കൊച്ചി: ദി ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ചാര്‍ട്ടേഡ് അക്കൗണ്ടന്റ്സ് ഓഫ് ഇന്ത്യ (ഐസിഎഐ) എറണാകുളം ശാഖയുടെ സുവര്‍ണ ജൂബിലിയാഘോഷ പരിപാടികള്‍ 15, 16 തീയതികളില്‍ ഇടപ്പള്ളി മാരിയറ്റ് ഹോട്ടലില്‍ നടക്കും.
16ന് വൈകിട്ടു നാലു മണിക്കു മുഖ്യമന്ത്രി പിണറായി വിജയന് ജൂബിലിയാഘോഷങ്ങള്‍ ഉദ്ഘാടനം ചെയ്യും. പ്രൊഫ. കെ.വി. തോമസ് എംപി, ഐസിഎഐ പ്രസിഡന്റ് നിലേഷ് എസ്. വികാംസേ എന്നിവര്‍ വിശിഷ്ടാതിഥികളാകും. ഐസിഎഐ കേന്ദ്ര കൗണ്‍സിലംഗം ബാബു ഏബ്രഹാം കള്ളിവയലില്‍, ഐസിഎഐയുടെ സിപിഇ കമ്മിറ്റി ചെയര്മാന് വിജയ് കുമാര്‍ ഗുപ്ത, റീജ്യണല്‍ കൗണ്‍സില്‍ അംഗം ജോമോന് കെ. ജോര്‍ജ് എന്നിവര്‍ ആശംസകള്‍ നേരും. മുതിര്‍ന്ന അംഗങ്ങളെ ചടങ്ങില്‍ ആദരിക്കും.
സുവര്‍ണ ജൂബിലിയോടനുബന്ധിച്ച് എറണാകുളം ശാഖ തിരുവനന്തപുരം റീജ്യണല്‍ കാന്‍സര്‍ സെന്ററുമായി ചേര്‍ന്ന് 18നും 30നും ഇടയ്ക്കു പ്രായമുള്ളവര്‍ക്കു വേണ്ടി നടപ്പാക്കുന്ന കര്‍ത്തവ്യ ക്യാന്‍സര്‍ കെയര്‍ പദ്ധതി നിലേഷ് വികാംസേയില് നിന്ന് ആദ്യ ചെക്ക് സ്വീകരിച്ച് മുഖ്യമന്ത്രി പിണറായി വിജയന് ഉദ്ഘാടനം ചെയ്യുമെന്ന് ഐസിഎഐ എറണാകുളം ശാഖാ ചെയര്മാന് ലൂക്കോസ് ജോസഫ്, സെക്രട്ടറി ജേക്കബ് കോവൂര്‍, കേന്ദ്ര കൗണ്‍സിലംഗം ബാബു ഏബ്രഹാം കള്ളിവയലില്‍ എന്നിവര്‍ അറിയിച്ചു.
സുവര്‍ണ ജൂബിലി സ്മാരക പോസ്റ്റല്‍ കവറിന്റെ പ്രകാശനവും രക്തദാനത്തിനുള്ള വെബ്സൈറ്റിന്റെ ലോഞ്ചിങ്ങും നടക്കും. 16ന് രണ്ടു മണിക്ക് ചരക്കുസേവന നികുതി സംബന്ധിച്ചു പാനല്‍ ചര്‍ച്ച നടക്കും. അഡ്വ. ഫിറോസ് അന്ധ്യാരുജിന (മുംബൈ), എം.പി. വിജയകുമാര്‍ (ചെന്നൈ), മോഹന്‍ ആര്.ലവി (ബെംഗളൂരു), ജതിന് ക്രിസ്റ്റോഫര്‍ (ബെംഗളൂരു), അഡ്വ.കെ. വൈത്തീശ്വരന്‍ (ചെന്നൈ) എന്നിവര്‍ പ്രബന്ധങ്ങള്‍ അവതരിപ്പിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: