ഓഖി; മരണം 66

Thursday 14 December 2017 2:50 am IST

തിരുവനന്തപുരം: സംസ്ഥാനത്ത് ഓഖി ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 66 ആയി. ഇന്നലെ 12 മൃതദേഹം കൂടി കരയ്‌ക്കെത്തിച്ചു. കോഴിക്കോട്, തൃശൂര്‍, കൊച്ചി എന്നിവിടങ്ങളിലാണിത്. കോഴിക്കോട് കടലില്‍ നിന്ന് പത്ത്, തൃശൂര്‍ കൊടുങ്ങല്ലൂര്‍, കൊച്ചി ചെല്ലാനം എന്നിവിടങ്ങളില്‍ നിന്ന് ഓരോ മൃതദേഹവുമാണ് കണ്ടെത്തിയത്.

വിവിധ ജില്ലകളിലെ ആശുപത്രികളില്‍ തിരിച്ചറിയാത്ത 36 മൃതദേഹങ്ങളുണ്ട്. കോഴിക്കോട് 13, തിരുവനന്തപുരം എട്ട്, മലപ്പുറം, തൃശൂര്‍, കൊല്ലം, ജില്ലകളിലായി എട്ടു പേരെയും എറണാകുളം ജില്ലയില്‍ ഏഴു പേരെയുമാണ് തിരിച്ചറിയാനുള്ളത്. ഉള്‍ക്കടലില്‍ മൃതദേഹങ്ങള്‍ ഇനിയുമുണ്ടെന്നാണ് മത്സ്യത്തൊഴിലാളികള്‍ പറയുന്നത്. കാണാതായവരുടെ കണക്കില്‍ അവ്യക്തത തുടരുന്നു. സര്‍ക്കാര്‍ പറയുന്ന കണക്കും ലത്തീന്‍ സഭ നല്‍കുന്ന കണക്കും വ്യത്യസ്തം. ഇരുകൂട്ടര്‍ക്കും അവരവരുടെ കണക്കുകളില്‍ പൂര്‍ണ്ണ ഉറപ്പുമില്ല. ക്രിസ്തുമസിനു മുന്‍പ് മടങ്ങി വരാത്തവരെല്ലാം മരിച്ചെന്ന് കരുതുമെന്നാണ് മത്സ്യത്തൊഴിലാളികള്‍ പറയുന്നത്.

എവിടെ പോയാലും ക്രിസ്തുമസ് നാട്ടില്‍ ആഘോഷിക്കുകയാണ് ഇവരുടെ പതിവ്
കാണാതായ മത്സ്യത്തൊഴിലാളികള്‍ക്ക് വേണ്ടിയുള്ള തെരച്ചില്‍ തുടരാനാണ് കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകള്‍ തമ്മിലെ ധാരണ. മരിച്ചവരുടെ ആശ്രിതര്‍ക്കുള്ള 20 ലക്ഷം ധനസഹായം എത്രയും വേഗം ഒരുമിച്ച് നല്‍കാനും തീരുമാനം. ഉദ്യോഗസ്ഥര്‍ ദുരിതബാധിതരുടെ വീടുകളിലെത്തി ആവശ്യമായ നടപടികള്‍ കൈക്കൊള്ളും.

ധനസഹായം കൈപ്പറ്റാന്‍ ആരും സര്‍ക്കാര്‍ ഓഫിസിലേക്ക് പോകേണ്ടതില്ല. മരിച്ചവരുടെ ആശ്രിതരായി മാതാപിതാക്കളുണ്ടെങ്കില്‍ 20 ലക്ഷം രൂപയില്‍ അഞ്ചു ലക്ഷം രൂപ അവരുടെ സംരക്ഷണത്തിനാകും ക്രമീകരിക്കുക. ബോട്ടും വള്ളവും നഷ്ടമായവര്‍ക്കും ധനസഹായം ഉടന്‍ ലഭ്യമാക്കും. വീട് നഷ്ടമായവര്‍ക്ക് അനുയോജ്യമായ സ്ഥലത്ത് വീട് നല്‍കും.
പുനരധിവാസ പാക്കേജില്‍ ലത്തീന്‍ അതിരൂപതയ്ക്ക് പൂര്‍ണ്ണ തൃപ്തിയില്ല.

സുരക്ഷയും പുനരധിവാസവും ഉറപ്പാക്കാനുള്ള വിവിധ നിര്‍ദ്ദേശങ്ങളടങ്ങിയ നിവേദനം ആര്‍ച്ച് ബിഷപ്പ് സൂസാപാക്യം മുഖ്യമന്ത്രിക്ക് നല്‍കി. പ്രധാനമന്ത്രി ദുരിതബാധിതരെ സന്ദര്‍ശിക്കണമെന്നാവശ്യപ്പെട്ട് ഗവര്‍ണര്‍ക്കും നിവേദനം നല്‍കി.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.