കടുവാ സംരക്ഷണം ശബരിമലയെ ബാധിക്കരുതെന്ന്‌ കോടതിയെ ബോധ്യപ്പെടുത്തും: മുഖ്യമന്ത്രി

Friday 28 September 2012 10:49 pm IST

തിരുവനന്തപുരം: കടുവസങ്കേതകങ്ങളുടെ സംരക്ഷണവുമായി ബന്ധപ്പെട്ട്‌ സുപ്രീംകോടതിയുടെ പരിഗണനയിലിരിക്കുന്ന മാര്‍ഗനിര്‍ദ്ദേശങ്ങളെക്കുറിച്ച്‌ കേരളത്തിന്റെ നിലപാട്‌ തിങ്കളാഴ്ച സുപ്രീംകോടതിയെ അറിയിക്കുമെന്ന്‌ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. പ്രസ്തുത നിയന്ത്രണങ്ങള്‍ ശബരിമല തീര്‍ത്ഥാടനതെ ബാധിക്കാതിരിക്കേണ്ടതിന്റെ ആവശ്യകത സുപ്രീംകോടതിയെ ബോധ്യപ്പെടുത്തുമെന്ന്‌ അദ്ദേഹം പറഞ്ഞു. വനം-വന്യജീവി വകുപ്പ്‌, ദേവസ്വംബോര്‍ഡ്‌ തുടങ്ങി ബന്ധപ്പെട്ടവരുമായി കൂടിയാലോചിച്ച്‌ ഇതുസംബന്ധിച്ച സത്യവാങ്മൂലംനല്‍കാന്‍ അഡ്ക്കേറ്റ്‌ ജനറലിനെ ചുമതലപ്പെടുത്തി.
ശബരിമലയുടെ എല്ലാ കാര്യങ്ങളും സുപ്രീംകോടതിക്കറിയാം. അടുത്ത അമ്പതുവര്‍ഷത്തെ വികസനം വിഭാവനം ചെയ്തിട്ടുള്ള ശബരിമല മാസ്റ്റര്‍പ്ലാന്‍ തയ്യാറാക്കിയത്‌ സുപ്രീംകോടതിയുടെ നിര്‍ദ്ദേശപ്രകാരമാണ്‌. 12.67 ഹെക്ടര്‍ സ്ഥലം ടൈഗര്‍ റിസര്‍വില്‍ നിന്നും കേന്ദ്രസര്‍ക്കാര്‍ വിട്ടുനല്‍കിയതും സുപ്രീംകോടതിയുടെ അനുമതിയോടെയാണ്‌. ശബരിമലയുടെ വികസനത്തിന്‌ ഇതുവരെ അനുമതി നല്‍കുകയും ഇനിയുള്ള ആവശ്യങ്ങളെക്കുറിച്ച്‌ തികച്ചും ബോധ്യവുമുള്ള സുപ്രീംകോടതിയെ കാര്യങ്ങള്‍ ബോധ്യപ്പെടുത്താന്‍ കഴിയുമെന്ന്‌ മുഖ്യമന്ത്രി പറഞ്ഞു.
2003ല്‍ ഭൂട്ടാസിംഗ്‌ ചെയര്‍മാനായ പബ്ലിക്‌ അക്കൗണ്ട്സ്‌ കമ്മറ്റി ശബരിമല സന്ദര്‍ശിച്ചിരുന്നു. അവിടത്തെ അടിസ്ഥാന സൗകര്യങ്ങളുടെ അപര്യാപ്തതയില്‍ കമ്മറ്റി കേന്ദ്രസംസ്ഥാന സര്‍ക്കാരുകളെ വിമര്‍ശിക്കുകയും നടപടി എടുക്കാന്‍ ആവശ്യപ്പെടുകയും ചെയ്തു. തുടര്‍ന്ന്‌ 2004 ല്‍ യുഡിഎഫ്‌ സര്‍ക്കാര്‍ ശബരിമല വികസനത്തിന്‌ വനഭൂമി വിട്ടുനല്‍കണമെന്ന്‌ ആവശ്യപ്പെട്ട്‌ പ്രധാനമന്ത്രിക്ക്‌ നിവേദനം നല്‍കി. പരിസ്ഥിതി മന്ത്രാലയം ഇവിടെ വന്ന്‌ പരിശോധിക്കുകയും മാസ്റ്റര്‍പ്ലാന്‍ തയ്യാറാക്കാന്‍ ആവശ്യപ്പെടുകയും ചെയ്തു. ഈ മാസ്റ്റര്‍പ്ലാന്‍ പരിസ്ഥിതി മന്ത്രാലയവും കേന്ദ്ര എംപവേര്‍ഡ്‌ കമ്മറ്റിയും പ്രധാനമന്ത്രി ചെയര്‍മാനായ നാഷണല്‍ വൈല്‍ഡ്‌ ലൈഫ്‌ ബോര്‍ഡും അംഗീകരിച്ചു. ഇത്‌ സുപ്രീംകോടതിയുടെ അനുമതിക്ക്‌ സമര്‍പ്പിക്കുകയും അവരുടെ അനുമതിയോടെ 12.67 ഹെക്ടര്‍ സ്ഥലം കേന്ദ്രസര്‍ക്കാര്‍ വനംമേഖലയില്‍ നിന്ന്‌ വിട്ടുതരികയും ചെയ്തു.
