മഥുരയിലേക്ക്

Friday 15 December 2017 2:45 am IST

വൃന്ദാവനത്തിലെത്തിയ അക്രൂരനെ ബലരാമനും കൃഷ്ണനും വേണ്ടപോലെ സല്‍ക്കരിച്ചു; നന്ദന്റെ അരികിലേയ്ക്കാനയിച്ചു. ഗാഥയിലതു വിവരിക്കുന്നതു കേള്‍ക്കട്ടെ.
മുത്തശ്ശി ചൊല്ലി-

ചെന്നു തുടങ്ങിന യാദവന്താനപ്പോള്‍
നന്ദകുമാരകന്മാരെ കണ്ടാന്‍
കാമിച്ചുനിന്നിട്ടു കേഴുന്ന വേഴാമ്പല്‍
കാര്‍മുകില്‍ മാലയെ കാണുമ്പോലെ.
കയ്യെപ്പിടിച്ചവന്‍ മെയ്യെയും കണ്ണന്തന്‍
മെയ്യോടു ചേര്‍ത്തൊന്നു പൂണ്ടാനപ്പോള്‍
മംഗലമാണ്ടൊരു മന്ദിരം തന്നിലെ
മന്ദം നടന്നങ്ങു ചെന്നുപിന്നെ
മൃഷ്ടമായുള്ളൊരു ഭോജനം നല്‍കീട്ടു
കട്ടിന്മേല്‍ ചേര്‍ത്തവന്തന്നെ നന്ദന്‍
വാക്കുകള്‍ കൊണ്ടവനുള്ളം കുളുര്‍പ്പിച്ചു
മാര്‍ഗ്ഗമായ് പോക്കിനാന്‍ മാര്‍ഗ്ഗഖേദം
ചിന്തിച്ചതൊന്നൊന്നേ നിന്നുലഭിക്കായാല്‍
സന്തോഷമാണ്ടൊരു യാദവന്താന്‍
നന്ദകുമാരനും നന്ദനും കേള്‍ക്കവേ
വന്നതിന്‍ കാരണം ചൊല്ലിവിട്ടാന്‍
തന്നെ എന്തിനാണയച്ചതെന്നും വസുദേവ പുത്രനാണ് ഭഗവാനെന്ന കഥ നാരദര്‍ കംസനോടു പറഞ്ഞതുമെല്ലാം അക്രൂരന്‍ വിവരിച്ചുപറഞ്ഞു.

യത്സന്ദേശോ യദര്‍ത്ഥം വാ ദൂതഃ സംപ്രേഷിതഃ സ്വയം
യദുക്തം നാരദേനാസ്യ സ്വജന്മനാകദുന്ദുഭേഃ

അക്രൂരന്റെ വാക്കു കേട്ടപ്പോള്‍ ബലരാമന്റെയും കൃഷ്ണന്റെയും ചുണ്ടില്‍ മന്ദസ്‌മേരം പൊടിഞ്ഞു. നന്ദന്റെ മുഖം തെല്ലുവിളറി. നാളെ നമുക്ക് മഥുരയിലേക്ക് പോവണമെന്നുകൂടി അക്രൂരന്‍ പറഞ്ഞനേരം അത് രാജാവിന്റെ കല്‍പനയാണെന്ന കാര്യം നന്ദന്റെ മനസ്സുഖം കെടുത്താന്‍ പോന്നു.

മഥുരയിലെ ധനുര്‍യജ്ഞത്തില്‍ പങ്കെടുക്കാന്‍ പോവുകയാണെന്ന കാര്യം വൃന്ദാവനവാസികള്‍ കേട്ടയുടെ ഉത്സാഹം പൂണ്ടു; പക്ഷേ, ആ ആഹ്ലാദപ്പൊലിമ വിശദവിവരങ്ങള്‍ കേട്ടപാടെ കെട്ടടങ്ങി. അവര്‍ പേടിച്ചു: കൃഷ്ണനെ കംസന്‍ കെണിയില്‍പ്പെടുത്തുമോ? ആ വേവലാതിയില്‍ വൃന്ദാവനം ഒന്നടങ്കം വെന്തുനീറി; ആ നീറ്റത്തിന്റെ വേദന ഉള്ളിലടക്കി വൃന്ദാവനം കൃഷ്ണനെ മഥുരയിലേക്ക് യാത്രയാക്കി. ഭാഗവതത്തില്‍ ഇങ്ങനെ കാണാം.

ഗോപ്യസ്താസ്തദുപശ്രുത്യ ബഭുവുര്‍വ്യഥിതാഭൃശം
രാമകൃഷ്ണൗ പുരിംനേതുമക്രൂരം വ്രജമാഗതം

നന്ദകുമാരന്മാരെ മഥുരയിലേക്ക് കൂട്ടിക്കൊണ്ടുപോവനാണ് അക്രൂരന്‍ വന്നിരിക്കുന്നത് എന്നറിഞ്ഞപ്പോള്‍ ഗോകുലവാസികള്‍ ഏറെ ദുഃഖിതരായി. ഗാഥയിലതു വിവരിക്കുന്നുണ്ട്, ഇല്ലേ?

