മുത്തലാഖിന് ഇരയായ യുവതി ജീവിക്കാനായി പോരാടുന്നു

Tuesday 12 December 2017 2:30 am IST

 

ആലപ്പുഴ: മുത്തലാഖിന് ഇരയായി ജീവിതം മുന്നോട്ടു നയിക്കാന്‍ പോരാടുന്ന യുവതിയ്ക്ക് സഹായവുമായി ജില്ലാ കളക്ടര്‍. തുറവൂര്‍ പാട്ടുകുളങ്ങര കോട്ടയ്ക്കല്‍ ഷെരീഫ മന്‍സിലില്‍ നിഷയുടെ പരാതിയില്‍ നിയമസഹായം നല്‍കാന്‍ വിമന്‍സ് പ്രൊട്ടക്ഷന്‍ ഓഫിസറെ കളക്ടര്‍ ടി.വി. അനുപമ ചുമതലപ്പെടുത്തി.

കുടുംബക്കോടതി അനുവദിച്ച നഷ്ടപരിഹാരവും ജീവനാംശവും നല്‍കണമെന്നാണ് നിഷയുടെ ആവശ്യം. മൂന്നു മക്കളുമായി നിഷ പള്ളിക്കുമുമ്പില്‍ സമരം നടത്തിയതോടെയാണ് പ്രശ്‌നം ചര്‍ച്ചയായത്. നിഷയുടെ ബാപ്പ മരിച്ചു. പ്രായമായ ഉമ്മയ്‌ക്കൊപ്പമാണ് താമസം. ജോലിയില്ല. മൂത്തമോള്‍ക്ക് 11 വയസ്. എട്ടും ആറും വയസ്സുണ്ട് ഇളയ കുട്ടികള്‍ക്ക്.

കഴിഞ്ഞ ദിവസം വൈകിട്ട് വടക്കനാര്യാട് മുസ്ലിംപള്ളിക്കു മുമ്പില്‍ നിഷ സത്യഗ്രഹം തുടങ്ങിയത്. അര്‍ദ്ധരാത്രിയായിട്ടും പള്ളിക്കാര്‍ തിരിഞ്ഞു നോക്കാതായതോടെ സമീപത്തുള്ള മണ്ണഞ്ചേരി കിഴക്കേ മഹല്ല് ജനറല്‍ സെക്രട്ടറി ടി. ഷാജി, പൊതുപ്രവര്‍ത്തകനായ ബി. അനസും ചര്‍ച്ച നടത്താമെന്ന് ഉറപ്പ് നല്‍കിയാണ് നിഷയെ സമരത്തില്‍നിന്ന് പിന്തിരിപ്പിച്ചത്.

തന്നെ മൂന്നു തലാഖുകള്‍ പെട്ടെന്നു ചൊല്ലി മൊഴി ചൊല്ലുകയായിരുന്നെന്ന് നിഷ പറഞ്ഞു. ജീവനാംശം നല്‍കണമെന്ന പരാതിയില്‍ കുടുംബക്കോടതി ഇടപെട്ടതാണ്. 15 ലക്ഷം രൂപയും പ്രതിമാസം 8,000 രൂപവീതവും നല്കണമെന്നായിരുന്നു വിധി. ഇതു പാലിക്കാതെ ഭര്‍ത്താവ് ഷിഹാബ് ഹൈക്കോടതിയില്‍ കേസു നല്‍കി. ഇതിനിടെ നടപടി ക്രമങ്ങള്‍ പാലിക്കാതെയാണ് ഷിഹാബ് തലാഖ് ചൊല്ലിയത്.

മതനിയമങ്ങള്‍ പോലും ലംഘിച്ച് ആര്യാട് മഹല്ല് ഷിഹാബിന് രണ്ടാംകല്യാണം നടത്തിക്കൊടുത്തു. കോടതിയില്‍ ജീവനാംശം കൊടുക്കാന്‍ കഴിവില്ലെന്നാണ് ഷിഹാബ് അറിയിച്ചത്. ഒന്നാംഭാര്യയ്ക്ക് ചെലവിന് കൊടുക്കാന്‍ കഴിവില്ലാത്തവന്‍ രണ്ടാം വിവാഹം കഴിക്കാന്‍ പാടില്ലെന്നാണ് മതനിയമം അനുശാസിക്കുന്നത്.

2016ലാണ് നിഷയെ മുത്തലാഖ് ചൊല്ലിയത്. അന്ന് മുത്തലാഖ് നിയമവിരുദ്ധമായിരുന്നില്ലെന്ന നിലപാടിലാണ് ഷിഹാബ്. അതിനിടെ പ്രശ്‌നം വിവാദമായതോടെ ഇതര ജമാഅത്ത് കമ്മറ്റി ഭാരവാഹികളുമായി പ്രശ്‌നം ചര്‍ച്ചചെയ്ത് പരിഹരിക്കുമെന്ന് നിലപാടിലാണ് വടക്കനാര്യാട് ജമാഅത്ത്. പ്രശ്‌നത്തിന് ഉടന്‍ പരിഹാരമുണ്ടാകുമെന്ന് ജമാഅത്ത് പ്രസിഡന്റ് ഷുക്കൂറും അറിയിച്ചു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.