നൂറ്റാണ്ടുകള്‍ പഴക്കമുള്ള കാനനക്ഷേത്രമാണ്‌ ശബരിമലയിലേത്‌. കടുവാസങ്കേതം വരുന്നതിനു മുമ്പും അവിടെ ക്ഷേത്രമുണ്ടായിരുന്നു. ശബരിമലയില്‍ എത്തുന്നവര്‍ വെറും സന്ദര്‍ശകരല്ല. മറിച്ച്‌ ഭക്തജനങ്ങളാണ്‌. മറ്റു കാനനക്ഷേത്രങ്ങളുമായി ഇതിനു താരതമ്യമില്ല. ടൈഗര്‍ റിസര്‍വിന്റെ ബഫര്‍ സോണിലാണ്‌ ശബരിമലയുള്ളത്‌. കോര്‍ ഏരിയ അല്ല. കടുവകളുടെ ആവാസവ്യവസ്ഥയെ ശബരിമല തീര്‍ത്ഥാനം ബാധിക്കാറില്ല.
രാജ്യമെമ്പാടുനിന്നും കോടിക്കണക്കിന്‌ ഭക്തജനങ്ങളെത്തുന്ന ശബരിമലയുടെ വികസനത്തിന്‌ സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണ്‌. ശബരിമല മാസ്റ്റര്‍പ്ലാനിന്‌ 2011-12 ല്‍ 15 കോടിയും 2012-13 ല്‍ 25 കോടിയും വിനയോഗിച്ചു. സീറോ വേസ്റ്റ്‌ ശബരിമല പദ്ധതിക്ക്‌ 5 കോടി അനുവദിച്ചു. നിലയ്ക്കല്‍ പാര്‍ക്കിംഗ്‌ ഗ്രൗണ്ട്‌ നവീകരിക്കുകയും ശരംകുത്തി മുതല്‍ കൂടുതല്‍ ക്യൂ കോംപ്ലക്സുകള്‍ തയ്യാറാക്കുകയും ചെയ്തു. പമ്പമുതല്‍ മരക്കൂട്ടം വരെയുള്ള നടപ്പന്തലുകളുടെയും മരക്കൂട്ടത്തെ പുതിയ ക്യൂ കോംപ്ലക്സുകളുടെയും ഉദ്ഘാടനം ഒക്ടോബര്‍ 20ന്‌ നടത്തും. സന്നിധാനത്തെ വലിയ നടപ്പന്തലിന്‌ 27 കോടി രൂപ ചെലവില്‍ രണ്ടാം നില തയ്യാറാക്കുന്നു.
12 കോടി രൂപ ചെലവില്‍ പുതിയ അരവണ പ്ലാന്റും പമ്പയില്‍ നിന്നും സന്നിധാനത്തേക്ക്‌ സമാന്തര കുടിവെള്ള പൈപ്പുലൈനും സ്ഥാപിക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുന്നു. സന്നിധാനത്തേക്ക്‌ റോപ്പ്‌വേ നടപടികള്‍ക്ക്‌ തുടക്കം. 5 കോടി രൂപ ചെലവില്‍ കുന്നാര്‍ ഡാം വിപുലീകരിക്കുന്നു. 67 കോടി രൂപ ചെലവിലാണ്‌ ഇത്തവണ ശബരിമല റോഡുകളുടെ ഹെവി മെയിന്റനന്‍സ്‌ നടത്തുന്നത്‌. കണമല പാലം നിര്‍മ്മാണത്തിന്‌ 7 കോടിയും പേങ്ങാട്ടുകടവ്‌ പാലത്തിന്‌ 3 കോടിയും പേരൂര്‍ച്ചാല്‍ പാലത്തിന്‌ 5.7 കോടിയും അനുവദിച്ചു. കണമല പാലം നിര്‍മ്മിക്കുന്നതിന്‌ കേന്ദ്രവനം പരിസ്ഥിതി മന്ത്രാലയത്തിന്റെ അനുമതി ലഭിച്ചു. പുല്ലുമേടില്‍ 102 തീര്‍ത്ഥാടകരുടെ മരണത്തിനിടയാക്കിയ ദുരന്തത്തെക്കുറിച്ച്‌ അന്വേഷിച്ച ജസ്റ്റിസ്‌ ഹരിഹരന്‍ നായര്‍ കമ്മീഷന്റെ റിപ്പോര്‍ട്ടിലെ നിര്‍ദ്ദേശങ്ങള്‍ നടപ്പാക്കിവരുന്നു. ഇതനുസരിച്ച്‌ പുല്ലുമേടിലും മറ്റ്‌ സമാന സ്ഥലങ്ങളിലും സുരക്ഷാസൗകര്യങ്ങള്‍ മെച്ചപ്പെടുത്താന്‍ നടപടിയായി. സുരക്ഷാ മാന്വല്‍ തയ്യാറാക്കുകയും ചെയ്തുവെന്ന്‌ മുഖ്യമന്ത്രി അറിയിച്ചു.
സ്വന്തം ലേഖകന്‍


പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.