കോടിമത പുതിയ പാലം: റോഡ് നിര്‍മ്മാണം വൈകുന്നു

Tuesday 12 December 2017 10:16 pm IST

കോട്ടയം: കോടിമതയിലെ പുതിയ പാലം എന്ന് ഗതാഗതത്തിന് തുറന്നുകിട്ടുമെന്നതാണ് ജനങ്ങളുടെ ചോദ്യം. കൊടൂരാറിന് കുറുകെ എം.സി റോഡില്‍ ഏറ്റവും തിരക്കേറിയ സ്ഥലത്ത് പാലം നിര്‍മ്മിക്കുന്നതിന്റെ ചെലവ് 10 കോടിരൂപ. പണിതുടങ്ങിയിട്ട് രണ്ടു വര്‍ഷവും മൂന്നു മാസവുമായി. പാലം പൂര്‍ത്തിയായി. പക്ഷേ, അപ്രോച്ച് റോഡില്ല. ഇതിനുള്ള നടപടികള്‍ ഒച്ചിഴയുന്ന വേഗത്തിലാണ്.
വിസ്തൃതമായ നാലുവരിപ്പാത കഴിഞ്ഞ് നിരനിരയായി വാഹനങ്ങള്‍ എത്തുന്നത് കുപ്പി കഴുത്തുപോലെ ഇടുങ്ങിയ പാലത്തിലേക്കാണ്. ഇവിടെ തുടങ്ങുകയാണ് കോട്ടയം നഗരത്തിലെ നരകയാത്ര. നിലവിലുള്ള പാലത്തിലുടെ ഇത്രയും വാഹനങ്ങള്‍ക്ക് കടന്നുപോകാന്‍ കഴിയില്ല. അതിന്റെ അടിസ്ഥാനത്തിലാണ് പുതിയ പാലത്തിന്റെ നിര്‍മ്മാണം തുടങ്ങിയത്. പാലം യാഥാര്‍ത്ഥ്യമാകുന്നതിന് ഉണ്ടാകാവുന്ന തടസ്സങ്ങള്‍ തുടക്കത്തിലെ നീക്കം ചെയ്യുന്നതില്‍ ബന്ധപ്പെട്ടവരുടെ ഭാഗത്തുനിന്ന് സംഭവിച്ച പിഴവാണ് ഇരുകരകളെയും ബന്ധിക്കാതെ പാലം നില്‍ക്കേണ്ട സ്ഥിതിവിശേഷം ഉണ്ടാക്കിയത്.
അപ്രോച്ച് റോഡിനുള്ള സ്ഥലത്ത് രണ്ടു വീട്ടുകാരെ പുനരധിവസിപ്പിക്കാന്‍ കഴിയാത്തതാണ് റോഡു പണി നിലയ്ക്കാന്‍ കാരണം. രണ്ടു വീട്ടുകാരെ മാറ്റിപാര്‍പ്പിക്കാന്‍ ആരു മുന്‍കൈയെടുക്കുമെന്നതാണ് പ്രശ്‌നം.
ഭൂമി കെഎസ്ടിപിയുടെത്
നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നത് കെഎസ്ടിപിയുടെ നേതൃത്വത്തിലായതിനാല്‍ ഭൂമി വിട്ടുനല്‍കേണ്ടത് കെഎസ്ടിപിയ്ക്കാണ്. രണ്ടു വീട്ടുകാര്‍ക്കു നല്‍കേണ്ട നഷ്ടപരിഹാര തുകയുടെ ഏതാണ്ട് മുക്കാല്‍ ഭാഗവും നല്‍കിക്കഴിഞ്ഞു. ബാക്കി തുക വീടൊഴിയുമ്പോള്‍ നല്‍കുമെന്ന് ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ പറഞ്ഞു.
സ്ഥലം നല്‍കേണ്ടത്
എസ്സ്‌സി, എസ്ടി വകുപ്പ്
പാലം പൂര്‍ണ്ണമാക്കുന്നതിന് തടസ്സമായി നില്‍ക്കുന്ന രണ്ടുവീട്ടുകാരെ പുനരധിവസിപ്പിക്കാന്‍ സ്ഥലം കണ്ടെത്തേണ്ടത് പട്ടികജാതി,പട്ടിക വര്‍ഗ വകുപ്പാണ്. അനുയോജ്യമായ സ്ഥലം താമസിയാതെ കണ്ടെത്തുമെന്നാണ് വകുപ്പ് ഉദ്യോഗസ്ഥര്‍ പറയുന്നത്.
വകുപ്പുകളുടെ ഏകോപനം ഇല്ല
വിവിധ വകുപ്പുകളുടെ ഏകോപനമില്ലാത്തതാണ് അടിസ്ഥാന പ്രശ്‌നം. രണ്ട് കുടുംബങ്ങളുടെ കാര്യത്തില്‍ സര്‍ക്കാരും,നഗരസഭയും പൊതുമരാമത്ത് വകുപ്പും പട്ടികജാതി, പട്ടികവര്‍ഗ്ഗ വകുപ്പും സംയുക്തമായി പ്രശ്‌നം പരിഹരിക്കാന്‍ ഇടപെടാത്തതാണ് നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ഇഴയാന്‍ കാരണം.
പതിനൊന്ന് മാസം കൊണ്ട് പൂര്‍ത്തിയാകേണ്ട പദ്ധതിയാണ് ഇനിയെന്ന് പൂര്‍ത്തിയാകുമെന്ന ഉറപ്പില്ലാതെ കിടക്കുന്നത്. ഇതിന്റെ പരിണിതഫലം അനുഭവിക്കേണ്ടി വരുന്നത് കോട്ടയം നഗരത്തിലേക്കെത്തുന്ന വാഹന യാത്രക്കാരാണ്. കെഎസ്ടിപിയുടെ ടാറിങ് ജോലികള്‍ പുരോഗമിക്കുന്നതിന്റെ ഭാഗമായുള്ള ഗതാഗതക്കുരുക്കില്‍ ഇപ്പോള്‍ തന്നെ നഗരം വീര്‍പ്പുമുട്ടുകയാണ്. അതിനിടയിലാണ് പാലം പാതിവഴിയില്‍ നില്‍ക്കുന്നത്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.