അശ്വതിയുടെ അക്ഷരയാത്രകള്‍

Wednesday 13 December 2017 2:30 am IST

അശ്വതി ശശികുമാര്‍

ഇടുക്കിയുടെ മിടുമിടുക്കി മലയാള കഥയിലെ നാടന്‍ എഴുത്തുകാരി അശ്വതി ശശികുമാര്‍. പുതിയ കാലത്തിന്റെ സമസ്യകളെ പൂരിപ്പിക്കുന്ന കഥകളാണ് അശ്വതിയുടേത്. കൊച്ചു കൊച്ചു വാക്കുകള്‍ ചേര്‍ത്തു വച്ച് ലളിതമായ ഭാഷയില്‍ കഥയെഴുതുന്ന പുതിയ എഴുത്തുകാരിയ്ക്ക് കേന്ദ്രസാഹിത്യ അക്കാദമിയുടെ യുവ പുരസ്‌കാരം ലഭിച്ചു.

‘ജോസഫിന്റെ മണം’ എന്ന 20 ചെറുകഥകള്‍ അടങ്ങിയ സമാഹാരമാണ് പുരസ്‌കാരത്തിന് അര്‍ഹമായത്. ചെറുപ്രായം മുതല്‍ എഴുതിത്തുടങ്ങിയ അശ്വതിയെ പിന്തുണച്ചത് അമ്മ ശ്യാമളയാണ്. അമ്മയില്‍ നിന്നാണ് വായനാശീലം കിട്ടിയത്. അമ്മയുടെ കവിതകളും പ്രസിദ്ധീകരിച്ചിട്ടുണ്ട്. എം.ടിയുടെയും ബഷീറിന്റെയും കഥകളും നോവലുകളുമാണ് പ്രചോദനമായത്. വിവിധ ആനുകാലികങ്ങളിലും കഥകള്‍ പ്രസിദ്ധികരിച്ചിട്ടുണ്ട്.

പ്ലസ്ടൂ വരെ ഇടുക്കിയിലെ സ്‌കൂളിലായിരുന്നു പഠനം. ബിടെക്കിനു പഠിച്ചത് തമിഴ്‌നാട്ടിലാണ്. ഇലക്ട്രിക്കല്‍ എന്‍ജീനിയറിങ്ങിലായിരുന്നു ബിരുദം. ആനന്ദവും ആഘോഷവും നിറഞ്ഞ വഴിയോരക്കാഴ്ചകളല്ല ഇന്നത്തെ പെണ്‍കുട്ടികള്‍ക്ക് പങ്കുവെയ്ക്കാനുള്ളതെന്ന മുന്നറിയിപ്പാണ് അശ്വതിയുടെ കഥകളിലെ പ്രമേയം. പിഞ്ചു കുഞ്ഞില്‍ തുടങ്ങി തൊണ്ണുറുകാരി പോലും സുരക്ഷിതമല്ലാത്ത നാടായി മാറിയിരിക്കുന്നു കേരളം. ആരെയാണ് വിശ്വസിക്കേണ്ടത് എന്ന് അറിയാത്ത അവസ്ഥ. കുട്ടികളെ കുറച്ചു കൂടി ധൈര്യം കൊടുത്ത് വളര്‍ത്താന്‍ കഴിയണം. എന്നാലെ അവര്‍ക്ക് സുരക്ഷിതത്വം ലഭിക്കൂ എന്നാണ് അശ്വതിയുടെ അഭിപ്രായം.

കേരള സാഹിത്യ അക്കാദമിയുടെ ഗീത ഹിരണ്യന്‍ എന്‍ഡോവ്‌മെന്റ് അവാര്‍ഡ്(2015), തുഞ്ചന്‍ സ്മാരക പുരസ്‌കാരം, ഇ.പി.സുഷമ അങ്കണം അവാര്‍ഡ്, കൈരളി അറ്റ്‌ലസ് അവാര്‍ഡ്, വൈക്കം മുഹമ്മദ് ബഷീര്‍ അവാര്‍ഡ്, കാക്കനാടന്‍ പുരസ്‌കാരം, മനോരമ ശ്രീ അവാര്‍ഡ്, വെളിച്ചം മാധ്യമം അവാര്‍ഡ് എന്നിവ ലഭിച്ചിട്ടുണ്ട്. നാനോകാര്‍, പെണ്‍ഡ്രൈവ്, ഒരു ഡെങ്കി പ്രണയം തുടങ്ങിയവയാണ് പ്രധാന കഥകള്‍. പുതിയ സമാഹാരം കണ്ണ് ഉടന്‍ പ്രസിദ്ധീകരിക്കും. എയര്‍ഫോഴ്‌സ് ഉദ്യോഗസ്ഥനായ ഭര്‍ത്താവ് സുനിലിനൊപ്പം ആഗ്രയിലാണ് താമസം.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.