റോ റോ ഫെറി: വോട്ട് 'കടത്തി' ബിജെപി

Wednesday 13 December 2017 2:51 am IST

 

ദഹേജില്‍നിന്നും റോ റോ (റോള്‍ ഓണ്‍ റോള്‍ ഓഫ്) ഫെറി സര്‍വ്വീസ് ടെര്‍മിനലിലേക്കുള്ള രാവിലത്തെ യാത്രയിലാണ് സൂറത്തിലെ ഇടത്തരം വസ്ത്രവ്യാപാരിയായ അമിത് പട്ടേലിനെ പരിചയപ്പെട്ടത്. ഭാവ്‌നഗര്‍ സ്വദേശിയായ അമിത് നാട്ടിലേക്കുള്ള മടക്കയാത്രയിലാണ്. പ്രത്യേകിച്ച് രാഷ്ട്രീയമൊന്നുമില്ല. ഇത്തവണ വോട്ട് ബിജെപിക്കാണ്. തെരഞ്ഞെടുപ്പ് ചര്‍ച്ചയ്ക്കിടെ ചോദിക്കാതെ അമിത് വ്യക്തമാക്കി. പിന്നാലെ കാരണവും പറഞ്ഞു. അത് ഈ ഫെറി സര്‍വ്വീസ് തന്നെയാണ്.

”ദഹേജില്‍നിന്നും ഖോഖയിലേക്ക് റോഡ് മാര്‍ഗ്ഗം 360 കിലോമീറ്ററുണ്ട്. പത്ത് മണിക്കൂറോളം യാത്ര. ഫെറിയിലൂടെ ഒരു മണിക്കൂറിനുള്ളില്‍ ഖോഖയിലെത്താം. കടലിലൂടെയുള്ള യാത്ര ദൂരം 31 കിലോമീറ്ററാക്കി ചുരുക്കി. ഖോഖയില്‍നിന്നും പത്ത് കിലോമീറ്റര്‍ അകലെയാണ് ഭാവ്‌നഗര്‍. സമയവും പണവും ലാഭം. നേരത്തെ മാസങ്ങള്‍ കഴിയുമ്പോഴാണ് വീട്ടില്‍പ്പോയിരുന്നത്. ഇപ്പോള്‍ ഇടക്കിടെ സന്ദര്‍ശിക്കാറുണ്ട്”. അമിത് പറയുന്നു. കഴിഞ്ഞ ഒക്ടോബറില്‍ മോദി ഉദ്ഘാടനം ചെയ്ത ഫെറി സര്‍വ്വീസില്‍ ബിജെപി ‘വോട്ടുകടത്തു’ന്നതിന്റെ നേര്‍ക്കാഴ്ച.

കടലിടുക്കിന് ഇരുവശത്തുമുള്ള സൗരാഷ്ട്രയെയും ദക്ഷിണ ഗുജറാത്തിനെയും ബന്ധിപ്പിക്കുന്നതാണ് ഫെറി സര്‍വ്വീസ്. സൗരാഷ്ട്രയിലെ ഭാവ്‌നഗര്‍, അമ്രേലി, രാജ്‌കോട്ട് ജില്ലകളില്‍നിന്നായി പതിനായിരക്കണക്കിനാളുകള്‍ സൂറത്തില്‍ വജ്ര, വസ്ത്ര വ്യാപാര രംഗത്ത് ജോലി ചെയ്യുന്നുണ്ട്. ഭൂരിഭാഗവും പട്ടേല്‍ വിഭാഗക്കാര്‍. ദഹേജില്‍നിന്ന് 130 കിലോമീറ്റര്‍ അകലെയാണ് സൂറത്ത്. സൂറത്ത്, ഭറൂച്ച് എന്നിവിടങ്ങളില്‍ നിന്ന് ടെര്‍മിനലിലേക്ക് പ്രത്യേക ബസ് സര്‍വ്വീസും ആരംഭിച്ചു.

