ഹൈമാസ്റ്റ്‌പോള്‍ സ്ഥാപിക്കല്‍: പുതിയ താല്പര്യപത്രം ക്ഷണിക്കുംഹൈമാസ്റ്റ്‌പോള്‍ സ്ഥാപിക്കല്‍: പുതിയ താല്പര്യപത്രം ക്ഷണിക്കും

Wednesday 13 December 2017 10:06 pm IST

കോഴിക്കോട്: ഹൈക്കോടതിയുടെ നിര്‍ദ്ദേശപ്രകാരം, നഗരത്തില്‍ സൗജന്യമായി ഹൈമാസ്റ്റ് പോളുകള്‍ സ്ഥാപിച്ച് ലൈറ്റ്, ക്യാമറ, വൈ ഫൈ എന്നീ സേവനങ്ങള്‍ ലഭ്യമാക്കാനുള്ള ടെന്‍ഡര്‍ റദ്ദാക്കി പുതിയ താല്‍പര്യപത്രം ക്ഷണിക്കാന്‍ തീരുമാനം. ഇന്നലെ ചേര്‍ന്ന കോഴിക്കോട് കോര്‍പറേഷന്‍ കൗണ്‍സില്‍ പ്രത്യേകയോഗത്തിലാണ് ഏകകണ്ഠമായ തീരുമാനം. ഉടന്‍ പുതിയ താല്‍പര്യപത്രം ക്ഷണിക്കാന്‍ മേയര്‍ തോട്ടത്തില്‍ രവീന്ദ്രന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗം തീരുമാനിച്ചു.
ടെന്‍ഡര്‍ ലഭിച്ച ജിയോ കമ്പനിക്കെതിരേ പദ്ധതിയ്ക്കായി താത്പര്യപത്രം സമര്‍പ്പിച്ച ഐഡിയ സെല്ലുലാര്‍ ലിമിറ്റഡ് കമ്പനി ഹൈകോടതിയെ സമീപിച്ചിരുന്നു. വിഷയത്തില്‍ വ്യക്തത വരുത്തി ഐഡിയ സെല്ലുലാര്‍ ലിമിറ്റഡ് കമ്പനിയെ കൂടി നടപടികളുടെ ഭാഗമാക്കണമെന്ന കോടതി ഉത്തരവിനെതുടര്‍ന്നായിരുന്നു ഇന്നലെ കോര്‍പറേഷന്‍ പ്രത്യേക കൗണ്‍സില്‍ യോഗംചേര്‍ന്നത്. എന്നാല്‍ പ്രത്യേക ടെണ്ടര്‍ റദ്ദാക്കി പുതിയതാല്‍പര്യപത്രം ക്ഷണിക്കുന്നതിന്റെ കാരണത്തെ ചൊല്ലി ഇരുപക്ഷവും ചൂടേറിയ ചര്‍ച്ച നടത്തി.
കൗണ്‍സിലില്‍ നേര ത്തെ ഈ വിഷയം ചര്‍ച്ചയ്ക്ക് വന്നപ്പോള്‍ പ്രതിപക്ഷത്തെ 13 കൗണ്‍സിലര്‍മാര്‍ വിയോജനകുറിപ്പ് നല്‍കിയിരുന്നെന്നും അന്ന് തങ്ങള്‍ ആരോപിച്ച അഴിമതി കാര്യങ്ങളാണ് കോടതിയുടെ പരാമര്‍ശമെന്നും യുഡിഎഫ് അംഗങ്ങള്‍ യോഗത്തില്‍ പറഞ്ഞു. എന്നാല്‍ ടെന്‍ഡര്‍ ലഭിക്കാത്ത ഐഡിയ സെല്ലുലാര്‍ ലിമിറ്റഡ് കമ്പനി ഉള്‍പ്പെടെയുള്ള മൂന്ന് കമ്പനികള്‍ താത്പര്യപത്രത്തിന് പുറത്തുള്ളകാര്യങ്ങള്‍ ആവശ്യപ്പെട്ടതിനാലാണ് പരിഗണിക്കാതെ പോയതെന്ന് ഭരണപക്ഷാംഗങ്ങള്‍ വിശദീകരിച്ചു. പ്രതിപക്ഷാംഗങ്ങളുടെ വിയോജനകുറിപ്പുമായി ടെന്‍ഡര്‍ റദ്ദാക്കലിന് യാതൊരു ബന്ധവുമില്ലെന്ന് മേയര്‍ തോട്ടത്തില്‍ രവീന്ദ്രന്‍ വ്യക്തമാക്കി. ധനകാര്യ ഉപസമിതിയിലെ യുഡിഎഫിലെ അംഗങ്ങള്‍ വിയോജന കുറിപ്പ് നല്‍കിയില്ലെന്നതും പരാമര്‍ശിക്കപ്പെട്ടു. ഏക സ്ഥാപനം മാത്രം ടെന്‍ഡറില്‍ പങ്കെടുത്തതിനാല്‍ റീ ടെന്‍ഡന്‍ വിളിക്കണമെന്നായിരുന്നു വിയോജനകുറിപ്പ്.
