ആത്മാവിന്റെ മാഹാത്മ്യം

Wednesday 13 December 2017 2:30 am IST

ആത്മാവിനെ അറിയാന്‍ വളരെ വിഷമമുണ്ടെങ്കിലും ഉപായത്താല്‍ എളുപ്പം അറിയാന്‍ കഴിയും.നായമാത്മാ പ്രവചനേന ലഭ്യോനമേധയാ ന ബഹുനാ ശ്രുതേനയമേവൈഷ വൃണുതേ തേന ലഭ്യ-സ്തസൈ്യഷ ആത്മാ വിവൃണുതേ തനൂം സ്വാംവേദപഠനം കൊണ്ടോ ബുദ്ധിശക്തികൊണ്ടോ വേദാന്ത ശ്രവണം കൊണ്ടോ ഈ ആത്മാവിനെ ലഭിക്കില്ല. ആത്മാവിനെ പ്രാര്‍ത്ഥിക്കുന്നവനോ ആത്മാവ് അനുഗ്രഹിക്കുന്നവനോ മാത്രം കിട്ടും. ആത്മാവ് സ്വയം തന്റെ പരമാര്‍ത്ഥസ്വരൂപത്തെ വെളിപ്പെടുത്തികൊടുക്കുന്നു.വേദങ്ങളെ പഠിച്ചതുകൊണ്ടോ പഠിപ്പിച്ചതുകൊണ്ടോ ആത്മാവിനെ അറിയാനാകില്ല. ഗ്രന്ഥങ്ങളുടെ അര്‍ത്ഥം ധരിക്കുന്നതിനുള്ള മേധാശക്തി കൊണ്ടോ സാധിക്കില്ല. ഗുരു ഉപദേശം കൂടാതെയുളള പലതരത്തിലുള്ള ശാസ്ത്രജ്ഞാനമുള്ളതിനാലോ ആത്മജ്ഞാനം ലഭിക്കില്ല. ആത്മജ്ഞാനത്തിനായി വ്യാകുലപ്പെടുകയും സാധനകളനുഷ്ഠിക്കുകയും ചെയ്യുന്നയാള്‍ക്ക് മാത്രം സാധിക്കും.

ഗ്രന്ഥപഠനമോ ബുദ്ധിവൈഭവമോ യുക്തിവാദമോ കൊണ്ട് ആത്മജ്ഞാനം കിട്ടുകയില്ലെന്ന് ഉപനിഷത്ത് ഉറക്കെ പറയുന്നു.താന്‍ തന്നെയാണ് ആ ആത്മാവ് എന്ന് ഉറപ്പാകുന്ന ആള്‍ക്ക് ആത്മാവിനെ അറിയാം. അതിന് ശ്രവണ-മനനങ്ങള്‍ വേണ്ടപോലെ ആവണം. കാമനകളില്ലാത്തവനും ആത്മാവിനെതന്നെ പ്രാര്‍ത്ഥിക്കുന്നവനുമായ സാധകന് ആത്മാവിനെ സ്വയം അറിയാനാകും. അറിയാന്‍ ആഗ്രഹിക്കുന്നവന് അധികാരിയായവന് ആത്മ അനുഗ്രഹത്താല്‍ പരമമായ ആത്മതത്ത്വം വെളിപ്പെടും.’യമേവൈഷ വൃണതേ തേന ലഭ്യഃ’ എന്നതിന് മൂന്ന് തരത്തില്‍ അര്‍ത്ഥം കാണാം.1. ആത്മാവും താനും ഒന്നാണെന്ന ബോധമുള്ള സാധകന് മാത്രം ആത്മജ്ഞാനം നേടാനാകും.2. ആത്മാവിനെ വരിക്കുന്നവന്‍ എന്നതിന് ഉറച്ചതും ആത്മാര്‍ത്ഥവുമായ ആഗ്രഹം കൊണ്ടേ ആത്മജ്ഞാനമുണ്ടാകൂ. ആത്മജ്ഞാനം നേടാന്‍ തീവ്ര ദാഹം ഉണ്ടാകണം.3. ആത്മാവ് ആരേ വരിക്കുന്നുവോ അയാള്‍ക്ക് മാത്രമേ അറിയാന്‍ കഴിയൂ.

ആത്മാനുഗ്രഹം നേടാന്‍ ഈശ്വരാനുഗ്രഹം വേണം. ആര്‍ക്കൊക്കെ ആത്മജ്ഞാനം കിട്ടില്ല എന്ന് വീണ്ടും പറയുന്നു.നാവിരതോ ദുശ്ചരിതാ-ന്നാശാന്തോ നാ സമാഹിതഃനാശാന്തമാനസോ വാപിപ്രജ്ഞാനേനൈന മാപ്‌നയാത്ചീത്ത പ്രവര്‍ത്തനങ്ങള്‍ നിര്‍ത്താത്തവരും ഇന്ദ്രിയ മനോനിയന്ത്രണമില്ലാത്തവരും മനശ്ശാന്തിയില്ലാത്തവരുമായവര്‍ക്ക് ജ്ഞാനംകൊണ്ട് ആത്മാവിനെ നേടാനാകില്ല.ശ്രുതിസ്മൃതികളില്‍ വിധിച്ചിട്ടില്ലാത്തതും ചെയ്യരുതെന്ന് പറഞ്ഞിട്ടുള്ളതുമായ കര്‍മ്മങ്ങള്‍ ശരീരംകൊണ്ട് ചെയ്യുന്നതാണ് ദുശ്ചരിതം.

