ജിഷ വധം: അമീറുള്‍ ഇസ്ലാമിന് വധശിക്ഷ

Thursday 14 December 2017 11:15 am IST

 

കൊച്ചി: പെരുമ്പാവൂരില്‍ നിയമ വിദ്യാര്‍ത്ഥിനി ജിഷയെ ലൈംഗികമായി പീഡിപ്പിച്ച് കൊലപ്പെടുത്തിയ കേസില്‍ പ്രതി അമീറുള്‍ ഇസ്ലാമിന് വധശിക്ഷ. എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയാണ് ശിക്ഷ വിധിച്ചത്. ശിക്ഷാ പ്രഖ്യാപനം 19 മാസങ്ങള്‍ പിന്നിടുമ്പോഴാണ് ഉണ്ടായിരിക്കുന്നത്.

ഇന്ത്യന്‍ ശിക്ഷാനിയമം 302 (കൊലപാതകം), 376 (ബലാത്സംഗം) , 376 (എ) (പീഡനത്തിനായി ആയുധം ഉപയോഗിച്ച് സ്വകാര്യ ഭാഗത്ത് പരിക്കേല്‍പിക്കല്‍), 342 (അന്യായമായി തടഞ്ഞുവെക്കുക), 449 (വീട്ടില്‍ അതിക്രമിച്ചു കടക്കുക) എന്നീ കുറ്റങ്ങള്‍ പ്രകാരമാണ് ശിക്ഷ. കേസില്‍ അമീറുല്‍ ഇസ് ലാം കുറ്റക്കാരനെന്ന് ബുധനാഴ്ച കോടതി കണ്ടെത്തിയിരുന്നു.

2016 ഏപ്രില്‍ 28 നു വൈകിട്ട് കുറുപ്പംപടി വട്ടോളിപ്പടിയിലെ വീട്ടില്‍ വച്ചാണ് ജിഷ അതിദാരുണമായി കൊല്ലപ്പെട്ടത്. ഒന്നര മാസത്തോളം കേരളത്തെ മുള്‍മുനയില്‍ നിര്‍ത്തിയ സംഭവത്തില്‍ അമീറുല്‍ ഇസ്ലാമിനെ 2016 ജൂണ്‍ 14ന് തമിഴ്‌നാട്‌കേരളാ അതിര്‍ത്തിയില്‍നിന്നാണ് പൊലീസ് സംഘം അറസ്റ്റ് ചെയ്തത്.

പ്രതി അമീറുല്‍ ഇസ്ലാമിന് വധശിക്ഷ തന്നെ നല്‍കണമെന്ന് അമ്മ രാജേശ്വരി ആവശ്യപ്പെട്ടിരുന്നു.മാര്‍ച്ച് 13 നാണു കേസില്‍ വിചാരണ നടപടികള്‍ ആരംഭിച്ചത്. പ്രോസിക്യൂഷന്‍ സാക്ഷികളായി 100 പേരെയും പ്രതിഭാഗം സാക്ഷികളായി ആറു പേരെയും കോടതി വിസ്തരിച്ചിരുന്നു.

 

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.