ദോക്‌ലാമില്‍ ചൈന റോഡ് നിര്‍മ്മിച്ചു; ഉപഗ്രഹചിത്രങ്ങള്‍ പുറത്ത്

Tuesday 12 December 2017 8:16 pm IST

ന്യൂദല്‍ഹി: പ്രശ്‌നമേഖലയായ ദോക്‌ലാമില്‍ ചൈന പുതിയ റോഡ് നിര്‍മിച്ചതായി റിപ്പോര്‍ട്ട്. കിഴക്കന്‍ സിക്കിമിലെ പ്രശ്‌നമേഖലയിലാണ് ചൈന പുതിയ റോഡ് നിര്‍മിച്ചിരിക്കുന്നത്. ദേശീയ മാധ്യമമായ എന്‍ഡിടിവിയാണ് ഉപഗ്രഹ ചിത്രങ്ങളുടെ അടിസ്ഥാനത്തില്‍ വാര്‍ത്ത പുറത്തുവിട്ടിരിക്കുന്നത്. ഈ വര്‍ഷം ഇന്ത്യ-ചൈന സൈനികര്‍ മുഖാമുഖം നിന്ന പ്രദേശത്തുനിന്നും വളരെയടുത്താണ് പുതിയ റോഡുകള്‍.

സൈനികര്‍ മുഖാമുഖംനിന്ന സ്ഥലത്തുനിന്നും കിഴക്കായി 4.5 കിലോമീറ്റര്‍ അടുത്തുവരെ ഒരു റോഡ് എത്തിയിരിക്കുന്നു. ഒരു കിലോമീറ്റര്‍ ദൂരമാണ് പുതിയ നിര്‍മാണം നടന്നിരിക്കുന്നത്. അടുത്ത നിര്‍മാണം സംഘര്‍ഷ മേഖലയില്‍നിന്നും കിഴക്ക് 7.3 കിലോമീറ്റര്‍ അകലെയായാണ് നടന്നിരിക്കുന്നത്. ഇവിടെ 1.2 കിലോമീറ്റര്‍ ദൂരമാണ് റോഡ് ദീര്‍ഘിപ്പിച്ചത്.

കഴിഞ്ഞ 13 മാസങ്ങളിലെ ഉപഗ്രഹ ചിത്രങ്ങളുടെ അടിസ്ഥാനത്തിലാണ് നിരീക്ഷണം. കഴിഞ്ഞ ഫെബ്രുവരിക്കു ശേഷമാണ് റോഡ് നിര്‍മാണം നടന്നിരിക്കുന്നതെന്നാണ് എന്‍ഡിടിവി റിപ്പോര്‍ട്ട് പറയുന്നത്. ഒക്ടോബര്‍ 17 നും ഡിസംബര്‍ എട്ടിനും ഇടയിലാണ് അവസാനത്തെ നിര്‍മാണ പ്രവര്‍ത്തികള്‍ നടന്നിരിക്കുന്നതെന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു.

ദോക്‌ലാമില്‍ ചൈന രണ്ടു ഹെലിപാഡ് നിര്‍മിച്ചതായി കഴിഞ്ഞ ദിവസം വാര്‍ത്ത പുറത്തുവന്നിരുന്നു. ഇവിടേക്ക് 1800 സൈനികരെ ചൈന എത്തിക്കുകയും ചെയ്തിരുന്നു.

സിക്കിം-ഭൂട്ടാന്‍-ചൈന അതിര്‍ത്തികള്‍ സംഗമിക്കുന്ന സ്ഥലമാണ് ദോക്‌ലാം. അവിടെ ജൂണില്‍ ചൈനീസ് പട്ടാളം റോഡ് നിര്‍മിക്കുന്നതിനെ ഇന്ത്യ എതിര്‍ത്തിരുന്നു. തുടര്‍ന്ന് 73 ദിവസം ഇന്ത്യയുടെയും ചൈനയുടെയും സൈനികര്‍ മുഖാമുഖം നിന്നു. ചര്‍ച്ചകളെത്തുടര്‍ന്ന് ഓഗസ്റ്റ് 28-ന് ഇരുസേനകളും പിന്മാറി. റോഡ് നിര്‍മാണം നിര്‍ത്തിവയ്പിക്കാന്‍ ഇന്ത്യക്ക് കഴിഞ്ഞിരുന്നു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.