കല്‍ക്കരി കുംഭകോണം: മുന്‍ ഝാര്‍ഖണ്ഡ് മുഖ്യമന്ത്രി കുറ്റക്കാരന്‍

Wednesday 13 December 2017 12:14 pm IST

 

ന്യൂദല്‍ഹി: കല്‍ക്കരി കുംഭകോണക്കേസില്‍ ഝാര്‍ഖണ്ഡ് മുന്‍ മുഖ്യമന്ത്രി മധു കോഡ കുറ്റക്കാരന്‍.പ്രത്യേക സിബിഐ കോടതിയുടേതാണ് വിധി. മുന്‍ കല്‍ക്കരി സെക്രട്ടറി എച്ച്.സി. ഗുപ്ത, മുന്‍ ചീഫ് സെക്രട്ടറി എ.കെ. ബസു എന്നിവരടക്കം നാലു പേര്‍ കേസില്‍ കുറ്റക്കാരാണെന്നും കോടതി വിധിച്ചു. ഇവര്‍ക്കായുള്ള ശിക്ഷ വ്യാഴാഴ്ച പ്രഖ്യാപിക്കും. കേസില്‍ പ്രതിചേര്‍ക്കപ്പെട്ട മുന്‍ ചീഫ് സെക്രട്ടറി എ.കെ ബസു ഉള്‍പ്പടെ നാല് പേരെ വെറുതെ വിട്ടു.

ഝാര്‍ഖണ്ഡിലെ രാജാര നോര്‍ത്ത് കല്‍ക്കരി ബ്ലോക്ക് കൊല്‍ക്കൊത്തയിലെ വിനി അയണ്‍ ആന്റ് സ്റ്റീല്‍ ഉദ്യോഗ് ലിമിറ്റഡ് (വിസുല്‍) കമ്പനിക്ക് അനുവദിച്ചതില്‍ ക്രമക്കേടുണ്ടെന്ന കേസിലാണ് മധു കോഡയും കൂട്ടാളികളും കുറ്റക്കാരാണെന്ന് കണ്ടെത്തിയത്. പ്രതികളില്‍ എട്ടു പേര്‍ക്ക് നേരത്തെ ജാമ്യം ലഭിച്ചിരുന്നു.

2007 ജനുവരി എട്ടിനാണ് കമ്പനി കല്‍ക്കരി പാടത്തിനായി അപേക്ഷിച്ചതെന്ന് സിബിഐ വിചാരണ കാലത്ത് വ്യക്തമാക്കിയിരുന്നു. എന്നാല്‍ വിസുലിന് പാടം അനുവദിക്കാന്‍ ഝാര്‍ഖണ്ഡ് സര്‍ക്കാരും സ്റ്റീല്‍ മന്ത്രാലയവും ശുപാര്‍ശ നല്‍കിയിരുന്നില്ല. 36ാമത് സ്‌ക്രീനിംഗ് കമ്മിറ്റിയാണ് പാടം അനുവദിക്കാന്‍ ശുപാര്‍ശ നല്‍കിയത്. ഇക്കാലത്തെ കല്‍ക്കരി സെക്രട്ടറി എച്ച്.സി ഗുപ്തയായിരുന്നു സ്‌ക്രീനിംഗ് കമ്മിറ്റി ചെയര്‍മാന്‍.

വിസുല്‍ കമ്പനി ഝാര്‍ഖണ്ഡ് സര്‍ക്കാര്‍ ശിപാര്‍ശ നല്‍കിയിരുന്നില്ലെന്ന കാര്യം കല്‍ക്കരി മന്ത്രാലയത്തിന്റെ ചുമതല വഹിച്ചിരുന്ന അന്നത്തെ പ്രധാനമന്ത്രി മന്‍മോഹന്‍സിംഗില്‍ നിന്നും കാര്യങ്ങള്‍ ഗുപ്ത മറച്ചുവെച്ചുവെന്നും സിബിഐ വ്യക്തമാക്കി.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.