അര്‍ഹരായവരെ ഒഴിവാക്കി ഓഖി: കരയില്‍ നിന്ന് കടല്‍ കാണുന്നവര്‍ക്കും സഹായം ലഭിച്ചു

Thursday 14 December 2017 2:45 am IST

ആലപ്പുഴ: ഓഖി ചുഴലിക്കാറ്റിനെത്തുടര്‍ന്ന് കടലില്‍ പോകാന്‍ കഴിയാത്ത മത്സ്യത്തൊഴിലാളി കുടുംബത്തിന് സര്‍ക്കാര്‍ പ്രഖ്യാപിച്ച അടിയന്തര ധനസഹായം ലഭിച്ചതില്‍ അനര്‍ഹരും ഏറെ. മത്സ്യത്തൊഴിലാളി ക്ഷേമനിധി ബോര്‍ഡില്‍ അംഗങ്ങളായവരില്‍ വ്യാജ തൊഴിലാളികള്‍ ഏറെയുണ്ടെന്ന് തെളിയിക്കുന്നതാണ് ധനസഹായം ലഭിച്ചവരുടെ വിവരങ്ങള്‍.

ഇതുവരെ കടലില്‍ ഇറങ്ങാത്തവര്‍ക്കു പോലും ഓഖി ചുഴലിക്കാറ്റിന്റെ പേരില്‍ അടിയന്തര ധനസഹായം ലഭിച്ചു. ഒരാഴ്ചത്തേക്ക് ഒരു കുടുംബത്തിന് 2,000 രൂപ വീതമാണ് സര്‍ക്കാര്‍ നല്‍കിയത്. ഈ തുക അക്കൗണ്ടില്‍ നിക്ഷേപിക്കുകയായിരുന്നു. ആലപ്പുഴ ജില്ലയില്‍ മാത്രം 22,000 കുടുംബങ്ങള്‍ക്കാണ് ധനസഹായം നല്‍കിയത്. മത്സ്യത്തൊഴിലാളികളില്‍ അറുപത് വയസിനു താഴെ പ്രായമുള്ള ക്ഷേമനിധിയി ബോര്‍ഡിലും സുരക്ഷാ സ്‌കീമിലും അംഗത്വമുള്ളവര്‍ക്കാണ് സഹായം നല്‍കുന്നത്.

ഓഖി ദുരന്തത്തെ കുറിച്ച് മാധ്യമങ്ങളിലൂടെ മാത്രം വിവരമുള്ളവരുടെയും അക്കൗണ്ടില്‍ 2,000 രൂപ എത്തി. ക്ഷേമനിധി ബോര്‍ഡില്‍ അംഗത്വം ഉള്ളതിനാലാണ് പണം ലഭിച്ചത്. ഏതെങ്കിലും മത്സ്യത്തൊഴിലാളി സംഘടനകളുടെയോ, സാമുദായിക സംഘടനകളുടെയും ശുപാര്‍ശയില്‍ നിരവധി വ്യാജന്മാര്‍ മത്സ്യത്തൊഴിലാളി ക്ഷേമനിധി ബോര്‍ഡില്‍ അംഗത്വം നേടിയിട്ടുണ്ട്. മറ്റു ക്ഷേമനിധി ബോര്‍ഡുകളുടെയും അവസ്ഥ ഇതു തന്നെ.

ഓഖിയുടെ യഥാര്‍ത്ഥ കെടുതി അനുഭവിച്ച മത്സ്യത്തൊഴിലാളികള്‍ക്കും കുടുംബങ്ങള്‍ക്കും ഇപ്പോഴും സഹായവും ലഭിച്ചിട്ടില്ല. അവര്‍ക്ക് ക്ഷേമനിധി ബോര്‍ഡ് അംഗത്വം ഇല്ലാത്തതാണ് അവഗണിക്കപ്പെടാന്‍ കാരണം. അറുപത് വയസിനു മുകളിലുള്ളവര്‍ക്ക് സര്‍ക്കാര്‍ സഹായം ലഭിക്കില്ലെന്നത് നിരവധി കുടുംബങ്ങള്‍ക്ക് തിരിച്ചടിയാകും. 1985ല്‍ ആരംഭിച്ച ക്ഷേമനിധി ബോര്‍ഡില്‍ സംസ്ഥാനത്തെ മുഴുവന്‍ മത്സ്യത്തൊഴിലാളികളെയും അംഗങ്ങളാക്കാന്‍ സാധിച്ചിട്ടില്ല. ക്ഷേമനിധിയുടെ കടമ്പകളും ഇതേക്കുറിച്ചുള്ള അജ്ഞതയും കാരണമാണ് പലരും അംഗത്വമെടുക്കാത്തത്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.