മുത്തശ്ശന്‍ തിരക്കി. മുത്തശ്ശിയപ്പോള്‍ ചൊല്ലി.
മംഗലനായൊരു കംസന്റെ ചൊല്ലാലെ
നിങ്ങളെക്കാണ്മാനായ് വന്നതിപ്പോള്‍
വില്ലിനു പൂജയാമുത്സവം കാണ്മാനാ-
യെല്ലാരും പോരണമെന്നു ചൊന്നാന്‍
അക്രൂരന്‍ ചൊന്നതു കേട്ടപ്പോള്‍ നന്ദനും
അന്നേരം ഗോപന്മാരോടു ചൊന്നാന്‍
നാഥനായുള്ളോരു കംസനെക്കാണ്മാനായ്
നാമെല്ലാം പോകണം നാളെത്തന്നെ
ഗോരസമോരോന്നേ പൂരിച്ചുകൊള്ളുവിന്‍
പാരാതെ പോവതിനെന്നിങ്ങനെ
നന്ദന്റെ ചൊല്‍കേട്ടു ഗോപന്മാരെല്ലാരും
നന്നായ് മുതിര്‍ന്നാരങ്ങവ്വണ്ണമേ
വല്ലവിമാരെല്ലാമെന്നതു കേട്ടപ്പോള്‍
അല്ലലില്‍ വീണങ്ങു മുങ്ങിച്ചൊന്നാര്‍
കാര്‍മുകില്‍ വര്‍ണനെക്കൊണ്ടങ്ങുപോവാനായ്
കാരുണ്യം വേറിട്ടിപ്പാപി വന്നു
അക്രൂരനെന്നെന്തു ചൊല്ലുവാനെല്ലാരും
അക്രൂരനല്ലിവന്‍ ക്രൂരനത്രേ
കണ്ണനായുള്ളൊരു നമ്മുടെ ജീവനെ-
ത്തിണ്ണം പറിച്ചങ്ങു കൊണ്ടുപോവാന്‍
ചാലത്തുനിന്നിങ്ങു വന്നൊരിപ്പാപിയെ-
ക്കാലനെന്നെല്ലാരും ചൊല്ല വേണ്ടൂ
കാര്‍വര്‍ണന്‍ നമ്മെപ്പിരിഞ്ഞിങ്ങുപോകിലി-
പ്രാണങ്ങളെങ്ങനെ നിന്നുകൊള്‍വൂ
ദൈവമേ ദീനമാരായുള്ള ഞങ്ങളെ
കൈവെടിഞ്ഞായോ ചൊല്‍ നീയുമിപ്പോല്‍
നിന്‍ തണലെന്നിയേ പിന്തുണയില്ലേതും
വെന്തു വെന്തീട്ടുന്നോരെങ്ങള്‍ക്കിപ്പോള്‍

മുത്തശ്ശി ചൊല്ലല്‍ നിറുത്തി. പെട്ടെന്ന് ഓര്‍മ വന്നപോലെ തിരക്കി: ‘ഗോപജനങ്ങളുടെ വേവലാതി ഇവ്വിധം വിസ്തരിക്കുന്നുണ്ടല്ലോ. യശോദയുടെയോ രോഹിണിയുടെയോ രാധയുടെയോ നന്ദന്റെയോ സങ്കടങ്ങളെക്കുറിച്ച് പറയുന്നില്ല, അല്ലേ?’

‘ശരിയാണ്’- മുത്തശ്ശന്‍ തുടര്‍ന്നു: ‘കിളിപ്പാട്ടിലും ഗോകുലവാസികളുടെ ദുഃഖം ഗാഥയിലെപ്പോലെത്തന്നെ വിസ്തരിക്കുന്നുണ്ട്. ഇപ്പറഞ്ഞപോലെ യശോദയുടേയോ രോഹിണിയുടേയോ നന്ദന്റേയോ മനോവിഷമങ്ങളെ ഗാഥയും കിളിപ്പാട്ടും ഭാഗവതവും വിസ്തരിക്കുന്നില്ല. പക്ഷേ, ഗര്‍ഗഭാഗവതത്തില്‍ അത് വിസ്തരിക്കുന്നുണ്ട്; വേര്‍പിരിയലിന്റെ രംഗങ്ങള്‍ക്ക് ഏറെ തിളക്കവും കാണാം-

ബലരാമനും കൃഷ്ണനും എല്ലാവരോടും യാത്ര ചോദിച്ചു. മൂത്തവരെ സാഷ്ടാംഗം നമസ്‌കരിച്ചു. ചങ്ങാതിമാരുടെ പുറത്തുതട്ടി യാത്രാനുമതി വാങ്ങി; തങ്ങളുടെ സന്തതസഹചാരികളായിരുന്ന പശുക്കളേയും കിടാങ്ങളേയും വാത്സല്യപൂര്‍വം തൊട്ടുരുമ്മി.

