കുറിഞ്ഞി ഉദ്യാനം; ആരോപണ വിധേയനെ വേദിയിലിരുത്തിയ ചര്‍ച്ച പ്രഹസനം: ബിജെപി

Thursday 14 December 2017 2:45 am IST

ഇടുക്കി: കുറിഞ്ഞി ഉദ്യാനവുമായി ബന്ധപ്പെട്ട് ആരോപണ വിധേയനായ ജോയിസ് ജോര്‍ജ് എംപിയെ വേദിയിലിരുത്തി നടത്തിയ ചര്‍ച്ച പ്രഹസനമെന്ന് ബിജെപി ജില്ലാ സമിതി. ജനപ്രതിനിധികളെയും തെരഞ്ഞെടുക്കപ്പെട്ടവരെയും ഉള്‍പ്പെടുത്തി നടന്ന ചര്‍ച്ചയും, കൊട്ടാക്കമ്പൂര്‍ സന്ദര്‍ശനവും ചിലരുടെ താത്പര്യങ്ങള്‍ സംരക്ഷിക്കാനുള്ള നീക്കമാണെന്നും ജില്ലാ പ്രസിഡന്റ് ബിനു ജെ. കൈമള്‍ കുറ്റപ്പെടുത്തി.

ജോയിസ് ഭൂമി കയ്യേറിയിട്ടുണ്ടെന്ന് കണ്ടെത്തി പട്ടയം റദ്ദാക്കിയത് സെറ്റില്‍മെന്റ് ഓഫീസര്‍ കൂടിയായ സബ്കളക്ടറാണ്. അയാളെ വേദിയിലിരുത്തിയാണ് ഉദ്യാന സംരക്ഷണവുമായി ബന്ധപ്പെട്ട ചര്‍ച്ച നടന്നത്. ഇത് സര്‍ക്കാരിന്റെ ആസൂത്രിത നീക്കമാണ്. അദ്ദേഹം പറഞ്ഞു. ജനപ്രതിനിധി മുമ്പിലിരിക്കെ ഉദ്യോഗസ്ഥര്‍ക്കോ സാധാരണക്കാര്‍ക്കോ ഒന്നും പ്രവര്‍ത്തിക്കാനോ ചോദിക്കാനോ ആകില്ല.

ഉത്തരം മുട്ടി എംപി
മൂന്നാര്‍: വട്ടവട പഞ്ചായത്തിലെ വികസനകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി അധ്യക്ഷനും ബിജെപി അംഗവുമായ അളകറിന്റെ ചോദ്യത്തിന് മുന്നില്‍ ഉത്തരമുട്ടി ഇടുക്കി എംപി ജോയിസ് ജോര്‍ജ്. 2006ല്‍ കുറിഞ്ഞി ഉദ്യാനമായി പ്രഖ്യാപിച്ച സ്ഥലത്തിന് മാറ്റം വരുത്താനുള്ള അധികാരം കേന്ദ്രത്തില്‍ നിക്ഷിപ്തമായിരിക്കെ സര്‍ക്കാര്‍ നടപടിയുമായി മുന്നോട്ട് പോകുന്നത് എന്ത് അടിസ്ഥാനത്തിലാണെന്നാണ് അളകര്‍ മന്ത്രിസംഘത്തോട് ചോദിച്ചു.

ഏറെക്കാലമായി കേസുകള്‍ സുപ്രീംകോടതിയില്‍ കൈകാര്യം ചെയ്യുന്ന തനിക്ക് എത്തരത്തില്‍ മുന്നോട്ട് പോയാല്‍ ഇത് ഒഴിവാക്കാനാകുമെന്ന് അറിയാമെന്ന് എംപി ഇടയില്‍ കയറി മറുപടിയായി പറഞ്ഞു. ഏത് വകുപ്പു പ്രകാരമാണ് ഉദ്യാനത്തിന്റെ അതിര്‍ത്തി പുനര്‍ നിര്‍ണ്ണയിക്കുന്നതെന്ന് അളകര്‍ ചോദിച്ചപ്പോള്‍ നിയമം പഠിപ്പിക്കേണ്ടെന്ന് ആക്രോശിച്ച് അവിടെ ഇരിക്കാന്‍ പറയുകയായിരുന്നു. ചിലരുടെ താല്പര്യങ്ങള്‍ സംരക്ഷിക്കുന്നതിനായി തട്ടിക്കൂട്ടിയതാണ് യോഗമെന്ന് അളകര്‍ ജന്മഭൂമിയോട് പറഞ്ഞു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.