ആ അധ്യാപകര്‍ വിവാഹിതരായി പക്ഷേ, ജോലി പോയി

Thursday 14 December 2017 2:27 pm IST

ശ്രീനഗര്‍: വിവാഹിതരായാല്‍ ജോലി പോകുമോ? ഇല്ലെന്നാകും നമ്മുടെ ഉത്തരം. അങ്ങനെയൊന്ന് കേട്ടാല്‍ നാം മൂക്കത്ത് വിരല്‍ വയ്ക്കും. എന്നാല്‍, വിവാഹം കഴിച്ചതിന് ജോലി നഷ്ടപ്പെട്ട അധ്യാപകരുണ്ട് ജമ്മു കശ്മീരില്‍.

കഴിഞ്ഞ നവംബര്‍ 30 വരെ താരീഖ് ഭട്ടും സുമയ്യ ബഷീറും ഒരേ സ്‌കൂളിലെ അധ്യാപകരായിരുന്നു. അന്ന് അവരുടെ ജീവിതത്തിലെ നിര്‍ണായക ദിനമായിരുന്നു. വിവാഹം. പക്ഷേ, ചടങ്ങ് കഴിഞ്ഞ് അവരെ കാത്തിരുന്നത് ഞെട്ടിപ്പിക്കുന്ന വിവരം. ജോലിയില്‍ നിന്ന് പിരിച്ചുവിട്ടു. സ്‌കൂള്‍ മാനേജ്‌മെന്റ് പറയുന്ന കാരണം കേട്ടാലോ? ഇവരുടെ വിവാഹം കുട്ടികളെ ബാധിക്കുമെന്നാണ് മാനേജ്‌മെന്റിന്റെ കണ്ടെത്തല്‍.

പാംപോറിലെ മുസ്ലിം എഡ്യുക്കേഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ടിലെ അധ്യാപകരായിരുന്നു പുല്‍വാമയിലെ ട്രാലില്‍ നിന്നുള്ള ഭട്ടും സുമയ്യയും. പ്രണയ വിവാഹമൊന്നുമല്ല ഇവരുടേത്. വീട്ടുകാര്‍ നിശ്ചയിച്ചുറപ്പിച്ചത്. വിവാഹത്തിന് ഇവര്‍ നേരത്തെ തന്നെ അവധിയും നല്‍കിയിരുന്നു. അന്നൊന്നുമില്ലാത്ത എതിര്‍പ്പാണ് മാംഗല്യം കഴിഞ്ഞതോടെയുണ്ടായത്. വിവാഹം ഉറപ്പിച്ച ശേഷം സുമയ്യ സ്‌കൂളിലെ സഹപ്രവര്‍ത്തകര്‍ക്കായി വിരുന്ന് നല്‍കിയിരുന്നു.

വിവാഹത്തിനുള്ള അവധി അപേക്ഷ മാനേജ്‌മെന്റ് അംഗീകരിച്ചിരുന്നെന്നും ഇപ്പോഴത്തേത് നിയമവിരുദ്ധ നടപടിയെന്നും ഭട്ട് പറഞ്ഞു. സുമയ്യ നല്‍കിയ വിരുന്നില്‍ സ്‌കൂളിലെ നിരവധി ജീവനക്കാരും മാനേജ്‌മെന്റ് ഭാരവാഹികളും പങ്കെടുത്തു. ഇപ്പോഴത്തെ തീരുമാനം തങ്ങളെ അപമാനിക്കാനായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം, പുറത്താക്കല്‍ നടപടിയെ സ്‌കൂള്‍ ചെയര്‍മാന്‍ ബഷീര്‍ മസൂദി ന്യായീകരിച്ചു. ഇവരുടേത് പ്രണയ വിവാഹമാണ്. 2,000 കുട്ടികള്‍ പഠിക്കുന്ന, 200 പേര്‍ ജോലി ചെയ്യുന്ന സ്‌കൂളിനിത് നല്ലതല്ല. ഇവരുടെ പ്രവൃത്തി കൂട്ടികളെ ബാധിക്കും, അദ്ദേഹം പറഞ്ഞു. കൂടുതല്‍ ചോദ്യങ്ങള്‍ക്ക് പ്രിന്‍സിപ്പലിനോട് ചോദിക്കാനായിരുന്നു മറുപടി.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.