ബ്രിക്‌സ് രാജ്യങ്ങളില്‍ റാങ്ക് ഉയര്‍ത്തിയത് ഇന്ത്യ മാത്രം

Tuesday 12 December 2017 6:49 pm IST

ന്യൂദല്‍ഹി: വിദ്യാഭ്യാസ,സാമ്പത്തിക രംഗങ്ങളില്‍ വന്‍ പുരോഗതി കൈവരിച്ചുകൊണ്ട് ഇന്ത്യ അഭിവൃദ്ധിയിലേക്ക് കുതിക്കുന്നതായി റിപ്പോര്‍ട്ട്. 2012 നെ അപേക്ഷിച്ച് ഇന്ത്യയുടെ അഭിവൃദ്ധിയില്‍ വര്‍ധനവുണ്ടായെന്ന് കണക്കുകള്‍ വ്യക്തമാക്കുന്നു.

സൂചിക പ്രകാരം ഇന്ത്യ ചൈനയുടെ അഭിവൃദ്ധിക്ക് സമീപമെത്തി എന്നാണ് കണക്കുകള്‍. 2016 മുതല്‍ ഇന്ത്യയുടെ അഭിവൃദ്ധി വര്‍ധിച്ചിട്ടുണ്ടെന്നും ചൈനയുമായുള്ള അന്തരം കുറയ്ക്കാന്‍ സാധിച്ചുവെന്നും ഇതില്‍ പറയുന്നു.

ലണ്ടന്‍ ആസ്ഥാനമായ ലെഗാതം ഇന്‍സ്റ്റിറ്റ്യൂട്ടാണ് റിപ്പോര്‍ട്ട് തയ്യാറാക്കിയിരിക്കുന്നത്. ഇതു പ്രകാരം നിലവില്‍ ബ്രിക്സ് രാജ്യങ്ങളില്‍ ഇന്ത്യ മാത്രമാണ് റാങ്ക് ഉയര്‍ത്തിയിട്ടുള്ളത്. ബാങ്ക് അക്കൗണ്ടുകളുള്ളവരുടെ എണ്ണം വര്‍ധിച്ചത്, ഭരണ മികവ്, നിയമ നിര്‍മാണങ്ങള്‍, വ്യവസായിക അന്തരീക്ഷം മെച്ചപ്പെട്ടത് തുടങ്ങിയവയാണ് ഇന്ത്യയുടെ പുരോഗതിക്ക് കാരണമെന്ന് ലെഗാതം സൂചികയില്‍ പറയുന്നു.

വിദ്യാഭ്യാസത്തിലും സാമ്പത്തികത്തിലും ഇന്ത്യ കാര്യമായ പുരോഗതി കൈവരിച്ചുവെന്നും ഇന്ത്യയിലെ കൂടുതല്‍ ആളുകള്‍ക്കും തങ്ങളുടെ വരുമാനത്തില്‍ സംതൃപ്തിയുണ്ടെന്നും സൂചികയില്‍ പറയുന്നു

വ്യവസായം, വിദ്യാഭ്യാസം, ആരോഗ്യം, സുരക്ഷ, വ്യക്തി സ്വാതന്ത്ര്യം തുടങ്ങി ഒമ്പതോളം രംഗങ്ങളിലെ പുരോഗതിയാണ് ലെഗാതം റിപ്പോര്‍ട്ടിനായി കണക്കാക്കുന്നത്.

2016 ല്‍ 104-ാം സ്ഥാനത്തായിരുന്നു സൂചികയില്‍ ഇന്ത്യ. എന്നാല്‍ 2017 ല്‍
നാലുപോയിന്റ് ഉയര്‍ന്ന് നൂറാം സ്ഥാനത്തെത്തി. ചൈനക്ക് തൊണ്ണൂറാം സ്ഥാനമാണുള്ളത്. സൂചികയില്‍ ഇന്ത്യയ്ക്ക് പിന്നിലാണ് റഷ്യ, നൂറ്റിയൊന്നാം സ്ഥാനം. അഭിവൃദ്ധിയില്‍ ഒന്നാം സ്ഥാനം നോര്‍വെയ്ക്കാണ്.

റിപ്പോര്‍ട്ടനുസരിച്ച് ചൈനയില്‍ വ്യാപാരത്തില്‍ ഇടിവു രേഖപ്പെടുത്തി. പ്രാഥമിക വിദ്യാഭ്യാസം പൂര്‍ത്തിയാക്കുന്നവരുടെ എണ്ണത്തിലും വലിയ കുറവു സംഭവിച്ചു. റിപ്പോര്‍ട്ടില്‍ ഏറ്റവും പിന്നില്‍ കലാപ കലുഷിതമായ യെമനാണുള്ളത്.

ലണ്ടണ്‍ സ്‌കൂള്‍ ഓഫ് എക്കണോമിക്സ്, ടുഫ്സ് സര്‍വകലാശാല, ബ്രൂക്കിങ് ഇന്‍സ്റ്റിറ്റ്യൂട്ട്, കാലിഫോര്‍ണിയ സര്‍വകലാശാല തുടങ്ങിയ സ്ഥാപനങ്ങളില്‍ നിന്നുള്ള പ്രമുഖരായ അധ്യാപകരാണ് അഭിവൃദ്ധി സൂചിക തയ്യാറാക്കുന്നത്. 2017 ലെ ലെഗാതം അഭിവൃദ്ധി സൂചികയില്‍ 149 രാജ്യങ്ങളാണ് ഉള്ളത്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.