പുതുവത്സരാഘോഷം വീര്യം കൂടിയ ലഹരി ഒഴുകുമെന്ന് റിപ്പോര്‍ട്ട്

Wednesday 13 December 2017 2:05 am IST

കൊച്ചി: ഇത്തവണ കൊച്ചിയിലെ പുതുവത്സരാഘോഷങ്ങളില്‍ വീര്യംകൂടിയ ലഹരിമരുന്നൊഴുകുമെന്ന് പോലീസ് റിപ്പോര്‍ട്ട്. മയക്കുമരുന്ന് ആംപ്യൂളുകള്‍, നൈട്രോ സെപാം ഗുളികകള്‍, എല്‍എസ്ഡി തുടങ്ങിയ ലഹരി മരുന്നുകളാണ് കൊച്ചിയിലെത്തുന്നത്. നഗരം കേന്ദ്രീകരിച്ച് രഹസ്യ റേവ് പാര്‍ട്ടികള്‍ സംഘടിപ്പിക്കുന്നുണ്ടെന്ന് പോലീസിന് വിവരം ലഭിച്ചു.
ബെംഗളുരുവിലും, ഗോവയിലും റേവ് പാര്‍ട്ടികള്‍ നിരോധിച്ചതും കൊച്ചിയില്‍ ഇവയുടെ സാധ്യത വര്‍ദ്ധിപ്പിക്കുന്നു. പുതുവത്സര പാര്‍ട്ടികളില്‍ വിറ്റഴിക്കാനായി എത്തിച്ച മയക്കുമരുന്നുകളുമായി കഴിഞ്ഞ ദിവസം രണ്ടുപേരെ കൊച്ചിയില്‍ നിന്നും പോലീസ് പിടികൂടിയിരുന്നു. രഹസ്യനീക്കത്തിലൂടെയാണ് കന്യാകുമാരി സ്വദേശി കുളച്ച മണിയെന്ന മണികണ്ഠന്‍, നാഗര്‍കോവില്‍ സ്വദേശി സുരേഷ് എന്നിവര്‍ പിടിയിലായത്. ഇവരില്‍ നിന്നും ബ്യുപ്രിനോര്‍ഫിന്‍ ഇനത്തില്‍പ്പെട്ട മുന്നൂറിലധികം മയക്കുമരുന്ന് ആംപ്യൂളുകളും, മുപ്പതോളം നൈട്രോ സെപാം ഗുളികകളും കണ്ടെടുത്തു. കൊച്ചി നഗരം രഹസ്യറേവ് പാര്‍ട്ടികളുടെ ഹബ് ആകാന്‍ സാധ്യതയുണ്ടെന്ന് സിറ്റി പോലീസ് കമ്മീഷ്ണര്‍ എം.പി.ദിനേശിന് രഹസ്യവിവരം ലഭിച്ചിരുന്നു. പുതുവത്സരം പ്രമാണിച്ച് കൊച്ചിയില്‍ വമ്പന്‍ പാര്‍ട്ടികള്‍ക്ക് കോപ്പുകൂട്ടുന്നുവെന്ന വിവരത്തിന്റെ അടിസ്ഥാനത്തില്‍ പോലീസ് നിരീക്ഷണം ശക്തമാക്കിയിരിക്കുകയാണ്.കൊച്ചിയിലെ ഒന്‍പത് കേന്ദ്രങ്ങളില്‍ രഹസ്യ റേവ് പാര്‍ട്ടികള്‍ സംഘടിപ്പിക്കുന്നുണ്ടെന്നാണ് പോലീസിന് ലഭിച്ചിരിക്കുന്ന വിവരം. വന്‍കിട ഹോട്ടലുകളിലും ഫ്‌ളാറ്റുകളിലുമാണ് ലഹരി പൂക്കുന്ന വമ്പന്‍ പാര്‍ട്ടികള്‍ അരങ്ങേറുന്നത്. രണ്ടുദിവസത്തെ പാര്‍ട്ടിയില്‍ പങ്കെടുക്കാന്‍ പലനിരക്കിലുള്ള പാക്കേജുകളും ലഭിക്കും. ലഹരിമരുന്ന് ഉള്‍പ്പെടെയുള്ള എല്ലാ സൗകര്യങ്ങളും ഈ പാക്കേജുകളില്‍ ലഭിക്കും. വാട്ട്‌സ്ആപ്പ്, ഫെയ്‌സ്ബുക്ക് ഗ്രൂപ്പുകളിലൂടെയാണ് പാര്‍ട്ടികളിലേക്കുള്ള ഉപയോക്താക്കളെ കണ്ടെത്തുന്നത്. ഇതിനോടകം നിരവധിപേര്‍ പാര്‍ട്ടിയില്‍ പങ്കെടുക്കാന്‍ പണമടച്ചിട്ടുണ്ടെന്നാണ് പോലീസ് പറയുന്നത്.ലഹരി ഉപയോക്താക്കളുടെ വാട്‌സാപ്പ് ഗ്രൂപ്പുകളില്‍ കയറിപ്പറ്റിയാണ് പോലീസ് വിവരങ്ങള്‍ ശേഖരിക്കുന്നത്. ബ്യൂപ്രിനോര്‍ഫിന്‍ ആംപ്യൂള്‍ അടക്കമുള്ള ലഹരിമരുന്നുകള്‍ അന്യസംസ്ഥാനങ്ങളില്‍ നിന്നാണ് കേരളത്തിലെത്തിക്കുന്നത്. പുതുവത്സരം പ്രമാണിച്ച് കൊച്ചി നഗരത്തില്‍ കൂടുതല്‍ പരിശോധന നടത്തുമെന്ന് പോലീസ് അറിയിച്ചിട്ടുണ്ട്. നഗരത്തിലേക്ക് ലഹരിമരുന്ന് കടത്തുന്നവരെ നിരീക്ഷിച്ചുവരികയാണ്. ലഹരിമരുന്ന് വേട്ടയ്ക്കായി പ്രത്യേക സംഘത്തെയും നിയോഗിച്ചിട്ടുണ്ട്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.