ഒരിക്കല്‍ക്കൂടി യാത്ര ചോദിക്കാനെന്നവണ്ണം കൃഷ്ണന്‍ അമ്മയുടെ മുന്നിലെത്തി. അമ്മയുടെ തോളില്‍ തല ചായ്ച്ച് രാധ നിന്നിരുന്നു. കൃഷ്ണന്‍ അവളെ നോക്കി. അവളുടെ കണ്‍കളില്‍ അഭിമാനം തിളക്കമെഴുതിയിരിക്കുന്നതു കണ്ടു. ഏഴിലക്കുറിയിട്ട നെറ്റിക്ക് സിന്ദൂരപ്പൊട്ട് തുടുപ്പു പകര്‍ന്നിരുന്നു. വീരാളിപ്പട്ടിന്റെ ചേലയുടെ ഞൊറിയ്ക്കുമേലെ നാഭിപ്പൂമാല ഇതള്‍ വിടര്‍ത്തിയിരുന്നു. അവളുടെനോട്ടം കൃഷ്ണനില്‍ തറഞ്ഞിരുന്നു.

കണ്ണീരണിഞ്ഞ അമ്മയുടെ കണ്ണുകള്‍ തന്റെ നേര്‍ക്കുയരുന്നതു കണ്ടനേരം, കൃഷ്ണന്‍ അമ്മയോടു ചേര്‍ന്നുനിന്നു; അമ്മയുടെ കയ്യിലേക്ക് രാധയുടെ കൈപ്പടം വെച്ചുകൊടുത്ത്, മന്ത്രിക്കുന്ന സ്വരത്തില്‍ പറഞ്ഞു: ഇവള്‍ അമ്മയുടെ മകളാണ്. എനിക്ക് പകരം മകനായും കൂടി അമ്മ ഇവളെ സ്വീകരിക്കൂ…

യശോദയുടെ കണ്ണുകള്‍ നിറഞ്ഞൊഴുകി. മുഖം കുനിച്ചുനിന്ന രാധയെ യശോദ മാറത്തടക്കി. കൃഷ്ണന്‍ അവരെ രണ്ടുപേരെയും നെഞ്ചില്‍ ചേര്‍ത്തുപിടിച്ചു.

ബലരാമന്‍ രോഹിണിയുടെ അനുഗ്രഹം തേടി. ആത്മനിയന്ത്രണം പാലിച്ച രോഹിണി, ബലരാമന്റെ നെറുകയില്‍ കൈവച്ചു പറഞ്ഞു: കൃഷ്ണനു നീയെന്നും താങ്ങാവണം. നീയാണ് അവന് രക്ഷ. അത് മറക്കരുത്.

‘ഇല്ലമ്മേ’ ബലരാമന്‍ രോഹിണിയുടെ കാല്‍തൊട്ട് അനുഗ്രഹം വാങ്ങി: നേരെ യശോദയുടെ അരികെയെത്തി. കുനിഞ്ഞു കാല്‍ തൊട്ടു. യശോദയുടെ കൈപ്പടം ബലരാമന്റെ ശിരസ്സിലമര്‍ന്നു. ആ ചുണ്ടുകള്‍ മംഗളം നേര്‍ന്നു: ‘ഭദ്രാ, പോയി വരൂ’-

ബലരാമന്‍ രാധയുടെ നേരെ നോക്കി. അവള്‍ തിടുക്കത്തില്‍ വന്നു; അവളുടെ കുനിഞ്ഞ ശിരസ്സില്‍ കൈപ്പടം അമര്‍ത്തി പറഞ്ഞു: ‘അനിയത്തീ, പോയ്‌വരട്ടെ…’ അവളുടെ നിറകണ്ണുകള്‍ നിശ്ശബ്ദം യാത്രാനുമതി നല്‍കി.

കൃഷ്ണനും ബലരാമനും യാത്ര ചെയ്യാനുള്ള രഥം തയ്യാറായി നില്‍പ്പുണ്ട്. അരികെ നന്ദനും അക്രൂരനും നില്‍പ്പുണ്ടായിരുന്നു. കൃഷ്ണനും ബലരാമനും അവരെ സാഷ്ടാംഗം നമസ്‌കരിച്ചു. അവര്‍ അവരെ രണ്ടുപേരെയും ആശീര്‍വദിച്ചു. ആ രംഗം കണ്ട് വൃന്ദാവനം മുഴുവന്‍ കണ്ണു തുടച്ചു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.