സ്വാതന്ത്ര്യതന്ത്രം

Thursday 14 December 2017 2:45 am IST

ഞാന്‍ എന്റേതെന്നും അവളുടെ മാതാപിതാക്കള്‍ അവരുടേതെന്നും അവകാശപ്പെടുന്ന അവളുണ്ടല്ലൊ, അവള്‍ യഥാര്‍ത്ഥത്തില്‍ ആപാദചൂഡം എനിക്കു മാത്രം അധികാരാവകാശപ്പെട്ടവളാകുന്നു. നിയമപരമായോ ധാര്‍മ്മികമായോ ഇക്കാര്യത്തില്‍ സന്ദേഹമുണ്ടാകേണ്ട കാര്യമില്ല. വൈരുദ്ധ്യാത്മക ഭൗതികവാദികള്‍ കൂടി ഈ പച്ചയായ യാഥാര്‍ത്ഥ്യത്തെ കലവറയില്ലാതെ പിന്തുണയ്ക്കുന്നുണ്ട്. ജനനേതാധിപത്യ വാദികളുടെ പ്രോത്സാഹനത്തെപ്പറ്റിയാണെങ്കില്‍ വിവരിക്കാന്‍ വാക്കുകളുമില്ല.

പക്ഷേ, അവളുടെ സ്ഥിതിയെന്താണ്? പാവത്തിന് പാരതന്ത്ര്യം തന്നെ; പരതന്ത്രതയുടെ പാരമ്യം! മാതാ പിതാ ഗുരു ദൈവം എന്നിവരുടെ തടങ്കലിലാണ് അവള്‍. അടക്കത്തോടെയും ഒതുക്കത്തോടെയും ജീവിക്കണമെന്ന് മാതാവ് അവളോട് അനുശാസിക്കുന്നു. പിതാവിന്റേയും സഹോദരന്റേയും സംരക്ഷണവലയം അവള്‍ക്കെപ്പോഴുമുണ്ടാകുമെന്ന് പിതാവ് അവളെ നിരന്തരം താക്കീതു ചെയ്യുന്നു. വികാരത്തേക്കാള്‍ മഹത്തരം വിവേകമാണെന്ന് ഗുരു അവളെ ഇടതടവില്ലാതെ ഭയപ്പെടുത്തുന്നു. ദൈവമാകട്ടെ മായാവികളില്‍ നിന്ന് രക്ഷിക്കാനെന്ന മട്ടില്‍ ലക്ഷ്മണരേഖകള്‍ ചമച്ച് അവളുടെ മോഹങ്ങള്‍ക്ക് അവിരാമം അതിര്‍ത്തികള്‍ നിര്‍ണ്ണയിക്കുന്നു. ചുരുക്കത്തില്‍ സ്വാതന്ത്ര്യം അവള്‍ക്ക് മരീചികയാകുന്നു. സ്ത്രീ അപലയും ചപലയുമാണെന്ന് പ്രചരിപ്പിച്ച് സ്‌ത്രൈണസ്വാതന്ത്ര്യത്തെ സമ്പൂര്‍ണ്ണമായി നിഷേധിക്കുകയാണ് കപടസദാചാരവാദികള്‍. ചാരമാകേണ്ട സദാചാരത്തിനു വേണ്ടി വാദിക്കാനും ആള്‍ക്കാരുണ്ടല്ലോ!

എന്നെ പ്രണയിച്ചതോ അവള്‍ ചെയ്ത മഹാപരാധം? സത്യമായിട്ടും പ്രപഞ്ചത്തിന് എത്രയോ മുമ്പേ പ്രണയമുണ്ടായിരുന്നു. ഇനി, പ്രപഞ്ചത്തെ തന്നെ നാമാവശേഷമാക്കിയാലും പ്രണയം നിലനില്‍ക്കും. അതേ നിലനില്‍ക്കൂ. അനുരോഗത്തിനേ, ക്ഷമിക്കണം, നാക്കുപിഴച്ചതാ, അനുരാഗത്തിനേ അമരത്വമുള്ളൂ!

ഞാനൊരു ഭീകരവാദിയാണു പോലും! താടിയും മുടിയും വളര്‍ത്തിയതുകൊണ്ട് ആരെങ്കിലും ഭീകരനാവുമോ? ഏറിയാല്‍ ഭ്രാന്തനെന്നോ ബുദ്ധിജീവിയെന്നോ ആക്ഷേപിക്കാം. ശ്മശ്രുവാണ് നിഷ്ഠുരതയുടെ മാനദണ്ഡമെങ്കില്‍, കടാക്ഷിക്കുന്നവരില്‍ ഭീതി ആവിര്‍ഭവിപ്പിക്കുന്ന മീശ എനിക്കില്ലതാനും! വിശുദ്ധസ്വാതന്ത്ര്യത്തിനു വേണ്ടി ലോകത്തിന്റെ ചില ഭാഗങ്ങളില്‍ യുദ്ധങ്ങള്‍ നടത്തുന്നവരുമായി ഞാന്‍ ബന്ധപ്പെടാറുണ്ടെന്നത് ശരിയാണ്. എന്നെ വിവാഹം ചെയ്തു കഴിഞ്ഞാല്‍ അവള്‍ക്കും പ്രസ്തുത പുണ്യയുദ്ധങ്ങളില്‍ പങ്കാളിയാകാം. കല്യാണം കഴിഞ്ഞ് ഭര്‍ത്താവിനോട് യുദ്ധം ചെയ്യുന്നതിലും എത്രയോ പവിത്രമാണ് കെട്ടിയോനോടൊപ്പം നിന്ന് മറ്റുള്ളവരുടെ പണി കഴിക്കണ ഏര്‍പ്പാട്!(യുദ്ധഭൂമിയില്‍ വരെ ലിംഗനീതി നടപ്പാക്കുന്നവരാണ് എന്നെപ്പോലെയുള്ള വിശാലമനസ്‌കര്‍). പക്ഷേ, ഇതൊക്കെ സാക്ഷാത്കരിക്കണമെങ്കില്‍ അവളെ അവള്‍ടെ വീട്ടുകാരില്‍ നിന്ന് വിമോചിപ്പിക്കേണ്ടേ…

