ചിറക്കുളം നവീകരിക്കാന്‍ നടപടിയില്ല

Thursday 14 December 2017 12:00 am IST

പി.എസ്. രാധാകൃഷ്ണന്‍
ഏറ്റുമാനൂര്‍: പുരാതനമായ ചിറക്കുളം പരിപൂര്‍ണ്ണ നാശത്തിന്റെ വക്കില്‍. ഒരു കാലത്ത് വളരെ വിസ്തൃതമായിരുന്ന ചിറക്കുളം ബസ്സ്റ്റാന്‍ഡ്, മാര്‍ക്കറ്റ്, ഇപ്പോഴത്തെ നഗരസഭാ കാര്യാലയവും കടകളും അടങ്ങിയ വന്‍ കെട്ടിടം മുതലായവയുടെ നിര്‍മ്മിതിക്കായി നികത്തി ഇന്ന് ഒരു ചെറുകുളമായി മാറികഴിഞ്ഞു.
കുളത്തിനു മുകളില്‍ ബഹുനില പാര്‍ക്കിങ് പ്ലാസ നിര്‍മ്മിക്കാനുള്ള നഗരസഭയുടെ തീരുമാനത്തോടെ ശേഷിച്ച ചെറുകുളവും നശിച്ചുപോകാനാണ് സാധ്യത. ജില്ലാ പഞ്ചായത്ത് അംഗമായിരുന്ന ജോസ്‌മോന്‍ മുണ്ടക്കലിന്റെ പ്രദേശിക വികസന ഫണ്ടില്‍ നിന്ന് 30 ലക്ഷം രൂപയാണ് ചിറക്കുളം നവീകരണത്തിന് അനുവദിച്ചിരുന്നു. പ്രാഥമികമായി ലഭിച്ച തുക ഉപയോഗിച്ച് നാലു ചുറ്റും സിമന്റ് ക്രാസി നിര്‍മ്മിക്കുകയും, കുറച്ചുഭാഗം ടൈല്‍ വിരിക്കുകയും ചെയ്‌തെങ്കിലും പൂര്‍ത്തിയാകും മുന്‍പ് ഫണ്ട് തീര്‍ന്നു. മിനി ബോട്ടിങ്, വെള്ളച്ചാട്ടം , കുട്ടികളുടെ പാര്‍ക്ക്, ആര്‍ച്ച് ബ്രിഡ്ജ് എന്നിവ നിര്‍മ്മിക്കുവാന്‍ പദ്ധതി തയ്യാറാക്കിയിരുന്നു. .കേരള കോണ്‍ഗ്രസിലെ ജില്ലാ പഞ്ചായത്ത് പ്രസിഡന്റായിരുന്ന നിര്‍മ്മല ജിമ്മിയുമായി ഉണ്ടായ രാഷ്ട്രീയ തര്‍ക്കത്തെ തുടര്‍ന്നു ചിറക്കുളം നവീകരണ പ്രവര്‍ത്തനം തടസ്സപ്പെട്ടു. രണ്ടാംഘട്ട പദ്ധതിക്കുള്ള പണം അനുവദിച്ചില്ല
ഏറ്റുമാനൂര്‍ നഗരസഭയുടെ പരിധിക്കുള്ളില്‍ എല്ലാ പ്രദേശങ്ങളിലും കുടിവെള്ള ക്ഷാമം രൂക്ഷമാണ്. അത്തരം ജലദൗര്‍ലഭ്യത്തിന്റെ കാഠിന്യം കുറയ്ക്കാന്‍ നിലവിലുള്ള കുളങ്ങളും തോടുകളും മറ്റു തണ്ണീര്‍തടങ്ങളും പരിരക്ഷിക്കണമെന്ന കാഴ്ചപ്പാടിന് ജനങ്ങളുടെയിടയില്‍ പ്രാധാന്യം വര്‍ദ്ധിച്ചു വരുന്ന സമയത്താണ് കുളം നശിപ്പിക്കാനുള്ള നഗരസഭയുടെ തീരുമാനം. കാലാകാലങ്ങളായി ഏറ്റുമാനൂര്‍ പഞ്ചായത്ത് ഭരണസമിതിയുടെ അവഗണന മൂലമാണ് വളരെ വലിയ ചിറക്കുളം ചുരുങ്ങി ഇന്നത്തെ ചെറുകുളമായത് എന്ന് ഏറ്റുമാനൂര്‍ നിവാസികള്‍ പറയുന്നു.
2016ല്‍ ഏറ്റുമാനൂരിന് നഗരസഭാ പദവി ലഭിച്ചെങ്കിലും ഭരണാധികാരികളുടെ കാഴ്ചപ്പാട് നഗരം ആവശ്യപ്പെടുന്ന നിലവാരത്തിലെക്ക് ഉയരാത്തതിന്റെ തെളിവാണ് വികലവും അശാസ്ത്രീയവമായ നിര്‍മ്മാണങ്ങള്‍ക്കുള്ള പുറപ്പാട് എന്നാണ് ആക്ഷേപം. കുടിവെള്ള ക്ഷാമവും മാലിന്യങ്ങളും പൊട്ടിപ്പൊളിഞ്ഞ നിരത്തുകളും കൊണ്ട് നഗരവാസികളുടെ ജീവിതം ദുരിതപൂര്‍ണ്ണമാണ്. ഇതിന് പരിഹാരം കാണാതെയാണ് അധികാരികള്‍ മള്‍ട്ടിപ്ലക്‌സ് സിനിമാശാലകള്‍ക്കും ബഹുനില പാര്‍ക്കിങ് സൗകര്യത്തിനും വേണ്ടി പരക്കം പായുന്നുന്നത്. നഗരസഭാ കൗണ്‍സില്‍ യോഗങ്ങളില്‍ ജനക്ഷേമ പദ്ധതികര്‍ക്കു പകരം വന്‍ ഷോപ്പിങ് കോംപ്ലക്‌സുകള്‍ നിര്‍മ്മിക്കുന്നതിനുള്ള ആലോനചനകള്‍ മാത്രമാണ് നടക്കുന്നതെന്ന ആക്ഷേപവും ജനങ്ങള്‍ ഉയര്‍ത്തുന്നുണ്ട്. ചിറക്കുളം അപകടപ്പെടുത്തി തികച്ചും അനാവശ്യമായ പാര്‍ക്കിങ് സൗകര്യം ഒരുക്കാനുള്ള നഗരസഭയുടെ നീക്കത്തിനെതിരെ ബഹുജന സംഘടനകള്‍ തന്നെ രംഗത്ത് വന്നു കഴിഞ്ഞു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.