ദുഷ്പ്രവര്‍ത്തനങ്ങള്‍ നിര്‍ത്താത്തവനോ ഇന്ദ്രിയങ്ങളെ അടക്കാത്തവനോ മനസ്സിനെ ഏകാഗ്രമാക്കാത്തവനോ പുണ്യലോകങ്ങള്‍ ഉള്‍പ്പെടെയുള്ള ഫലങ്ങളുടെ ആഗ്രഹത്താല്‍ മനശ്ശാന്തിയില്ലാത്തവനോ ആത്മാവിനെ പ്രാപിക്കാനാവില്ല. ഇവയൊന്നുമില്ലാതെ സദ്ഗുരുവിനെ ആശ്രയിക്കുന്നവന്‍ ബ്രഹ്മജ്ഞാനത്താല്‍ ആത്മാവിനെ നേടും.കര്‍മ്മേന്ദ്രിയങ്ങളേയും ജ്ഞാനേന്ദ്രിയങ്ങളേയും മനസ്സിനേയും നല്ലവണ്ണം നിയന്ത്രിക്കണമെന്ന് ഇതിലൂടെ മനസ്സിലാക്കണം. സദാചാര ജീവിതം നയിക്കാത്തവര്‍ക്ക് ആധ്യാത്മിക സാധനകളെല്ലാം നിഷ്ഫലമാണ്. എത്രയേറെ അറിവുണ്ടായാലും ആചാരശുദ്ധി വളരെ ആവശ്യമാണ്.

ഇന്ദ്രിയ ജയവും മനോനിയന്ത്രണവും സാധകന് അത്യന്താപേക്ഷിതംതന്നെ. അടുത്ത മന്ത്രത്തോടെ ഒന്നാം അധ്യായത്തിലെ രണ്ടാം വല്ലി അവസാനിക്കുന്നു.യസ്യ ബ്രഹ്മ ച ക്ഷത്രം ച ഉഭേ ഭവത ഓദനഃമൃത്യുര്‍യസ്യോപസേചനം ക ഇത്ഥാ വേദ യത്ര സഃബ്രാഹ്മണരും ക്ഷത്രിയരും ആത്മാവിന്റെ അന്നവും മരണം ഒഴിച്ചുകൂട്ടുന്ന കറിയും മാത്രം. അങ്ങനെയുള്ള ആത്മാവിനെ മുന്നേ പറഞ്ഞ മാഹാത്മ്യത്തോടെ എവിടെ ഇരിക്കുന്നുവെന്ന് സാധനാ സമ്പന്നരായവര്‍ അറിയുന്നു. സാധനകളൊന്നുമില്ലാത്ത പ്രാകൃതബുദ്ധിയായ ആര്‍ക്ക് അറിയാന്‍ കഴിയും?എല്ലാ ധര്‍മ്മങ്ങളേയും നിലയ്ക്ക് നിര്‍ത്തുന്ന എല്ലാവര്‍ക്കും രക്ഷയായിട്ടുള്ളതാണ് ബ്രാഹ്മണരും ക്ഷത്രിയരും. ആധ്യാത്മികവും ഭൗതികവുമായ ശക്തിയുടെ പ്രതീകമാണ് ഇവര്‍.

ആത്മാവിന് ആധ്യാത്മിക ശക്തികള്‍ പോലും അന്നമാണ്. ആ ശരീരങ്ങളില്‍ ഇരിക്കുന്ന ആത്മാവ് അതിനെ ഉണ്ണുന്നതിന് സമമാണ്. ഭയങ്ങളില്‍ ഏറ്റവും വലിയ ഭയമായ മരണം ഒഴിച്ചുകറിയാണ്. അന്നത്തിന്റെ സ്ഥാനം പോലുമില്ല മരണത്തിന്. ആത്മജ്ഞാനിക്ക് മരണഭയമില്ല. വര്‍ണ്ണശ്രേഷ്ഠതയോ മരണമോ ഒന്നും ആത്മജ്ഞാനിക്ക് ബാധകമല്ല. ബ്രാഹ്മണ ക്ഷത്രിയാദി വര്‍ണ്ണങ്ങളും മൃത്യുവും കൂടി പരമാത്മാവിലാണ് ലയിക്കുന്നത്. താന്‍ ഈ ശരീരമല്ല, ആത്മാവാണെന്ന് സാക്ഷാത്കരിച്ചവര്‍ മിഥ്യകളെയെല്ലാം മറികടക്കും. അത്രയധികം മാഹാത്മ്യമുണ്ട് ആത്മാവിനും ആത്മജ്ഞാനത്തിനും. സാധനകളില്ലാത്തവര്‍ക്ക് ഇത് മനസ്സിലാക്കാന്‍ കഴിയില്ല. അതിനാല്‍ ആത്മാനുഭൂതിയെ നേടാനുള്ള സാധനയില്‍ മുഴുകാന്‍ ഓരോ സാധകനും വളരെ ശ്രദ്ധിക്കണം.

(തുടരും)

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.