തൊഴിലാളികള്‍ തിരിച്ചെത്തി. 23 ബോട്ടുകളാണ് ഇനി തിരിച്ചെത്താനുള്ളത്. ഇന്നലെ രാവിലെയും രാത്രിയുമായി രണ്ട് മൃതദേഹങ്ങള്‍ കൂടി കോസ്റ്റ് ഗാര്‍ഡ് കണ്ടെത്തി. ഇതുള്‍പ്പെടെ രണ്ട് മൃതദേഹങ്ങള്‍ ജനറല്‍ ആശുപത്രിയിലും രണ്ട് മറ്റു രണ്ടെണ്ണം തൃപ്പൂണിത്തുറ താലൂക്ക് ആശുപത്രിയിലും ഒരു മൃതദേഹം ആലുവ താലൂക്ക് ആശുപത്രിയിലുമാണ് സൂക്ഷിച്ചിരിക്കുന്നത്. ആകെ എട്ട് മൃതദേഹങ്ങളാണ് കൊച്ചിയില്‍ ഇതുവരെ കിട്ടിയത്. ഇതില്‍ രണ്ടെണ്ണമാണ് തിരിച്ചറിഞ്ഞിട്ടുള്ളതെന്ന് ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്ന ജോയിന്റ് ഓപ്പറേഷന്‍സ് സെന്റര്‍ അറിയിച്ചു.

ഇതിനിടെ, പുലിമുട്ടോടുകൂടിയ കടല്‍ഭിത്തി നിര്‍മ്മിക്കണമെന്നാവശ്യപ്പെട്ട് ഒരുവിഭാഗം മത്സ്യത്തൊഴിലാളികള്‍ തോപ്പുംപടി ബിഒടി പാലം ഉപരോധിച്ചു. രണ്ടുമണിക്കൂറോളം ഗതാഗതം മുടങ്ങി. ആംബുലന്‍സ് തടഞ്ഞത് സംഘര്‍ഷത്തിനിടയാക്കി. വൈദികരടക്കം ആയിരത്തോളം പേര്‍ക്കെതിരെ പോലീസ് കേസെടുത്തു.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.