ഗുജറാത്തും ഹിമാചലും ബിജെപി നേടുമെന്ന് എക്‌സിറ്റ് പോള്‍ ഫലങ്ങള്‍

Thursday 14 December 2017 6:37 pm IST

ന്യൂദല്‍ഹി: നിയമസഭാ തെരഞ്ഞെടുപ്പ് നടന്ന രണ്ട് സംസ്ഥാനങ്ങളിലും ബിജെപി ശക്തമായ വിജയം കൈവരിക്കുമെന്ന് എക്‌സിറ്റ് പോള്‍ ഫലങ്ങള്‍.

ഗുജറാത്തിലും ഹിമാചലിലും ബിജെപി ശക്തമായ വിജയം നേടുമെന്നാണ് ടൈംസ് നൗ നടത്തിയ സര്‍വ്വെയില്‍ ചൂണ്ടിക്കാട്ടുന്നത്. കഴിഞ്ഞ തവണ നേടിയതിനോട് അടുത്ത സീറ്റുകള്‍ ഇത്തവണയും സ്വന്തമാക്കും എന്നാണ് എക്സിറ്റ് പോള്‍ പ്രവചനം. കഴിഞ്ഞ തവണ ബിജെപിക്ക് ഗുജറാത്തില്‍ ലഭിച്ചത് 115 സീറ്റുകള്‍ ആയിരുന്നു. ഇത്തവണ 109 സീറ്റുകള്‍ വരെ ലഭിക്കും എന്നാണ് ടൈംസ് നൗ എക്സിറ്റ് പോള്‍ പ്രവചനം. കോണ്‍ഗ്രസിന് 70 സീറ്റും, മറ്റുള്ളവര്‍ക്ക് മൂന്ന് സീറ്റുകള്‍ ലഭിക്കുമെന്നുമാണ് പ്രവചനം.

ഹിമാചല്‍ പ്രദേശില്‍ മൂന്നില്‍ രണ്ട് ഭൂരിപക്ഷത്തില്‍ ബിജെപി ഭരണമെന്നാണ് ഇന്ത്യ ടുഡേ എക്സിറ്റ് പോള്‍ പ്രവചനം. ആകെയുള്ള 68 സീറ്റുകളില്‍ 51 എണ്ണവും ബിജെപി സ്വന്തമാക്കും എന്നാണ് പ്രവചനം. കോണ്‍ഗ്രസ്സിന് വെറും 16 സീറ്റുകളേ ലഭിക്കൂ എന്നാണ് പ്രവചനം.

എന്നാല്‍ സീ വോട്ടര്‍ എക്സിറ്റ് പോള്‍ പ്രകാരം ഹിമാചല്‍ പ്രദേശില്‍ ബിജെപിക്ക് ലഭിക്കുക 41 സീറ്റുകള്‍ ആണ്. കോണ്‍ഗ്രസ്സിന് 25 എണ്ണവും ലഭിക്കും. ന്യൂസ് 24 പുറത്ത് വിട്ട എക്സിറ്റ് പോള്‍ പ്രവചനത്തില്‍ ഹിമാചലില്‍ ബിജെപി 55 സീറ്റുകള്‍ സ്വന്തമാക്കും. കോണ്‍ഗ്രസ്സിന് ലഭിക്കുക 13 സീറ്റുകള്‍ മാത്രമായിരിക്കും എന്നും ന്യൂസ് 24 പ്രവചിക്കുന്നുണ്ട്.

ഗുജറാത്തില്‍ ബിജെപി കഴിഞ്ഞ തവണത്തെ പ്രകടനം ആവര്‍ത്തിക്കും എന്നാണ് ഇന്ത്യ ടുഡേ- ആക്സിസ് ഒപ്പീനിയന്‍ സര്‍വ്വേ പ്രവചിക്കുന്നത്. ബിജെപിക്ക് 113 സീറ്റുകളും കോണ്‍ഗ്രസ്സിന് 68 സീറ്റുകളും ലഭിക്കും എന്നാണ് പ്രവചനം. ബിജെപിക്ക് 99 മുതല്‍ 113 സീറ്റുകള്‍ വരെ ലഭിച്ചേക്കാം എന്നാണ് പ്രവചനം. കോണ്‍ഗ്രസ്സിന് 88 മുതല്‍ 82 വരെ സീറ്റുകള്‍ കിട്ടിയേക്കും എന്നും ഇന്ത്യ ടുഡേ എക്സിറ്റ് പോള്‍ ഫലം പറയുന്നു.

93 മണ്ഡലങ്ങളിലേക്കാണ് രണ്ടാം ഘട്ടത്തില്‍ വോട്ടെടുപ്പ് നടന്നത്. 2.22 കോടി വോട്ടര്‍മാരാണ് 14 ജില്ലകളിലായി ഈ ഘട്ടത്തിലുള്ളത്. ഉത്തരഗുജറാത്തില്‍ ആറും മദ്ധ്യഗുജറാത്തില്‍ എട്ടും ജില്ലകള്‍ ഇതില്‍പ്പെടും. 2012-ല്‍ വടക്കന്‍ ഗുജറാത്തില്‍ കോണ്‍ഗ്രസും മദ്ധ്യഗുജറാത്തില്‍ ബിജെപിയും മേല്‍ക്കൈ നേടിയിരുന്നു. 2015-ലെ പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ ഗ്രാമീണമേഖല കോണ്‍ഗ്രസ് പിടിച്ചെടുത്തപ്പോള്‍ പട്ടണങ്ങള്‍ ബിജെപി തൂത്തുവാരിയിരുന്നു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.