സങ്കീര്‍ണമായ പ്രക്രിയയെ വീണ്ടും സങ്കീര്‍ണമാക്കാനുള്ള ശ്രമമാണ് നടക്കുന്നതെന്ന് പ്രതിപക്ഷ നേതാവ് പി.എം. സുരേഷ് ബാബു ആരോപിച്ചു. നഗരത്തിന്റെ വികസനത്തിന് നാഴികക്കല്ലാകുമെന്ന നിലയിലാണ് ധനകാര്യകമ്മിറ്റി ഈ പദ്ധതി അംഗീകരിച്ചതെന്ന് ബിജെപി കൗണ്‍സില്‍ ലീഡര്‍ നമ്പിടി നാരായണന്‍ പറഞ്ഞു. കോടതി പരാമര്‍ശത്തില്‍ അപ്പീല്‍ പോകാതിരുന്നത് സുതാര്യമായത് കൊണ്ടാണ്. പദ്ധതിയിലൂടെ നഗരസഭയ്ക്ക് കൂടുതല്‍ വരുമാനം മാത്രമാണ് ലക്ഷ്യം. ആരും രാഷ്ട്രീയമുതലെടുപ്പിന് നില്‍കേണ്ടതില്ലെന്നും അദ്ദേഹം പറഞ്ഞു.
എല്ലാം ജനാധിപത്യമായ രീതിയില്‍ പാലിച്ചാണ് ടെന്‍ഡറെന്ന് കൗണ്‍സില്‍ പാര്‍ട്ടി നേതാവ് കെ.വി. ബാബുരാജ് പറഞ്ഞു. അടിസ്ഥാനരഹിതമായ ആക്ഷേപങ്ങളാണ് പ്രതിപക്ഷം ഉന്നയിക്കുന്നതെന്ന് ഭരണപക്ഷ അംഗം ടി.സി. ബിജുരാജ്. ധനകാര്യകമ്മിറ്റി പാസാക്കിയ അജന്‍ഡയെ അവര്‍തന്നെ കൗണ്‍സിലില്‍ എതിര്‍ക്കുന്ന സ്ഥിതിയാണെന്നും അദ്ദേഹം പറഞ്ഞു. കോര്‍പറേഷന് വരുമാനവും ജനങ്ങള്‍ക്ക് വെളിച്ചവും മാത്രമാണ് പദ്ധതിയുടെ ലക്ഷ്യമെന്ന് ഡെപ്യൂട്ടിമേയര്‍ മീരാദര്‍ശക് പറഞ്ഞു. 2017 ഒക്‌ടോബര്‍ 22ലെ ധനകാര്യകമ്മിറ്റിയോഗമാണ് ജിയോക്ക് ടെന്‍ഡര്‍ നല്‍കാന്‍ തീരുമാനിച്ചതെന്നും അവര്‍ പറഞ്ഞു.
എം. രാധാകൃഷ്ണന്‍, എം. സി. അനില്‍കുമാര്‍, എന്‍.പി. പത്മനാഭന്‍, എം.പി. സുരേഷ്, കെ.ടി. സുഷാജ്, പി. അനിത, കെ.കെ. റഫീഖ്, എം.എം. പത്മാവതി, പി.പി. ബീരാന്‍കോയ, സി.കെ. സീനത്ത്, സി. അബ്ദുറഹ്മാന്‍, അഡ്വ. പി.എം. നിയാസ്, പി. കിഷന്‍ചന്ദ്, സയ്യിദ് മുഹമ്മദ് ഷമീല്‍, കോര്‍പറേഷന്‍ സെക്രട്ടറി മൃണ്‍മയി ജോഷി എന്നിവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.