ഇരിട്ടിയില്‍ പോലീസിന്റെ ഓപ്പറേഷന്‍ ജേര്‍ണി ട്രാപ്പ് ; 9 കിലോ കഞ്ചാവും ഒന്‍പതുലക്ഷത്തി അന്‍പതിനായിരം രൂപയും പിടികൂടി: നാലുപേര്‍ അറസ്റ്റില്‍

Tuesday 12 December 2017 11:03 pm IST

ഇരിട്ടി: ഇരിട്ടി ഡിവൈഎസ്പി പ്രജീഷ് തോട്ടത്തിലിന്റെ നേതൃത്വത്തില്‍ നടത്തിയ ഓപ്പറേഷന്‍ ജേര്‍ണി ട്രാപ്പ് എന്ന് പേരിട്ട പരിശോധനയില്‍ കര്‍ണ്ണാടകത്തില്‍ നിന്നും കേരളത്തിലേക്ക് കടത്തുകയായിരുന്ന ഒന്‍പത് കിലോവിലേറെ കഞ്ചാവും രേഖയില്ലാത്ത ഒന്‍പതുലക്ഷത്തി അമ്പതിനായിരം രൂപയും പിടിച്ചെടുത്തു. ഇതുമായി ബന്ധപ്പെട്ട് നാലുപേരെ പോലീസ് അറസ്റ്റ് ചെയ്തു. പെരളശ്ശേരി സ്വദേശിയും ഇപ്പോള്‍ മാട്ടൂലില്‍ താമസക്കാരനുമായ ഷമീര്‍ (26 ) ആണ് ഒന്‍പതുകിലോ കഞ്ചാവുമായി പിടിയിലായത്. മട്ടന്നൂര്‍ കളറോഡ് സ്വദേശി എം.കെ. ഷഫീറില്‍ നിന്നാണ് രേഖകളില്ലാതെ സൂക്ഷിച്ച ഒന്‍പതു ലക്ഷത്തി അന്‍പതിനായിരം രൂപ കണ്ടെടുത്തത്. മറ്റ് രണ്ട് കേസുകളിലായി 40 ഗ്രാം കഞ്ചാവ് കൈവശം വെച്ചതിന് കോളയാട് സ്വദേശി സെബാസ്റ്റ്യന്‍ (32), 60 ഗ്രാം കഞ്ചാവ് കൈവശം വെച്ചതിന് ചൊക്ലി സ്വദേശി ഷക്കീര്‍ (42 ) എന്നിവരും അറസ്റ്റിലായി.
കര്‍ണ്ണാടകത്തില്‍ നിന്നും ഇരിട്ടി ഭാഗത്തേക്ക് വരികയായിരുന്ന ടൂറിസ്റ്റ് ബസ്സുകളിലും കെ എസ്ആര്‍ടിസി ബസ്സുകളിലുമാണ് ഓപ്പറേഷന്‍ ജേര്‍ണി ട്രാപ്പ് എന്ന് പേരിട്ട പരിശോധന നടന്നത്. രാത്രികാലങ്ങളില്‍ വരുന്ന ഇത്തരം യാത്രാവാഹനങ്ങളില്‍ കഞ്ചാവ് ഉള്‍പ്പെടെയുള്ള മയക്കുമരുന്നുകളും മദ്യവും മറ്റും നിത്യേനയെന്നോണം കടത്തിക്കൊണ്ടുവരുന്നുണ്ടെന്ന വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന.
ഇരിട്ടി പോലീസ് സബ്ഡിവിഷന് കീഴിലെ മുഴുവന്‍ പോലീസ് സ്‌റ്റേഷനുകളിലെയും ഉദ്യോഗസ്ഥരും നിരവധി പോലീസുകാരും അടക്കം അന്‍പതോളം പേര്‍ ഓപ്പറേഷനില്‍ പങ്കെടുത്തു. ഇവര്‍ എട്ടു ടീമുകളാണ് തിരിഞ്ഞായിരുന്നു വാഹനങ്ങളിലെ പരിശോധന. പുലര്‍ച്ചെ മൂന്ന് മണിയോടെ ആരംഭിച്ച പരിശോധന കാലത്ത് 6 മണിവരെ തുടര്‍ന്നു. ബംഗളൂരു-കണ്ണൂര്‍ റൂട്ടില്‍ സര്‍വീസ് നടത്തുന്ന കല്‍പ്പക, പികെ തുടങ്ങിയ സ്വകാര്യ ടൂറിസ്റ്റ് ബസ്സുകളില്‍ നിന്നും കേരളാ ആര്‍ടിസി ബസ്സില്‍ നിന്നുമാണ് കഞ്ചാവും പണവും പിടികൂടിയത്. കൂടാതെ നിരവധി പേരില്‍ നിന്നും നിരോധിത പുകയില ഉല്‍പ്പന്നങ്ങളും മറ്റും പിടികൂടിയിട്ടുണ്ട്. ഇവര്‍ക്കെതിരെയും പോലീസ് കേസെടുത്തിട്ടുണ്ട്.
ക്രിസ്തുമസ്, പുതുവര്‍ഷം എന്നീ ആഘോഷങ്ങള്‍ കണക്കിലെടുത്ത് തുടര്‍ന്നുള്ള ദിവസങ്ങളിലും എക്‌സൈസ് ഉദ്യോഗസ്ഥരെ അടക്കമുള്ളവരുമായി ചേര്‍ന്നുകൊണ്ട് ഇതുപോലുള്ള ഓപ്പറേഷനുകള്‍ നടത്താന്‍ തീരുമാനിച്ചതായി ഇരിട്ടി ഡിവൈഎസ്പി പ്രജീഷ് തോട്ടത്തില്‍ അറിയിച്ചു. ഡിവൈഎസ്പിയെ കൂടാതെ ഇരിട്ടി സിഐ എം.ആര്‍.ബിജു, എസ്‌ഐ പി.സി. സഞ്ജയ്കുമാര്‍, ഉളിക്കല്‍, ആറളം, കരിക്കോട്ടക്കരി തുടങ്ങിയ സ്‌റ്റേഷനുകളിലെ എസ്‌ഐ മാര്‍, എഎസ്‌ഐമാര്‍ , സീനിയര്‍ സിപിഒമാര്‍ തുടങ്ങിയവര്‍ ഓപ്പറേഷന്‍ ജേര്‍ണി ട്രാപ്പില്‍ പങ്കെടുത്തു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.