ചീങ്കണ്ണിപ്പാലിയിലെ തടയണയുമായി ബന്ധമില്ലെന്ന് പി.വി അന്‍‌വര്‍

Tuesday 12 December 2017 4:11 pm IST

കോഴിക്കോട്: ചീങ്കണ്ണിപ്പാലിയില്‍ അനധികൃതമായി നിര്‍മിച്ചെന്നു പറയപ്പെടുന്ന തടയണയുമായി തനിക്ക് യാതൊരു ബന്ധവുമില്ലെന്ന് നിലമ്പൂര്‍ എം‌എല്‍‌എ പി.വി.അന്‍വര്‍. തടയണയുടെ ഉടമസ്ഥന്‍ താനല്ലാത്ത പക്ഷം അത് തനിക്കെങ്ങനെ പൊളിക്കാനാകുമെന്നും എം‌എല്‍‌എ ചോദിക്കുന്നു.

ചീങ്കണ്ണിപ്പാലയില്‍ നിര്‍മിച്ച തടയണ പൊളിക്കണമെന്ന് ദുരന്തനിവാരണ സമിതി ഞായറാഴ്ച നിര്‍ദേശം നല്‍കിയിരുന്നു. രണ്ടാഴ്ചയ്ക്കകം തടയണ പൊളിക്കണമെന്നാണ്ഉത്തരവ് നല്‍കിയത്. ഇതിനോട് പ്രതികരിക്കുകയായിരുന്നു അന്‍‌വര്‍. അതിന്റെ ഉടമസ്ഥര്‍ ആരാണോ അവര്‍ പൊളിക്കട്ടെയെന്നും എം‌എല്‍‌എ പറഞ്ഞു.

ചെറുകിട ജലസേചന വകുപ്പിനാണ് തടയണ പൊളിക്കാനുള്ള ചുമതല. സ്ഥലം ഉടമസ്ഥന്‍ ഇതിനുള്ള ചെലവ് വഹിക്കണമെന്നും നിര്‍ദേശമുണ്ടായിരുന്നു. തടയണ സ്ഥലമുടമസ്ഥന്‍ പൊളിച്ചു മാറ്റാത്ത പകഷം ജില്ലാ ഭരണകൂടം ഇടപെടുമെന്നും ദുരന്തനിവാരണ സമിതി അറിയിച്ചിരുന്നു. എംഎല്‍എയുടെ ഭാര്യാപിതാവിന്റെ സ്ഥലത്താണ് തടയണ നിര്‍മിച്ചിരിക്കുന്നത്.

തടയണ തകര്‍ന്നാല്‍ സമീപത്ത് താമസിക്കുന്നവര്‍ക്ക് അപകടം ഉണ്ടാകാനുള്ള സാധ്യതകൂടി കണക്കിലെടുത്താണ് കളക്ടറുടെ നടപടി. ഉത്തരവിനെതിരെ ഹൈക്കോടതിയെ സമീപിക്കാനാണ് എംഎല്‍എയുടെ ബന്ധുക്കളുടെ നീക്കം. എട്ടേക്കര്‍ സ്ഥലത്തെ കുളത്തിന് ആഴം കൂട്ടുക മാത്രമാണ് ചെയ്തതെന്നാണ് ബന്ധുക്കളുടെ വാദം. പെരിന്തല്‍മണ്ണ ആര്‍ഡിഒ തങ്ങള്‍ക്ക് പറയാനുള്ളത് കേട്ടില്ല. ഹിയറിങ്ങിനു വിളിക്കാതെ റിപ്പോര്‍ട്ട് കളക്ടര്‍ക്ക് നല്‍കിയെന്നു ബന്ധുക്കളുടെ പരാതി.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.