ആരോഗ്യ ഇന്‍ഷുറന്‍സ്: 4.25 ലക്ഷം കൂടുംബങ്ങള്‍ക്ക് കൂടി സൗജന്യ ചികിത്സ

Thursday 14 December 2017 2:45 am IST

കൊച്ചി: കേന്ദ്ര- സംസ്ഥാന സര്‍ക്കാറുകള്‍ സംയുക്തമായി നടപ്പാക്കിയ സമഗ്ര ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതിയില്‍ കൂടുതല്‍ കുടുംബങ്ങള്‍ക്ക് സൗജന്യ ചികിത്സ നല്‍കുന്നു. അടുത്ത സാമ്പത്തിക വര്‍ഷം 4.25 ലക്ഷം കുടുംബങ്ങളെയാണ് ഉള്‍പ്പെടുത്തുക. ഇതോടെ ആരോഗ്യ ഇന്‍ഷുറന്‍സില്‍ സംസ്ഥാനത്ത് സൗജന്യ ചികിത്സ ലഭിക്കുന്ന കുടുംബങ്ങളുടെ എണ്ണം 39.09 ലക്ഷമായി.

2008ല്‍ ആരംഭിച്ച പദ്ധതിയില്‍ തുടക്കത്തില്‍ 11.78 ലക്ഷം കുടുംബങ്ങളാണ് ഉള്‍പ്പെട്ടിരുന്നത്. ഘട്ടംഘട്ടമായാണ് കൂടുതല്‍ കുടുംബങ്ങളെ ഉള്‍പ്പെടുത്തിയത്. ആദ്യഘട്ടത്തില്‍ ബിപിഎല്‍ കുടുംബങ്ങള്‍ക്ക് മാത്രമായിരുന്നു സൗജന്യ ചികിത്സ. പിന്നീട് വിവിധ ക്ഷേമനിധി തൊഴിലാളികളെക്കൂടി പദ്ധതിയില്‍ ഉള്‍പ്പെടുത്തുകയായിരുന്നു. 2017-18 സാമ്പത്തിക വര്‍ഷം 34.84 ലക്ഷം കുടുംബങ്ങളായിരുന്നു പദ്ധതിയിലുണ്ടായിരുന്നത്.

പുതുതായി രജിസ്റ്റര്‍ ചെയ്ത 4.25 ലക്ഷം കുടുംബങ്ങള്‍ക്ക് ജനുവരി അവസാനത്തോടെ ഫോട്ടോയെടുപ്പ് നടത്തി സ്മാര്‍ട്ട് കാര്‍ഡ് വിതരണം ചെയ്യും. വര്‍ഷം 30,000 രൂപയുടെ സൗജന്യ ചികിത്സയാണ് തിരഞ്ഞെടുത്ത സര്‍ക്കാര്‍-സ്വകാര്യ ആശുപത്രികളില്‍ ലഭിക്കുക. കൂടാതെ, 60 വയസ്സ് കഴിഞ്ഞ ഓരോരുത്തര്‍ക്കും 30,000 രൂപയുടെ അധിക ചികിത്സയും നല്‍കും. ചികിത്സാ സഹായം ഒരുലക്ഷമാക്കാന്‍ നേരത്തെ ആലോചനയുണ്ടായിരുന്നു. എന്നാല്‍, ഇക്കാര്യത്തില്‍ അന്തിമ തീരുമാനമായിട്ടില്ല.

കൂടുതല്‍ കുടുംബങ്ങളെ ഉള്‍പ്പെടുത്തിയതോടെ, ചികിത്സാ കേന്ദ്രങ്ങളുടെ എണ്ണം ഉയര്‍ത്താനും ആലോചിക്കുന്നുണ്ട്. കൂടുതല്‍ സ്വകാര്യ ആശുപത്രികളെ പദ്ധതിക്ക് കീഴില്‍ കൊണ്ടുവരാനാണ് നീക്കം.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.