മുഖവുര വേണ്ടാത്ത പോരാളി

Wednesday 13 December 2017 2:30 am IST

ജന്മനാട് നല്‍കിയ ആദരവ് മടിക്കൈ കമ്മാരന്‍ കഥകളിയാചാര്യന്‍ പത്മശ്രീ ഗുരു ചേമഞ്ചേരിയില്‍ നിന്ന് ഏറ്റുവാങ്ങിയപ്പോള്‍

മടിക്കൈ കമ്മാരന്‍ എന്ന ശുഭ്രവസ്ത്രധാരിയുടെ ശ്രദ്ധയും ശ്രമവും സ്പര്‍ശിക്കാത്ത മേഖലയില്ല. ജനകീയ പ്രശ്‌നങ്ങളില്‍ എന്നും മുന്‍പന്തിയിലായിരുന്ന കമ്മാരേട്ടന്‍ വിശ്രമമില്ലാത്ത പോരാളിയുമായിരുന്നു. ഉത്തരകേരളത്തില്‍ മുഖവുര വേണ്ടാത്ത പേരാണ് മടിക്കൈ കമ്മാരന്‍. കൗമാരം വരെ കമ്മ്യൂണിസ്റ്റും തുടര്‍ന്ന് സോഷ്യലിസ്റ്റുമായി. വകതിരിവിലെത്തിയപ്പോള്‍ ജനസംഘത്തിലും ആകൃഷ്ടനായ കമ്മാരേട്ടന്‍ സ്നേഹത്തിന്റെയും ത്യാഗത്തിന്റെയും സേവനത്തിന്റെയും പര്യായമാണ്.

അഗ്‌നിപരീക്ഷണങ്ങളെ അതിജീവിക്കുമ്പോഴാണ് യഥാര്‍ത്ഥ ഉരുക്ക് രൂപംകൊള്ളുക എന്നുപറയാറുണ്ട്. ചെറുപ്പത്തില്‍തന്നെ അത്തരം പരീക്ഷണങ്ങളായിരുന്നു കമ്മാരന്. ഉദ്ദേശ്യശുദ്ധികൊണ്ടും ആദര്‍ശനിഷ്ഠകൊണ്ടും ഉരുക്കുപോലുള്ള വ്യക്തിപ്രഭാവം അദ്ദേഹം നേടിയെടുത്തു. സ്‌കൂള്‍ പഠനകാലത്ത് ചെങ്കൊടി ഏന്തേണ്ടിവന്നത് കാഞ്ഞങ്ങാടിനടുത്തെ മടിക്കൈയിലെ കല്യാണത്ത് മറ്റൊരു കൊടി കാണാനാകാത്തതുകൊണ്ടായിരുന്നു.

ദുര്‍ഗാ സ്‌കൂള്‍ കാഞ്ഞങ്ങാട് പഠനത്തിനെത്തിയപ്പോഴാണ് മറ്റു കൊടികളും നാട്ടിലുണ്ടെന്ന് ബോദ്ധ്യപ്പെട്ടത്. തുടര്‍ന്ന് കാഞ്ഞങ്ങാട് ഒരുകാലത്ത് പ്രബലമായിരുന്ന സോഷ്യലിസ്റ്റ് പ്രസ്ഥാനത്തോടൊട്ടിനിന്നു. നേതാക്കള്‍ക്കായി മുദ്രാവാക്യം വിളിച്ചു, മുഷ്ടി ചുരുട്ടി. ഇതിലൊന്നും കഥയില്ലെന്ന് തിരിച്ചറിഞ്ഞപ്പോള്‍ മുന്നില്‍ തെളിഞ്ഞത് ദീപാങ്കിത ഹരിത പതാകയാണ്. ഭാരതീയ ജനസംഘത്തിന്റെ ദേശസ്നേഹവും സേവന സന്നദ്ധതയും തിരിച്ചറിഞ്ഞതോടെ ഇതാണെന്റെ വഴി എന്ന് കല്യാണത്തെ പാവപ്പെട്ട കര്‍ഷകന്‍ കോരന്റെയും കുംഭയുടെയും അഞ്ചാമത്തെ മകന്‍ തിരിച്ചറിഞ്ഞു. പിന്നെ തിരിഞ്ഞുനോക്കേണ്ടിവന്നില്ല.

മാറിച്ചിന്തിക്കേണ്ട അവസ്ഥയും ഉണ്ടായില്ല. നാലര പതിറ്റാണ്ടുകാലം ഭാരതീയ ജനസംഘത്തിന്റെയും ഭാരതീയ ജനതാപാര്‍ട്ടിയുടെയും ജില്ലാ സംസ്ഥാന നേതൃനിരയില്‍ ആദരണീയ വ്യക്തിത്വമായി.

സോഷ്യലിസ്റ്റ് പ്രസ്ഥാനത്തിന് അധികാരവും ജനപ്രതിനിധികളുമെല്ലാം ഉണ്ടായിരുന്നപ്പോഴാണ് ഒരു പഞ്ചായത്തില്‍പോലും സ്വാധീനമില്ലാത്ത, സമീപകാലത്തെങ്ങും സ്വാധീനമുണ്ടാകുമെന്ന് പ്രതീക്ഷയില്ലാത്ത ജനസംഘത്തെ കമ്മാരന്‍ സ്വയം വരിച്ചത്. അവിഭക്ത കണ്ണൂര്‍ ജില്ലയുടെ ജനസംഘം കാര്യദര്‍ശിയായിരുന്ന എ.വി. രാമകൃഷ്ണനാണ് കമ്മാരനെ ജനസംഘത്തിലേക്ക് ആനയിച്ചത്.

