കമ്മാരന്‍ പുതു തലമുറയ്ക്ക് ഉത്തമ മാര്‍ഗദര്‍ശി

Tuesday 12 December 2017 9:54 am IST

 

തിരുവനന്തപുരം: ജീവിതം മുഴുവന്‍ സാമൂഹ്യ-രാഷ്ട്രീയ പ്രവര്‍ത്തനത്തിന് ഉഴിഞ്ഞു വെച്ച വ്യക്തിത്വമായിരുന്നു അന്തരിച്ച ബിജെപി നേതാവ് മടിക്കൈ കമ്മാരന്റേതെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍.

സോഷ്യലിസ്റ്റ് പ്രസ്ഥാനത്തിലൂടെ പൊതുജീവിതം ആരംഭിച്ച മടിക്കൈ കമ്മാരന്‍ ജനസംഘത്തില്‍ പ്രവര്‍ത്തിച്ചു.തുടര്‍ന്ന് ബി.ജെ.പിയുടെ കാസര്‍ഗോഡ് ജില്ലയുടെ ആദ്യ പ്രസിഡന്റായി. തുടര്‍ന്ന്‌സംസ്ഥാന വൈസ് പ്രസിഡന്റ്,നിലവില്‍ ദേശീയ കൗണ്‌സില്‍ അംഗം എന്നീ നിലകളില്‍ ബി.ജെ.പിയുടെ വളര്‍ച്ചയ്ക്ക് സ്തുത്യര്‍ഹമായ സംഭാവനകള്‍ അദ്ദേഹം നല്‍കി.കാസര്‍ഗോഡ് ജില്ലയുടെ രൂപീകരണത്തിന് വേണ്ടി സത്യാഗ്രഹ സമരത്തിന് നേതൃത്വം നല്‍കിയിരുന്നു.

കാഞ്ഞങ്ങാട്ടെ ഒരു ദരിദ്ര കുടുംബത്തില്‍ ജനിച്ച കമ്മാരന്‍ ജീവിതാവസാനം വരെ അങ്ങനെ തുടര്‍ന്നെങ്കിലും ആശയപരമായി ഏറെ സമ്പന്നനായിരുന്നു. ജനകീയ പ്രശ്‌നങ്ങള്‍ കണ്ടെത്തി അവയെ പൊതുസമൂഹത്തിന്റെ ശ്രദ്ധയില്‍ കൊണ്ടു വരുന്നതില്‍ കമ്മാരേട്ടന് പ്രത്യേക കഴിവുണ്ടായിരുന്നു. മാത്രവുമല്ല അവയുടെ പരിഹാരത്തിനായി നിരന്തരം പോരാടാനും അദ്ദേഹം ശ്രദ്ധാലുവായിരുന്നു.

എല്ലാവരോടും വലിപ്പ ചെറുപ്പമില്ലാതെ പെരുമാറിയിരുന്ന കമ്മാരേട്ടന്റെ വ്യക്തിപ്രഭാവം രാഷ്ട്രീയത്തിന് അതീതമായിരുന്നു. തികഞ്ഞ ജനാധിപത്യ വിശ്വാസിയായിരുന്ന കമ്മാരന്‍ തനിക്ക് ശരിയെന്ന് തോന്നുന്ന അഭിപ്രായങ്ങള്‍ ഏത് വേദിയിലും സങ്കോചമില്ലാതെ വെട്ടിത്തുറന്ന് പറയുകയും ചെയ്തിരുന്നു. അതേസമയം പിശക് ബോധ്യപ്പെട്ടാന്‍ അത് അംഗീകരിക്കാനും തിരുത്താനും ഒട്ടും മടി കാണിക്കുകയുമില്ലായിരുന്നു.

പൊതു വേദികളിലെ അദ്ദേഹത്തിന്റെ ചാട്ടുളിപോലുള്ള പ്രയോഗങ്ങള്‍ രാഷ്ട്രീയ എതിരാളികളുടെ പോലും ശ്രദ്ധയാകര്‍ഷിച്ചിരുന്നു. അദ്ദേഹത്തിന്റെ വിയോഗം ബിജെപിക്ക് മാത്രമല്ല പൊതു സമൂഹത്തിനും രാഷ്ട്രീയ കേരളത്തിനും വലിയ നഷ്ടമാണ്. തികച്ചും ലളിതവും ആദര്‍ശനിഷ്ടവുമായ ജീവിതം നയിച്ച ശ്രീ മടിക്കൈ കമ്മാരന്‍ പുതിയ തലമുറയ്ക്ക് ഒരു ഉത്തമ മാര്‍ഗദര്‍ശിയാണ്.അദ്ദേഹത്തിന്റെ ആത്മാവിനു നിത്യശാന്തി നേരുന്നു…

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.