കോഴിക്കോട്ട് 10 മൃതദേഹങ്ങൾ കണ്ടെത്തി

Thursday 14 December 2017 2:49 am IST

കോഴിക്കോട്: ഓഖി ചുഴലിക്കാറ്റില്‍പ്പെട്ട് കടലില്‍ കാണാതായ പത്ത് മത്സ്യത്തൊഴിലാളികളുടെ മൃതദേഹങ്ങള്‍ കൂടി കോഴിക്കോട്, പൊന്നാനി തീരങ്ങളില്‍ നിന്ന് ഇന്നലെ കണ്ടെത്തി. മറൈന്‍ എന്‍ഫോഴ്‌സ്‌മെന്റ്, തീരദേശ പോലീസ്, കോസ്റ്റ് ഗാര്‍ഡ്, ഫിഷറീസ് എന്നിവര്‍ സംയുക്തമായി നടത്തിയ തെരച്ചിലിലാണിത്. കോഴിക്കോട് വെള്ളയില്‍, പുതിയാപ്പ, കാപ്പാട് തീരങ്ങളില്‍ നിന്ന് ഒമ്പത് മൃതദേഹങ്ങളും പൊന്നാനി പാലപ്പെട്ടിയില്‍ നിന്ന് മറ്റൊരാളുടെ മൃതദേഹവുമാണ് കണ്ടെത്തിയത്.

വെള്ളയില്‍, പുതിയാപ്പ തീരത്ത് നിന്ന് എട്ട് നോട്ടിക്കല്‍ മൈല്‍ അകലെ ഇരുനൂറ് മീറ്റര്‍ പരിധിക്കുള്ളിലാണ് എട്ട് മൃതദേഹങ്ങളുമുണ്ടായിരുന്നത്. അടിവസ്ത്രവും ഷര്‍ട്ടും മാത്രമുള്ള നിലയിലായിരുന്നു ഇവ. വാച്ച്, കുരിശുമാല എന്നിവയും കണ്ടെത്തി. വൈകിട്ട് കാപ്പാട് ഭാഗത്ത് നിന്നാണ് മറ്റൊരാളുടെ മൃതദേഹം കണ്ടെത്തിയത്. എല്ലാം പൂര്‍ണമായി അഴുകിയ നിലയിലായിരുന്നെന്ന് മറൈന്‍ എന്‍ഫോഴ്‌സ്‌മെന്റിന് കീഴിലുള്ള സീ-റസ്‌ക്യൂ ഗാര്‍ഡ് ടി. രജീഷ് പറഞ്ഞു.

മൃതദേഹങ്ങള്‍ മത്സ്യത്തൊഴിലാളികളുടെ സഹായത്തോടെ ബേപ്പൂര്‍ ഹാര്‍ബറില്‍ എത്തിച്ച ശേഷം പോസ്റ്റ് മോര്‍ട്ടത്തിനായി മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റി.
ഇന്നലെ ഉച്ചയ്ക്ക് ഒന്നരയോടെ പൊന്നാനി പാലപ്പെട്ടിയില്‍ നിന്ന് ഏഴ് നോട്ടിക്കല്‍ മൈല്‍ അകലെയാണ് ഒരാളുടെ മൃതദേഹം കണ്ടെത്തയിത്. ഇത് പിന്നീട് തിരൂര്‍ ജില്ലാ ആശുപത്രിയിലേക്ക് മാറ്റി. ചൊവ്വാഴ്ച എട്ട് മൃതദേഹങ്ങള്‍ ബേപ്പൂരില്‍ നിന്നുള്ള തെരച്ചില്‍ സംഘം കണ്ടെത്തിയിരുന്നു. പുറംകടലില്‍ മൃതദേഹങ്ങള്‍ കണ്ടെന്ന വിവരത്തെ തുടര്‍ന്ന് ഉച്ചയ്ക്ക് ശേഷവും തിരച്ചില്‍ തുടര്‍ന്നു.

രാത്രി വളരെ വൈകിയതിന് ശേഷമാണ് ചൊവ്വാഴ്ച തിരച്ചില്‍ അവസാനിപ്പിച്ചത്. വൈകിട്ട് അഞ്ചര മണിയോടെ കനത്ത കാറ്റടിച്ചതിനാല്‍ രക്ഷാപ്രവര്‍ത്തനത്തിന് ഏറെ തടസമുണ്ട്- രജീഷ് പറഞ്ഞു. കൊച്ചിയിലെ ചെല്ലാനം, തൃശൂര്‍, കൊടുങ്ങല്ലൂര്‍ തീരങ്ങളില്‍ നിന്ന് ഓരോ മൃതദേഹങ്ങള്‍ കൂടി കണ്ടെത്തി. ഇരുനൂറോളം പേര്‍ കൊച്ചിയില്‍ ഇനിയും തിരിച്ചെത്താനുണ്ട്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.