ഇവിടെ തീവില; അതിര്‍ത്തി കടന്നാല്‍ വില കുറയും

Wednesday 13 December 2017 2:31 pm IST

പുനലൂര്‍: കേരളമാര്‍ക്കറ്റില്‍ പച്ചക്കറിക്ക് വില ഏറുമ്പോഴും കേരള അതിര്‍ത്തി പിന്നിട്ട് തമിഴ് ഗ്രാമങ്ങളില്‍ എത്തിയാല്‍ വില കുറയും കേരളത്തില്‍ മാര്‍ക്കറ്റില്‍ വില കുത്തനെ ഉയര്‍ന്ന ചെറിയ ഉള്ളിക്ക് തമിഴ് ഗ്രാമങ്ങളില്‍ വിളവെടുക്കുന്ന സ്ഥലത്തു നിന്നും വാങ്ങിയാല്‍ 40 രൂപയും, ലേലം കഴിഞ്ഞ് തമിഴ്‌നാട്ടിലെ മാര്‍ക്കറ്റില്‍ എത്തുമ്പോള്‍ 60 രൂപ.
ആര്യങ്കാവ് ചെക്ക് പോസ്റ്റ് കടന്ന് ജില്ലയുടെ കിഴക്കന്‍മാര്‍ക്കറ്റുകളില്‍ എത്തുമ്പോള്‍ 160- 170 രൂപ വരെ എത്തുന്നു. ഇത്തരത്തില്‍ ഓരോ പച്ചക്കറി ഉത്പന്നങ്ങള്‍ക്കും വിപണി വില നിശ്ചയിക്കുന്നത് ഇടനിലക്കാരായ മൊത്തവ്യാപാരികളാണ്. ഒരു കിലോ ചെറിയ നാരങ്ങ-40, ബീന്‍സ്-30, വഴുതന-40, അമര-30, കോളിഫ്‌ളവര്‍- 40, സവാള-40, തക്കാളി-40 ഇങ്ങനെ പോക്ടന്നു വില.
നാദാപുരം മേഖലയില്‍ ഇപ്പോള്‍ പച്ചമാങ്ങ വിളവെടുത്ത് മാര്‍ക്കറ്റില്‍ എത്തി തുടങ്ങി. കിലോ-40 രൂപയാണ് വില.
ഇതിന് കേരളമാര്‍ക്കറ്റില്‍ വന്‍ വിലയാണ് ഈടാക്കുന്നത്. നീലം മാങ്ങയാണ് ഈ ഭാഗത്ത് ഏറെ മാന്തോപ്പുകളിലും നിറഞ്ഞു നില്‍ക്കുന്നത്.
നാദാപുരത്തിന് പുറമെ കടുവാക്കാട്, ചെങ്കോട്ട, പുളിയറ തുടങ്ങിയ സ്ഥലങ്ങളിലും പച്ച മാങ്ങ കാര്യമായ തോതില്‍ മാര്‍ക്കറ്റില്‍ എത്തുന്നു. ചേമ്പാണ് ഇപ്പോള്‍ ഈ സ്ഥലങ്ങളില്‍ വിളവെടുക്കുന്ന മറ്റൊരു കാര്‍ഷിക ഉത്പന്നം. തമിഴ് ഗ്രാമങ്ങളിലെ വയലേലകളില്‍ കുറ്റിമുല്ലയും പൂവിട്ടു കഴിഞ്ഞു. പച്ചക്കറികളും, വാഴക്കുലയും വാങ്ങാന്‍ കേരള-തമിഴ്‌നാട് സമീപ മാര്‍ക്കറ്റായ പാവൂര്‍ സത്രം, ആര്‍കെ മാര്‍ക്കറ്റ്, എസ്ആര്‍ മാര്‍ക്കറ്റ് എന്നിവിടങ്ങളിലാണ് ഏറെ ലാഭം. ഭാഷയും, പരിചിതരുടെ സഹായവുമുണ്ടെങ്കില്‍ ഈ മാര്‍ക്കറ്റുകളില്‍ നിന്നും യഥേഷ്ടം പച്ചക്കറി വിലക്കുറവില്‍ നേരിട്ട് വാങ്ങാം.
സദ്യവട്ടത്തിനുള്ള ഇലയും ഇവിടെ ലഭിക്കും. ഒരു ഇലയ്ക്ക് ഒരു രൂപ മാത്രമാണ് വില. എന്നാല്‍ ഇത് കേരളമാര്‍ക്കറ്റില്‍ 3-4 രൂപ വരെ വാങ്ങും. തമിഴ് ഗ്രാമമായ കടയത്ത് ഇപ്പോള്‍ ചീവകിഴങ്ങിന്റെ വിളവെടുപ്പ് ആണ്. ഒരു കിലോ ചീവകിഴങ്ങിന് വില-40 രൂപയാണ്. ആവശ്യക്കാര്‍ നേരിട്ട് എത്തിയാല്‍ തമിഴ്‌നാട്ടില്‍ നിന്ന് വലിയ ലാഭത്തിന് പച്ചക്കറികള്‍ വാങ്ങാം.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.