പ്രേക്ഷകനെ പിന്തുടരുന്ന ഈപ്പച്ചന്‍

Wednesday 13 December 2017 10:30 am IST

മലയാള സിനിമയിലെ പൗരുഷനടനത്തിലെ ആള്‍രൂപങ്ങളില്‍ ഒരാളായ എംജി സോമന്‍ യാത്രയായിട്ട് ഡിസംബര്‍ 12ന് ഇരുപതു വര്‍ഷം. 70,80കളില്‍ നായകനടനായി തിളങ്ങിയ സോമന്‍ 220തിലധികം ചിത്രങ്ങളില്‍ അഭിനയിച്ചു. അന്നത്തെ ത്രിമൂര്‍ത്തികള്‍ എന്നുപറയാവുന്ന സോമന്‍, ജയന്‍, സുകുമാരന്‍ എന്നിവരുടെ കൂട്ടുസിനിമകള്‍ വല്ലാത്തൊരാവേശത്തോടെയാണ് പ്രേക്ഷകര്‍ കണ്ടത്. വില്ലനായും നായകനായും അരങ്ങുതകര്‍ത്ത സോമന്റെ വില്ലന്‍ വേഷങ്ങളിലുമുണ്ടായിരുന്നു നായകന്‍.ഗായത്രിയില്‍ തുടങ്ങി ലേലത്തില്‍ അവസാനിച്ച സോമന്റെ സിനിമാജീവിതം നാടകത്തില്‍നിന്നുള്ള തുടര്‍ച്ചയായിരുന്നു.

….തിരുവല്ലയില്‍ ജനിച്ച സോമന്‍ എയര്‍ഫോഴ്‌സില്‍ നിന്നാണ് നാടകക്കമ്പത്തിലേക്കു വന്നത്. കൊട്ടാരക്കര ശ്രീധരന്‍നായരുടെ ജയശ്രീ തിയറ്റേഴ്‌സിലൂടെയായിരുന്നു പ്രെഫഷണല്‍ നാടകത്തിലേക്കുള്ള വരവ്. പിന്നീട് കേരള ആര്‍ട്‌സ്,കെപിഎസി തുടങ്ങിയ നാടകസമിതികളില്‍ തുടര്‍ന്നു. കേരളം മുഴുവന്‍ കളിച്ച പ്രശസ്തനാടകം രാമരാജ്യത്തിലെ പ്രധാന നടനായിരുന്നു. ആ ഗംഭീര അഭിനയമാണ് സിനിമയ്ക്കു വഴിതെളിച്ചത്. 1973ല്‍ പിഎന്‍ മേനോന്‍ സംവിധാനം ചെയ്ത ഗായത്രിയില്‍ നായകനായിട്ടായിരുന്നു സോമന്റെ അരങ്ങേറ്റം. പിന്നീട് തിരിഞ്ഞുനോക്കേണ്ടിവന്നില്ല.

1976 മുതല്‍ 83വരെ നായകനായിരുന്നു സോമന്‍. പിന്നീട് വില്ലനായും സഹനടനായും കൊമേഡിയനായും തിളങ്ങി. 77ല്‍ പത്മരാജന്റെ തിരക്കഥയില്‍ ഐവി ശശി സംവിധാനം ചെയ്ത ഇതാ ഇവിടെ വരെയിലെ നെഗറ്റീവ് ടച്ചുള്ള നായക കഥാപാത്രം സോമനിലെ നടനെ മാറ്റി മറിച്ചു. 78ല്‍ 43 ചിത്രങ്ങളിലാണ് സോമന്‍ അഭിനയിച്ചത്. ഇതൊരു ലോക റെക്കോഡായിരിക്കും. സ്വപ്‌നാടനം, മണ്ണ്, നിര്‍മാല്യം, അണിയറ, ജാലകം, ആര്യന്‍, രതി നിര്‍വേദം, എന്നിങ്ങനെ എടുത്തുപറയാന്‍ നിരവധി ചിത്രങ്ങള്‍.

കഥാപാത്രങ്ങളുടെ സ്വഭാവമനുസരിച്ച് കരചലനങ്ങള്‍ എങ്ങനെയായിരിക്കണമെന്നും മറ്റും സോമനെ കണ്ടുപഠിക്കണമെന്നു നടനമികവിനെക്കുറിച്ചു പറയുന്നവര്‍ ഓര്‍മിപ്പിക്കാറുണ്ട്.നാടക ചലനങ്ങളില്‍നിന്നും കിട്ടിയതാവണം ഈ സൂക്ഷ്മത.

സംഭാഷണത്തിലെ സ്വാഭാവികതയും സോമനു കൂട്ടുണ്ടായിരുന്നു. നിഷേധി കഥാപാത്രങ്ങളെ ഒരുപക്ഷേ കൂടുതല്‍ ലഭിച്ചതും സോമനാകാം. 97ല്‍ ജോഷിസംവിധാനംചെയ്ത ലേലമായിരുന്നു സോമന്റെ അവസാനചിത്രം. ഇതിലെ ആനക്കാട്ടില്‍ ഈപ്പച്ചന്‍ എന്ന കഥാപാത്രത്തെ അദ്ദേഹം അവസ്മരണീയമാക്കി. ഇന്നും പ്രേക്ഷകര്‍ ഓര്‍ത്തിരിക്കുന്ന പേരാണ് സോമന്റെ ഈപ്പച്ചന്‍.ഒരു പക്ഷേ ഇന്നും കാണികളെ ഈപ്പച്ചന്‍ പിന്‍തുടരുന്നുണ്ടാവണം.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.