കയര്‍ ഭൂവസ്ത്ര വിതാനം പദ്ധതിക്ക് ജില്ലയില്‍ തുടക്കമായി

Monday 11 December 2017 10:46 pm IST

കണ്ണൂര്‍: തദ്ദേശ സ്ഥാപനങ്ങളിലെ ജലംമണ്ണ് സംരക്ഷണ പ്രവര്‍ത്തനങ്ങള്‍ക്കായി കയര്‍ ഭൂവസ്ത്രം ഉപയോഗിക്കുന്ന പദ്ധതിയുടെ ജില്ലാതല ഉദ്ഘാടനം മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളി നിര്‍വഹിച്ചു. ചെറുകുന്ന് പഞ്ചായത്തിലെ മുട്ടില്‍പള്ളിക്കര പട്ടികജാതി കോളനിയിലെ കൃഷിസ്ഥലത്ത് ഉപ്പുവെള്ളം കയറുന്നത് തടയാന്‍ ബണ്ട് നിര്‍മിച്ച് കയര്‍ ഭൂവസ്ത്രം വിരിച്ച് സംരക്ഷിക്കുന്ന പദ്ധതിക്ക് തുടക്കം കുറിച്ചുകൊണ്ടായിരുന്നു ജില്ലാതല ഉദ്ഘാടനം. കയര്‍ വികസനവകുപ്പും മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയും ചെറുകുന്ന് ഗ്രാമപഞ്ചായത്തും സംയുക്തമായാണ് പരിപാടി സംഘടിപ്പിച്ചത്.
മണ്ണിടിയുന്നത് തടയാന്‍ കോണ്‍ക്രീറ്റ് കെട്ടുന്നതിനു പകരമായാണ് കയര്‍ ഭൂവസ്ത്രം ഉപയോഗിച്ച് ഭിത്തി ഉറപ്പിക്കുന്നത്. കയര്‍ വസ്ത്രം പിടിച്ചുനിര്‍ത്താന്‍ മുളയാണികളാണ് ഉപയോഗിക്കുക. ഇതിനുമുകളില്‍ ഓരോ പ്രദേശത്തും അനുയോജ്യമായ പുല്ലോ ചെടിയോ നട്ടുപിടിപ്പിക്കുന്നതോടെ പരിസ്ഥിതി സൗഹൃമായിത്തന്നെ ഇത്തരം പ്രവര്‍ത്തനങ്ങള്‍ നടത്താനാവും. പ്രകൃതി സംരക്ഷണത്തോടൊപ്പം കയര്‍ വ്യവസായത്തെ ശക്തിപ്പെടുത്തുക കൂടിയാണ് ഈ പദ്ധതിയിലൂടെ സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്.
ചടങ്ങില്‍ പഞ്ചായത്ത് പ്രസിഡന്റ് പി.കെ.ഹസ്സന്‍ കുഞ്ഞി മാസ്റ്റര്‍, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വി.വി.പ്രീത, പഞ്ചായത്ത് പ്രസിഡന്റുമാരായ കെ.വി രാമകൃഷ്ണന്‍, ഇ.പി.ഓമന, കെ.ശ്യാമള, ഡി.വിമല തുടങ്ങിയവര്‍ സംബന്ധിച്ചു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.