ഞാനുമായി ബന്ധപ്പെടാന്‍ അവളുടെ ആള്‍ക്കാര്‍ അവളെ അനുവദിക്കുന്നില്ല. എനിക്കുവേണ്ടി; ഒലിവ് ഇലകള്‍ക്ക് തുല്യമായ കമ്മ്യൂണിസ്റ്റ് പച്ചയുടെ ഇലകളുമായി, ഒരു വിപ്ലവമഹിള അവളുടെ വീടുപൂകാന്‍ നടത്തിയ ശ്രമത്തെ അവളുടെ ക്രൂരനായ പിതാവ് തടഞ്ഞു. ‘ഇമ്മാതിരി പച്ചിലകള്‍ നിങ്ങളുടെ പുത്രിക്ക് കൊടുക്കുമോ’ എന്ന അയാളുടെ പിന്തിരിപ്പന്‍ ചോദ്യത്തിന് ‘സൈദ്ധാന്തികമായും ദാര്‍ശനികമായും താത്ത്വികമായും വിചിന്തിച്ചശേഷം അഭിപ്രായം പ്രകടിപ്പിക്കാ’മെന്ന് സ്‌ത്രൈണസ്വാതന്ത്ര്യവാദിനി പറഞ്ഞതായുള്ള റിപ്പോര്‍ട്ടുകള്‍ ഞാന്‍ വിശ്വസിക്കുന്നില്ല. അവളെ സ്വതന്ത്രയാക്കാന്‍ പു-രോഗ-മനക്കാര്‍ നടത്തിയ സര്‍വ്വശ്രമങ്ങളും നിര്‍ഭാഗ്യവശാല്‍ പരാജയപ്പെട്ടിരിക്കുകയാണ്.

ഈയടുത്തകാലത്ത് ‘വിടമാട്ടേ….?’ എന്നവള്‍ അവള്‍ക്കറിയാത്ത ഭാഷയില്‍ അവളുടെ നീചനായ പിതാവിനോട് ഉരിയാടിയത്രേ! എന്താണിത് സൂചിപ്പിക്കുന്നത്? വീട്ടുകാരുടെ തടങ്കലില്‍നിന്ന് രക്ഷപ്പെടാനും എന്നെ വരിക്കാനുമുള്ള അവളുടെ സ്വാതന്ത്ര്യതൃഷ്ണയല്ലേ….
ഒന്നേ എനിക്ക് അപേക്ഷിക്കാനുള്ളൂ. അവളെ അവളുടെ ആള്‍ക്കാരില്‍നിന്ന് ഉടന്‍ മോചിപ്പിക്കണം. എന്റെകൂടെ വിടണം. വിട്ട പാടേ അവളുടെ സമ്പൂര്‍ണ്ണ സംരക്ഷണത്തിനായി ഞാനവളെ ഒരു കറുത്ത മൂടുപടംകൊണ്ട് മൊത്തമായി മൂടാം. കേശം മുതല്‍ പാദം വരെ. കറുപ്പിനഴക് എന്ന പാട്ടും പാടാം. തുടക്കത്തിലൊക്കെ ഇമ്മാതിരി പാട്ടുകള്‍ വരെ ആര്‍ക്കും ഇഷ്ടപ്പെടും!

ആ മൂടുപടത്തിന്റെ അതിര്‍ത്തികള്‍ക്കുള്ളിലെ സര്‍വ്വസ്വാതന്ത്ര്യങ്ങളും അവള്‍ക്ക് സുലഭമായി അനുഭവിക്കാം. അതിനുള്ളില്‍നിന്ന് മഹത്തായ സ്വാതന്ത്ര്യത്തിന്റെ കാഹളം മുഴക്കാം. അവള്‍ടെ സമീപത്തുള്ള സമാനമായ മൂടുപടങ്ങളില്‍ നിന്നും ഇമ്മാതിരിയുള്ള കാഹളങ്ങള്‍ ഉയരുന്നുണ്ടാകും. തീര്‍ച്ച. മൊത്തം ശബ്ദകോലാഹലങ്ങളും ഉത്തുംഗസ്വാതന്ത്ര്യത്തിന്റെ ഉല്ലാസം, ഉത്സാഹം, ഉന്മാദം ഇത്യാദികള്‍ അല്ലെന്നു മാത്രം അപ്പോള്‍ തെറ്റിദ്ധരിക്കരുത്!

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.