ശാസ്ത്രാഭിരുചിയുള്ള പൊതുസമൂഹത്തെ സൃഷ്ടിക്കണം: എ. ജയകുമാര്‍

Tuesday 12 December 2017 11:22 am IST

ജന്മഭൂമിയും സയന്‍സ് ഇന്ത്യ മാഗസിനും സംയുക്തമായി സംഘടിപ്പിക്കുന്ന സംസ്ഥാന ശാസ്ത്രോത്സവത്തിന്റെ സ്വാഗതസംഘം രൂപീകരണയോഗം വിജ്ഞാനഭാരതി ദേശീയ സെക്രട്ടറി ജനറല്‍ എ ജയകുമാര്‍ ഉദ്ഘാടനം ചെയ്യുന്നു. പി രാജശേഖരന്‍, അശോക് കുറുപ്പ് , ടി.ജയചന്ദ്രന്‍ സമീപം.

തിരുവനന്തപുരം: നാടിന്റെ വികസനത്തിനായി ശാസ്ത്രഗവേഷണത്തെയും ശാസ്ത്രപഠനത്തെയും പ്രചാരണത്തെയും ജനകീയവല്‍ക്കരിക്കണമെന്ന് വിജ്ഞാനഭാരതി ദേശീയ സെക്രട്ടറി ജനറല്‍ എ.ജയകുമാര്‍. നിത്യ ജീവിതത്തില്‍ ശാസ്ത്രതത്വങ്ങളുടെ പ്രയോഗങ്ങളെ സന്നിവേശിപ്പിക്കണം. ശാസ്ത്രാഭിരുചിയുള്ള പൊതുസമൂഹത്തെ സൃഷ്ടിക്കേണ്ടതുണ്ട്. ഇതില്‍ ശാസ്ത്രകാരന്മാര്‍, അധ്യാപകര്‍, വിദ്യാര്‍ത്ഥികള്‍, വിദ്യാലയങ്ങള്‍, കലാലയങ്ങള്‍, സര്‍വ്വകലാശാലകള്‍, ശാസ്ത്രസാങ്കേതിക സ്ഥാപനങ്ങള്‍ എന്നിവക്ക് വലിയ പങ്കാണ് വഹിക്കാനുള്ളത്. മാധ്യമങ്ങളുടെ പങ്കും ചെറുതല്ലെന്ന് അദ്ദേഹം പറഞ്ഞു.

ജന്മഭൂമിയും വിജ്ഞാനഭാരതി സംരംഭമായ സയന്‍സ് ഇന്ത്യ മാഗസിനും സംയുക്തമായി സംഘടിപ്പിക്കുന്ന സംസ്ഥാന ശാസ്‌ത്രോത്സവത്തിന്റെ സ്വാഗതസംഘം രൂപീകരണയോഗം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു ജയകുമാര്‍. ഭാരതത്തിന്റെ മഹത്തായ ശാസ്ത്രപാരമ്പര്യത്തെയും ആധുനികനേട്ടങ്ങളെയും സമൂഹത്തിനു മുന്നില്‍ അവതരിപ്പിക്കണം. മാനവസമൂഹത്തിന്റെ നന്മക്കായി ശാസ്ത്രരംഗത്ത് നടത്തുന്ന പരിശ്രമങ്ങളും നേട്ടങ്ങളും വിവിധ പരിപാടികളും സാധാരണജനങ്ങളില്‍ എത്തിക്കേണ്ടതുണ്ട്. ശാസ്ത്രത്തിന്റെ വികസനത്തെക്കുറിച്ചും വികസനത്തിലെ ശാസ്ത്രത്തെക്കുറിച്ചും സംവദിക്കാനും പുതിയ സാങ്കേതികവിദ്യകളെ പ്രയോജനപ്പെടുത്താനും കഴിയണം.

ഭാരതം വികസനത്തിന്റെ കുതിപ്പിലാണ്. ലോകത്തിനു തന്നെയുള്ള വികസനമാതൃകയുടെ അടിസ്ഥാനം ഭാരതീയ ചിന്തയാണെന്ന് ലോകം അംഗീകരിക്കുന്നു. ശുദ്ധവായുവും ശുദ്ധമായ വെള്ളവും നല്ല ഭക്ഷണം വിളയിക്കുന്ന ജൈവസമ്പുഷ്ടമായ മണ്ണും തിരിച്ചുനല്‍കാന്‍ ശാസ്ത്രത്തെ എങ്ങനെ പ്രയോജനപ്പെടുത്താം എന്നാണ് ഇന്നത്തെ ഏറ്റവും വലിയ ചിന്തയാകേണ്ടത്. ഭാരതത്തിന്റെ വികസനക്കുതിപ്പ് സുദൃഢമാകണമെങ്കില്‍ ഭാരതത്തിലെ വിഭവസമൃദ്ധിയെയും മനുഷ്യശക്തിയെയും ശാസ്ത്രീയമായി പ്രയോജനപ്പെടുത്തണം – ജയകുമാര്‍ പറഞ്ഞു.

ജന്മഭൂമി ഡയറക്ടര്‍ ജയചന്ദ്രന്‍ അധ്യക്ഷം വഹിച്ചു. ടി.വി പ്രസാദ് ബാബു, പി.രാജശേഖരന്‍, അശോക് കുറുപ്പ് എന്നിവര്‍ സംസാരിച്ചു. വിപുലമായ സ്വാഗതസംഘത്തിന് രൂപം നല്‍കി.
ജനുവരി 5,6,7 തീയതികളില്‍ സര്‍വോദയ വിദ്യാലയത്തിലാണ് ശാസ്‌ത്രോത്സവം നടക്കുക. മേഖലാ തലത്തില്‍ വിജയച്ച കുട്ടികളുടെ കണ്ടുപിടുത്തങ്ങള്‍ മത്സരത്തിനെത്തും.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.