കോണ്‍ഗ്രസ്സിന്റെ വാഗ്ദാനമായിരുന്നു ഫെറി സര്‍വ്വീസ്. ബിജെപി അധികാരത്തിലെത്തിയപ്പോഴാണ് നടപടികള്‍ ആരംഭിച്ചത്. 614 കോടിയുടെ പദ്ധതിക്ക് 2012 ജനവരിയില്‍ മുഖ്യമന്ത്രിയായിരുന്ന മോദി തറക്കല്ലിട്ടു. സാഗര്‍മാല പദ്ധതിയില്‍പ്പെടുത്തി 117 കോടി രൂപ ഡ്രഡ്ജിങ്ങിന് കേന്ദ്രസര്‍ക്കാര്‍ നല്‍കി. കുട്ടിക്കാലം മുതല്‍ കേള്‍ക്കുന്നതാണ് കോണ്‍ഗ്രസ്സിന്റെ വാഗ്ദാനമെന്നാണ് മോദി പറഞ്ഞത്. രാജ്യത്ത് ആദ്യമായാണ് ഇത്രയും ദൂരത്തില്‍ ഫെറി സര്‍വ്വീസ് ആരംഭിക്കുന്നത്. രണ്ട് മേഖലകളുടെയും അടിസ്ഥാന സൗകര്യവും വ്യവസായവും വര്‍ദ്ധിപ്പിക്കുന്ന വികസന പദ്ധതി വോട്ടായി മാറുമെന്നാണ് ബിജെപിയുടെ പ്രതീക്ഷ.

നയിക്കാന്‍ മലയാളി

കൊച്ചി എളമക്കര സ്വദേശിയായ ക്യാപ്റ്റന്‍ വി.എ. മുരളിയാണ് ഫെറി സര്‍വ്വീസിനെ നയിക്കുന്നത്. അദ്ദേഹമുള്‍പ്പെടെ എട്ടു ജീവനക്കാരുണ്ട്. ”യാത്രക്കാര്‍ കൂടുതലായി ഇപ്പോള്‍ സര്‍വ്വീസിനെ ആശ്രയിക്കുന്നുണ്ട്. ഇരുഭാഗത്തേക്കും രണ്ട് വീതം സര്‍വ്വീസുകളാണുള്ളത്. ഒരു യാത്രക്ക് ഒരാള്‍ക്ക് 500 രൂപ. ബസ് യാത്രക്ക് ഇതിലധികം ചെലവാകും.

രണ്ട് നിലകളിലായി 233 സീറ്റ്. ദിവസേന അഞ്ഞൂറിലേറെ യാത്രക്കാരുണ്ടാകും. ശനിയും ഞായറും തിരക്ക് കൂടും. രണ്ടാം ഘട്ടത്തില്‍ ട്രക്കുള്‍പ്പെടെയുള്ള വാഹനങ്ങള്‍ വഹിക്കാന്‍ സാധിക്കുന്ന സംവിധാനം വരും. ഇത് ജനവരിയില്‍ പൂര്‍ത്തിയാകുമെന്നാണ് പ്രതീക്ഷ. യാത്ര ആഹ്ലാദകരമാക്കാന്‍ ടിവിയും ചായയും ഐസ്‌ക്രീമും ഒരുക്കിയിട്ടുണ്ട്.

ഏറെ വ്യവസായങ്ങളുള്ള പ്രദേശങ്ങളാണിത്. വലിയ മാറ്റമുണ്ടാക്കും. കേരളത്തിലും ഇത്തരത്തിലുള്ള പദ്ധതികള്‍ ആവിഷ്‌കരിക്കാന്‍ സാധിക്കുന്നതാണ്”. സുരക്ഷാ മുന്‍കരുതലുകളും അദ്ദേഹം വിവരിച്ചു. ഗുജറാത്ത് മരിടൈം ബോര്‍ഡിനും ഇന്‍ഡിഗോ സീവെയ്‌സിനുമാണ് സര്‍വ്വീസ് ചുമതല.

മണ്ഡലങ്ങള്‍ ബിജെപിക്കൊപ്പം

ഭാവ്‌നഗറിലെ രണ്ട് മണ്ഡലങ്ങളും ബിജെപിക്കൊപ്പമാണ്. പശ്ചിമ ഭാവ്‌നഗറില്‍ കഴിഞ്ഞ തവണ ബിജെപിയുടെ ജിതേന്ദ്ര വഖാനി അരലക്ഷത്തിലേറെ വോട്ടുകള്‍ക്കാണ് കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയെ തോല്‍പ്പിച്ചത്. ഭാവ്‌നഗര്‍ ഗ്രാമ്യയില്‍ ഫിഷറീസ് മന്ത്രിയായ ബിജെപിയുടെ പുരുഷോത്തം സോളങ്കി കോണ്‍ഗ്രസ്സിന്റെ മുതിര്‍ന്ന നേതാവും ദേശീയ വക്താവുമായ ശക്തിസിങ് ഗോഹിലിനെ പരാജയപ്പെടുത്തി. രണ്ട് മണ്ഡലങ്ങളിലെയും ആദ്യ തെരഞ്ഞെടുപ്പായിരുന്നു 2012ലേത്. ഭറൂച്ച് മണ്ഡലവും രണ്ട് തവണ തുടര്‍ച്ചയായി ബിജെപിക്കൊപ്പമാണ്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.