എടിഎം തകര്‍ത്ത് കവര്‍ച്ചാശ്രമം: മൂന്നംഗസംഘം പിടിയില്‍

Wednesday 13 December 2017 2:30 am IST

എടിഎം തകര്‍ത്ത് മോഷണം നടത്താന്‍ ശ്രമിച്ച ജോണ്‍സണ്‍, ആഷിക്, ഗോകുല്‍

മാവേലിക്കര: എടിഎം കൗണ്ടറുകള്‍ തകര്‍ത്ത് മോഷണശ്രമം നടത്തിയ മൂന്നംഗസംഘം പിടിയില്‍. അമ്പലപ്പുഴ കരുമാടി പനയ്ക്കല്‍ പുരയ്ക്കല്‍ ബിപിന്‍ ജോണ്‍സണ്‍ (21), അമ്പലപ്പുഴ ക്ഷേത്രത്തിന് സമീപം വാടകയ്ക്ക് താമസിക്കുന്ന കരുമാടി പടിഞ്ഞാറെമുറി മോടിയില്‍ ആഷിക് (18), അമ്പലപ്പുഴ കക്കാഴം ഗോകുല്‍ നിവാസില്‍ ഗോകുല്‍ (18) എന്നിവരെയാണ് മാവേലിക്കര പോലീസ് അറസ്റ്റ് ചെയ്തത്.

മാവേലിക്കര ഐഡിബിഐ ബാങ്ക്, പൈനുംമൂട് ധനലക്ഷ്മി ബാങ്ക്, കരുവാറ്റ വിജയബാങ്ക് എന്നിവിടങ്ങളിലെ എടിഎം കവര്‍ച്ചാശ്രമത്തിലും അമ്പലപ്പുഴ, തിരുവല്ല, നൂറനാട് എന്നിവിടങ്ങളില്‍ നടത്തിയ മാലമോഷണക്കേസുകളിലും ഇവര്‍ പ്രതികളാണ്.

ഇലക്‌ട്രോണിക്‌സില്‍ ഐടിഐ വിദ്യാഭ്യാസം നേടിയിട്ടുള്ള പ്രതികള്‍ മൂന്നുപേരും വന്‍ തുക ലക്ഷ്യംവച്ചാണ് എടിഎമ്മുകള്‍ കൊള്ളയടിക്കാന്‍ ശ്രമിച്ചത്. ഇന്റര്‍നെറ്റില്‍ എടിഎമ്മുകളുടെ പ്രവര്‍ത്തനരീതിയും ഘടനയും തുറക്കാനുള്ള മാര്‍ഗ്ഗങ്ങളും കുറേ നാളുകളായി ഇവര്‍ പരതിക്കൊണ്ടിരിക്കുകയായിരുന്നു. ഇതിനായി എടിഎം മോഷണങ്ങള്‍ വിഷയമായ സിനിമകള്‍ നിരവധി തവണ കണ്ട് തയ്യാറെടുപ്പുകള്‍ നടത്തി. ഇവരുടെ മൊബൈല്‍ ഹിസ്റ്ററിയില്‍ ന്യൂജനറേഷന്‍ ബാങ്കുകളുടെ എടിഎമ്മുകള്‍ തകര്‍ക്കുന്നതിന്റെ നൂതന മാര്‍ഗ്ഗങ്ങളെക്കുറിച്ചുള്ള വിവരണങ്ങളാണ് ഉള്ളതെന്ന് പോലീസ് പറയുന്നു.

ഇലക്ട്രിക് കട്ടറുകള്‍ ഉള്‍പ്പെടെ കണ്ടെടുത്തിട്ടുണ്ട്. മോഷ്ടിച്ചെടുക്കുന്ന സ്വര്‍ണ്ണാഭരണങ്ങള്‍ പണയംവയ്ക്കുകയും വില്‍ക്കുകയുമാണ് പതിവ്. ഇങ്ങനെ ലഭിക്കുന്ന പണം മയക്കുമരുന്നുകള്‍ വാങ്ങുന്നതിനും ഉല്ലാസയാത്രകള്‍ക്കുമാണ് ഉപയോഗിച്ചിരുന്നത്.

അമ്പലപ്പുഴ, ആലപ്പുഴ, തിരുവല്ല എന്നിവിടങ്ങളിലെ സ്വര്‍ണ്ണപ്പണയ സ്ഥാപനങ്ങളില്‍ പ്രതികള്‍ പണയംവച്ച ആഭരണങ്ങള്‍ കണ്ടെടുത്തു. ജില്ലാ പോലീസ് മേധാവി എസ്. സുരേന്ദ്രന്‍, ചെങ്ങന്നൂര്‍ ഡിവൈഎസ്പി അനീഷ് വി. കോര, മാവേലിക്കര സിഐ പി. ശ്രീകുമാര്‍, എസ്‌ഐ മുരുകന്‍ എന്നിവരുടെ നേതൃത്വത്തിലുള്ള പ്രത്യേക സ്‌ക്വാഡാണ് പ്രതികളെ വലയിലാക്കിയത്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.