അടിയന്തരവാസ്ഥക്കെതിരെ പോരാട്ടം നയിക്കാന്‍ രഹസ്യ പ്രവര്‍ത്തനത്തില്‍ ഏര്‍പ്പെട്ട കമ്മാരന്‍ കാസര്‍കോട് ബിജെപിയുടെ ആദ്യ ജില്ലാ പ്രസിഡന്റായി. തുടര്‍ന്ന് സംസ്ഥാന സെക്രട്ടറിയും വൈസ് പ്രസിഡന്റുമായി. ദേശീയ സമിതി അംഗമായി. ഉദുമയിലും ഹൊസ്ദുര്‍ഗിലും നിയമസഭാ സ്ഥാനാര്‍ത്ഥിയായിരുന്നിട്ടുണ്ട്.

ശാരീരികമായ ചില അസ്വസ്ഥതകളുണ്ടെങ്കിലും ഈ അവിവാഹിതന്റെ മനസ്സിന് എന്നും പതിനെട്ടിന്റെ ഊര്‍ജസ്വലതയായിരുന്നു. ഇടയ്ക്ക് നാടകനടനായി അരങ്ങു വാണു. കമ്മാരന്റെ ജീവിതം സംഭവബഹുലമാണ്. നേരല്ലാത്ത വഴികളിലൂടെയുള്ള വിജയത്തെക്കാള്‍ തോല്‍വിയാണ് ആദരിക്കപ്പെടുക എന്ന തത്വം മുറുകെപിടിച്ച ഈ പൊതുപ്രവര്‍ത്തകന്‍ സത്യത്തിനും നീതിക്കുമായി മാന്യമായും പരുക്കനായും ഇടപെടാന്‍ പലപ്പോഴും തയ്യാറായി.

ദുഃഖിതനായിരിക്കുമ്പോഴും ചിരിച്ചുകാണുന്ന രാഷ്ട്രീയക്കാരന്‍, അമിതമായ പുകഴ്ത്തലുകളെ അവഗണിക്കുന്ന ജനനായകന്‍, സ്വന്തം കരുത്തും ബുദ്ധിയും നല്ലകാര്യങ്ങള്‍ക്കായി മാത്രം പ്രയോജനപ്പെടുത്തണമെന്ന കാര്‍ക്കശ്യക്കാരന്‍. അങ്ങനെ വിശേഷണങ്ങള്‍ പലതും ചേരുന്ന വ്യക്തിത്വം. നല്ല പ്രവര്‍ത്തനങ്ങളെ പ്രോത്സാഹിപ്പിക്കുകയും പെരുമാറ്റത്തിലെയും പ്രസംഗത്തിലെയും പൊരുത്തക്കേടുകളെ ചൂണ്ടിക്കാട്ടാനും ഒട്ടും മടികാണിക്കാത്ത കമ്മാരന്‍ ആറുപതിറ്റാണ്ടുകാലം ഇടതടവില്ലാതെ ജനങ്ങളുടെ സുഹൃത്തായും നേതാവായും സേവകനായും പ്രവര്‍ത്തിച്ചു.

സോഷ്യലിസ്റ്റ് പ്രസ്ഥാനത്തിലുള്ളപ്പോള്‍ ആര്‍എസ്എസിന്റെയും ജനസംഘത്തിന്റെ കടുത്ത വിമര്‍ശകനായിരുന്നു. ആര്‍എസ്എസിനെ കായികമായിപ്പോലും നേരിടേണ്ടതാണെന്ന് വിശ്വസിച്ചു. പക്ഷേ സത്യം തിരിച്ചറിഞ്ഞപ്പോള്‍ സംഘത്തിന്റെയും ജനസംഘത്തിന്റെയും സംരക്ഷകനായി. രാഷ്ട്രീയത്തിനതീതമായി സൗഹൃദം വിപുലപ്പെടുത്തിയ ഈ ബിജെപി നേതാവ് കാസര്‍ഗോഡ് ജില്ലയിലെ എല്ലാ പാര്‍ട്ടിക്കാര്‍ക്കും കമ്മാരേട്ടനായിരുന്നു.

സ്വന്തം സുഖ സൗകര്യങ്ങളെക്കുറിച്ച് ഒരിക്കലും ചിന്തിച്ചിട്ടില്ലാത്ത ഈ സാമൂഹ്യ പ്രവര്‍ത്തകന്റെ ശ്രമഫലമായാണ് കാഞ്ഞങ്ങാട് ‘മാരാര്‍ജി മന്ദിരം’ ഉയര്‍ന്നത്. തത്വങ്ങളിലും സമരങ്ങളിലും ജ്വലിച്ചുനിന്ന കമ്മാരേട്ടന്‍ പൊതുപ്രവര്‍ത്തകര്‍ക്കെല്ലാം മാതൃകയാണ്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.