ഇഎംഎസിന് പിണറായിയുടെ തിരുത്ത്

Thursday 14 December 2017 2:45 am IST

കാലടിയിലെ ശ്രീശങ്കര സംസ്‌കൃതസര്‍വ്വകലാശാലയുടെ സില്‍വര്‍ജൂബിലി ആഘോഷത്തിന്റെ ഉദ്ഘാടനവേളയില്‍ ആദിശങ്കരനെയും സംസ്‌കൃതത്തെയും അംഗീകരിച്ചുകൊണ്ട് പിണറായി വിജയന്‍ സംസാരിച്ചത് എത്രയും അഭിനന്ദനമര്‍ഹിക്കുന്നു. ശങ്കരന്റെ ദിഗ്‌വിജയത്തെയും ദര്‍ശനങ്ങളേയും ഒരു വിഭാഗം തള്ളിപ്പറഞ്ഞിരുന്നതില്‍നിന്ന് പുതിയ കേരളം മാറിച്ചിന്തിക്കുന്നതിന്റെ സൂചനയായി വേണം ഇതിനെ കണക്കാക്കാന്‍.

സംസ്‌കൃതവും ഭഗവദ്ഗീതയും വ്യാസനും വാല്മീകിയും ശങ്കരനും എല്ലാമാണ് ഈ നാടിന്റെ സംസ്‌കൃതി എന്ന് മുഖ്യമന്ത്രി തെളിച്ച് പറഞ്ഞിരിക്കുന്നു. എന്നുമാത്രമല്ല, ഈ ജ്ഞാനസ്രോതസ്സുകളെ ജനങ്ങളില്‍ എത്തിക്കുന്ന ദൗത്യമായിരിക്കണം ശങ്കരന്റെ പേരിലുള്ള സര്‍വ്വകലാശാല ഏറ്റെടുക്കേണ്ടതെന്നും അര്‍ത്ഥശങ്കയ്ക്ക് ഇടയില്ലാത്തവിധം പിണറായി പ്രസ്താവിച്ചിരിക്കുന്നു.

കാലത്തിന്റെയും ചിന്തയുടെയും ഈ മാറ്റം കേരളത്തിലെ പുരോഗമനത്തിന്റെ വക്താക്കളെന്നു പറയുന്ന മുഴുവന്‍പേര്‍ക്കും ഉണ്ടാകേണ്ടതാണ്. കാരണം ഒരുകാലത്ത് ശങ്കരനും ഭഗവദ്ഗീതയുമൊക്കെ നമ്മുടെ നാശത്തിനും അധഃപതനത്തിനും കാരണമായിരുന്നു എന്നു പറഞ്ഞിട്ടുള്ളവരായിരുന്നു കേരളത്തിലെ ഇടതുപക്ഷം. സംസ്‌കൃതസര്‍വ്വകലാശാല തുടങ്ങാന്‍ ആലോചിച്ചപ്പോള്‍ത്തന്നെ സംസ്‌കൃതം മൃതഭാഷയാണെന്നും അതിനായി കോടികള്‍ ചെലവഴിക്കുന്നത് പാഴാണെന്നുമായിരുന്നു ഇ.എം.ശങ്കരന്‍ നമ്പൂതിരിപ്പാടിന്റെ അഭിപ്രായം.

എന്നുമാത്രമല്ല ശങ്കരദര്‍ശനത്തിന് ഇക്കാലത്ത് യാതൊരു പ്രസക്തിയുമില്ലെന്നും, കമ്മ്യൂണിസ്റ്റുകാര്‍ ശങ്കരന്റേതിന് എതിരായ നിലപാടിലാണ് നില്‍ക്കുന്നതെന്നും ഇ.എം.എസ്. പറയുകയുണ്ടായി. ശങ്കരനാണ് ഭാരതത്തിന്റെ ഭൗതികവും ശാസ്ത്രീയവുമായ പുരോഗതിയെ തടഞ്ഞതെന്നുംകൂടി പറഞ്ഞുവച്ചു നമ്പൂതിരിപ്പാട്. 1989 ഏപ്രില്‍ 23 നു കാലടിയില്‍ വച്ചുനടന്ന 1200-ാം ശങ്കരജയന്തി സെമിനാര്‍ ഉദ്ഘാടനം ചെയ്തുകൊണ്ടായിരുന്നു നമ്പൂതിരിപ്പാട് നിലപാട് വ്യക്തമാക്കിയത്.

ഇന്ന് കാലവും വീക്ഷണവും മാറിവരുന്നഘട്ടത്തില്‍ കാലത്തിന്റെ ചുവരെഴുത്ത് വായിക്കാന്‍ തയ്യാറായിരിക്കുകയാണോ പിണറായി വിജയന്‍? പാരമ്പര്യത്തെയും സംസ്‌കൃതിയേയും തള്ളിപ്പറഞ്ഞിരുന്ന പഴയ നിലപാടില്‍നിന്നുള്ള ഇടതുപക്ഷത്തിന്റെ മാറ്റമായി വേണം മുഖ്യമന്ത്രിയുടെ അഭിപ്രായത്തെ വിലയിരുത്താന്‍. അത് ശുഭോദര്‍ക്കമാണ്. ഈ മണ്ണിന്റെ മണവും ഗുണവും തന്നെയാണ് നമുക്ക് പ്രധാനം.

വിദേശനയങ്ങളും തത്വശാസ്ത്രങ്ങളും എത്രതന്നെ നല്ലതായിരുന്നാലും ഈ മണ്ണിന് അത് ചേരുകയില്ലെന്ന തിരിച്ചറിവ് എല്ലാവര്‍ക്കുമുണ്ടാകണം. ആ തിരിച്ചറിവിന്റെ പ്രഖ്യാപനമാണ് കഴിഞ്ഞ ദിവസം മുഖ്യമന്ത്രിയുടെ പ്രസംഗത്തിലൂടെ പുറത്തുവന്നതെന്ന് കരുതണം.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.