കുട്ടനാട്ടിലെ കര്‍ഷകരെ വലച്ച് ബാങ്കുകളുടെ നയംമാറ്റം

Wednesday 13 December 2017 2:30 am IST

ആലപ്പുഴ: ബാങ്കുകളുടെ നയംമാറ്റത്തോടെ കുട്ടനാട്ടിലെ കര്‍ഷകര്‍ വീണ്ടും ജപ്തി ഭീഷണിയില്‍. എസ്ബിഐ ഉള്‍പ്പടെയുള്ള ബാങ്കുകളാണ് നൂറ് കണക്കിന് കര്‍ഷകര്‍ക്കെതിരെ ജപ്തി നടപടികള്‍ തുടങ്ങിയത്.

കര്‍ഷകര്‍ ഗ്രൂപ്പായും അല്ലാതെയും പാട്ടത്തിനും മറ്റും എടുത്ത കാര്‍ഷിക വായ്പകള്‍ യഥാസമയം തിരിച്ചടയ്ക്കുന്നതില്‍ വീഴ്ച വരുത്തിയതെന്നാണ് നയംമാറ്റത്തിനു പിന്നിലെന്നാണ് ബാങ്കുകളുടെ വാദം. എന്നാല്‍ സപ്‌ളൈക്കോ നെല്ലു സംഭരിച്ചതിന്റെ പണം നല്‍കാന്‍ മാസങ്ങളോളം വൈകുന്നതും അപ്രതീക്ഷിത കൃഷി നാശവുമാണ് വായ്പ തിരിച്ചടവ് വൈകാന്‍ കാരണമെന്നാണ് കര്‍ഷകര്‍ പറയുന്നു.

ജപ്തി നോട്ടീസുകള്‍ ലഭിച്ചു തുടങ്ങിയതോടെ എങ്ങനെ പരിഹാരം കാണാന്‍ കഴിയുമെന്നറിയാതെ കര്‍ഷകര്‍ കുഴങ്ങുകയാണ്. ജപ്തി നോട്ടീസ് ലഭിച്ചതിന് തൊട്ടുപുറകെ റവന്യു ഉദ്യാഗസ്ഥര്‍ വീടുകള്‍ കയറി ഇറങ്ങി ജപ്തി ചെയ്യുന്നതിനുള്ള സ്ഥാവര ജംഗമ വസ്തുക്കളുടെ കണക്കെടുപ്പും ആരംഭിച്ചു. മുന്‍കാലങ്ങളില്‍ ഗ്രൂപ്പ് ലോണുകള്‍ ബാങ്കുകള്‍ അതതു വര്‍ഷം പുതുക്കി കൊടുക്കുവാന്‍ തയ്യാറാകുമായിരുന്നു. അതിനാല്‍ പലിശയടച്ച് കര്‍ഷകര്‍ക്ക് ജപ്തിയില്‍ നിന്നും ഒഴിവായിരുന്നു.

എന്നാല്‍ ഗ്രൂപ്പ് വായ്പകള്‍ക്ക് പകരം വ്യക്തിഗത വായ്പകള്‍ നല്കാനാണ് ബാങ്കുകള്‍ക്ക് ഇപ്പോള്‍ പ്രിയം. ഇത് കുട്ടനാട്ടിലെ ഭൂരിഭാഗം വരുന്ന പാട്ടകര്‍ഷകര്‍ക്ക് കനത്ത തിരിച്ചടിയായിട്ടുണ്ട്. ബാങ്കുകള്‍ വായ്പ നല്‍കണമെങ്കില്‍ സ്വന്തം പേരില്‍ കരമടച്ച രസീത് ഹാജരാക്കണം. സ്വന്തം പേരില്‍ കരമടച്ച രസീത് സമര്‍പ്പിക്കുക എന്നത് പാട്ടകര്‍ഷകനെ സംബന്ധിച്ചിടത്തോളം നടക്കാത്ത കാര്യമാണ്. ഇതോടെ ഇവര്‍ ബ്‌ളേഡു മാഫിയകളെ ആശ്രയിക്കേണ്ടി വരുന്നു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.