കുറിഞ്ഞി ഉദ്യാനം: ചര്‍ച്ചയിലും കൈയേറ്റക്കാരെ തൊട്ടില്ല

Wednesday 13 December 2017 2:30 am IST

ഇടുക്കി: നീലക്കുറിഞ്ഞി ഉദ്യാനവുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ പരിഹരിക്കുമെന്ന് പറയുമ്പോഴും മൂന്നാറില്‍ നടന്ന മന്ത്രിതലചര്‍ച്ചയില്‍ കൈയേറ്റങ്ങളെക്കുറിച്ച് ഒന്നും മിണ്ടിയില്ല. ഇടുക്കി എംപി ജോയിസ് ജോര്‍ജ് ഉള്‍പ്പെടെയുള്ളവര്‍ പങ്കെടുത്ത ചര്‍ച്ചയ്ക്ക് ശേഷം വട്ടവട പഞ്ചായത്തിലെ ഒരാളെപ്പോലും ഇറക്കിവിടില്ലെന്നാണ് മന്ത്രിസഭാ ഉപസമിതി അറിയിച്ചത്.

തിങ്കളാഴ്ച കൊട്ടാക്കമ്പൂരിലെത്തിയ മന്ത്രിസഭാ ഉപസമിതി അംഗങ്ങളായ റവന്യൂമന്ത്രി ഇ. ചന്ദ്രശേഖരന്‍, വനംമന്ത്രി കെ. രാജു, വൈദ്യുതിമന്ത്രി എം.എം. മണി എന്നിവര്‍ കൈയേറ്റ മേഖലകളിലൊന്നും സന്ദര്‍ശനം നടത്തിയില്ല. കലവൂര്‍ മേഖല മാത്രമാണ് സന്ദര്‍ശിച്ചത്.

അടുത്തിടെ പട്ടയം റദ്ദാക്കിയ ജോയിസ് ജോര്‍ജ് എംപിയുടെ ഭൂമി ഉള്‍പ്പെടുന്ന ബ്ലോക്ക് 58-ല്‍ വ്യാപക കൈയേറ്റവും ഗ്രാന്റീസ് കൃഷിയും നടക്കുന്നുണ്ട്. എന്നാല്‍ ഇത്തരം കാര്യങ്ങളൊന്നും ചര്‍ച്ചയില്‍ ഉയര്‍ന്നുവന്നില്ല.

നീലക്കുറിഞ്ഞി ഉദ്യാനപ്രഖ്യാപനത്തിന് ശേഷം 11 വര്‍ഷം കഴിഞ്ഞിട്ടും പൂര്‍ണമായി അത് നടപ്പാക്കാന്‍ കഴിഞ്ഞിട്ടില്ലെന്ന് റവന്യൂ മന്ത്രി യോഗത്തില്‍ പറഞ്ഞു. യോഗത്തില്‍ എംഎല്‍മാരായ എസ്. രാജേന്ദ്രന്‍, ഇ.എസ.് ബിജിമോള്‍, വട്ടവട പഞ്ചായത്ത് പ്രസിഡന്റ് പി. രാമരാജ്, മുന്‍ എംഎല്‍എ എ.കെ. മണി, ഫാ. സെബാസ്റ്റ്യന്‍ കൊച്ചുപുരയ്ക്കല്‍, എഡിഎം പി.ജി. രാധാകൃഷ്ണന്‍, ദേവികുളം സബ്കളക്ടര്‍ വി.ആര്‍. പ്രേംകുമാര്‍ തുടങ്ങിയവരും പങ്കെടുത്തു.

കര്‍ഷകരെ കൈയേറ്റക്കാര്‍ തെറ്റിദ്ധരിപ്പിക്കുന്നു- ഇ. ചന്ദ്രശേഖരന്‍

മൂന്നാര്‍: കുറിഞ്ഞി ഉദ്യാനത്തില്‍പ്പെടുന്ന സ്ഥലത്ത് കുടിയേറിപ്പാര്‍ക്കുന്ന ജനങ്ങളെയും കര്‍ഷകരെയും അനധികൃത കൈയേറ്റക്കാര്‍ തെറ്റിദ്ധരിപ്പിക്കുകയാണെന്ന് റവന്യൂ മന്ത്രി ഇ. ചന്ദ്രശേഖരന്‍. ഉദ്യാനം സന്ദര്‍ശിച്ചശേഷം മടങ്ങിയെത്തി ഇന്നലെ രാവിലെ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ജോയിസ് ജോര്‍ജ് എംപി നേരിട്ട് ഭൂമി കൈയേറിയെന്ന് താന്‍ പറയില്ല. ഉദ്യാനവുമായി ബന്ധപ്പെട്ടുള്ള പ്രശ്‌നങ്ങള്‍ ആറ് മാസത്തിനുള്ളില്‍ പരിഹരിക്കും. ജനവാസ മേഖലയില്‍പ്പെടുന്ന ചില സ്ഥലങ്ങള്‍ ഒഴിവാക്കുമെങ്കിലും നിര്‍ദ്ദിഷ്ട കുറിഞ്ഞി ഉദ്യാനത്തിന്റെ വിസ്തൃതിയായ 3,200 ഹെക്ടര്‍ നിലനിര്‍ത്തും.

പരിഹാരമുണ്ടാക്കും: എം.എം. മണി

മൂന്നാര്‍: നീലക്കുറിഞ്ഞി ഉദ്യാനം പ്രഖ്യാപിക്കപ്പെട്ടശേഷം ഇത്തരത്തില്‍ ഒരു യോഗം മുമ്പ് ഉണ്ടായിട്ടില്ല. ജനങ്ങളുടെ ആശങ്ക പരിഹരിക്കുന്നതിന് വലിയ ചുവടുവെയ്പാണ് ഈ യോഗം, പരിസ്ഥിതി സംരക്ഷണവും ഇതോടൊപ്പം ആവശ്യമാണെന്ന് അദ്ദേഹം പറഞ്ഞു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.