ഇന്ത്യയില്‍ മൂന്നിലൊരാള്‍ക്ക് ഗര്‍ഭച്ഛിദ്രമെന്ന് പഠനം

Wednesday 13 December 2017 2:30 am IST

ന്യൂദല്‍ഹി: രാജ്യത്ത് ഗര്‍ഭിണികളില്‍ മൂന്നിലൊരാള്‍ക്ക് ഗര്‍ഭച്ഛിദ്രമുണ്ടാകുന്നുണ്ടെന്ന് മെഡിക്കല്‍ ജേര്‍ണല്‍ ലാന്‍സെറ്റ് മാഗസിന്‍ റിപ്പോര്‍ട്ട്. ഇന്ത്യയിലെ ഗര്‍ഭച്ഛിദ്രം, കരുതലില്ലാത്ത ഗര്‍ഭധാരണം എന്നിവയെപ്പറ്റി 2015ല്‍ നടത്തിയ ഗവേഷണപ്രകാരമാണ് റിപ്പോര്‍ട്ട്. 2015ല്‍ 1.56 കോടി ഗര്‍ഭച്ഛിദ്രം നടന്നുവെന്ന് ലാന്‍സെറ്റ് വ്യക്തമാക്കുന്നു.

48 ശതമാനം ഗര്‍ഭച്ഛിദ്രത്തിനും കാരണം കരുതലില്ലാത്ത ഗര്‍ഭധാരണമാണ്. 0.8 ശതമാനം പേര്‍ ഗര്‍ഭച്ഛിദ്രത്തിന് മതിയായ സുരക്ഷാമാര്‍ഗങ്ങള്‍ സ്വീകരിക്കുന്നില്ല. ഇത് ഇവരുടെ ജീവനു ഭീഷണിയാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ഗുളികകളാണ് കൂടുതലായി ഗര്‍ഭച്ഛിദ്രത്തിന്് തെരഞ്ഞെടുക്കുന്നത്.

മുന്‍ കാലത്തെ അപേക്ഷിച്ച് 2015ല്‍ പൊതുജനാരോഗ്യ കേന്ദ്രങ്ങളിലെ ഗര്‍ഭച്ഛിദ്ര നിരക്ക് അഞ്ചിരട്ടിയാണെന്ന് പഠനത്തലവന്‍ മുംബൈ ഇന്റര്‍നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് പോപ്പുലേഷന്‍ സ്റ്റഡീസിലെ പ്രൊഫ. ചന്ദ്രശേഖര്‍ പറഞ്ഞു.

ഇന്ത്യയില്‍ 15-49 വയസ്സിനിടയിലുള്ള 1,000 സ്ത്രീകളില്‍ 47 ആണ് ഗര്‍ഭച്ഛിദ്രനിരക്ക്. പാകിസ്ഥാനില്‍ ഇത് അമ്പതും നേപ്പാളിലും ബംഗ്ലാദേശിലും യഥാക്രമം 42, 39 എന്നിങ്ങനെയുമാണ്. ലോകാരോഗ്യസംഘടന അംഗീകരിച്ച മരുന്നുകളായ മിസോപ്രോസ്‌റ്റോള്‍, മിഫിപ്രൊസ്റ്റോണ്‍ തുടങ്ങിയവയാണ് ഗര്‍ഭച്ഛിദ്രത്തിന് നല്‍കി വരുന്നത്.

2014ലെ മെഡിക്കല്‍ ടെര്‍മിനേഷന്‍ ഓഫ് പ്രഗ്നന്‍സി ആക്ട് പ്രകാരം അമ്മയ്‌ക്കോ കുഞ്ഞിനോ ഗുരുതര ആരോഗ്യപ്രശ്‌നങ്ങളുണ്ടെങ്കില്‍ മാത്രമേ 20 മുതല്‍ 24 ആഴ്ച വരെ പ്രായമായ ഗര്‍ഭം അലസിപ്പിക്കാന്‍ നിയമപരമായി അനുമതിയുള്ളു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.