തെരഞ്ഞെടുപ്പ് വിജയവും പ്രതിപക്ഷ അസഹിഷ്ണുതയും

Friday 15 December 2017 2:45 am IST

2014 ലോക്‌സഭാ തെരഞ്ഞെടുപ്പിനുശേഷം പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ കീഴില്‍ ബിജെപി നേടിക്കൊണ്ടിരിക്കുന്ന തിരഞ്ഞെടുപ്പ് വിജയങ്ങള്‍ അസംതൃപ്തരായ പ്രതിപക്ഷ പാര്‍ട്ടികള്‍ ഇലക്ട്രോണിക് വോട്ടിങ് മെഷീനില്‍ ഭരണപക്ഷം കൃത്രിമം കാണിക്കുന്നു എന്ന ആരോപണവുമായി രംഗത്തുവരികയുണ്ടായി.

വര്‍ഗീയത, അഴിമതി, ഇസ്ലാം വിരുദ്ധത, സാമ്പത്തിക തകര്‍ച്ച തുടങ്ങിയ ആരോപണങ്ങള്‍ ജനങ്ങള്‍ തള്ളുകയുണ്ടായി. കുറയുന്ന ജനപിന്തുണയും, പിന്തുടരുന്ന ആശയങ്ങളുടെ അപചയവും, മോദി എന്ന നേതാവിന് കിട്ടിക്കൊണ്ടിരിക്കുന്ന ജനപിന്തുണയുമാണ് പുതിയ വാദവുമായി പ്രതിപക്ഷം രംഗത്തു വരാന്‍ കാരണം.

യുപിയില്‍ അടക്കം അഞ്ചു സംസ്ഥാനങ്ങളിലേക്ക് നടന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ ബിജെപി നടത്തിയ മുന്നേറ്റത്തിലുണ്ടായ അമ്പരപ്പാണ് ഇത്തരമൊരു വാദം ഉന്നയിക്കാന്‍ പ്രതിപക്ഷത്തെ നിര്‍ബന്ധിതമാക്കിയത്. തുടര്‍ന്ന് ദല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജരിവാളും, ഇക്കഴിഞ്ഞ യുപി തദ്ദേശ തെരഞ്ഞെടുപ്പിനുശേഷം ബിഎസ്പി നേതാവ് മായാവതിയും വോട്ടിങ് മെഷീനെ ശപിച്ച് രംഗത്തുവരികയുണ്ടായി. ഇന്നലെ അവസാനിച്ച ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പിനിടെയും ഈ ആരോപണം ആവര്‍ത്തിക്കപ്പെട്ടു.

1977 ലാണ് ഇലക്ട്രോണിക് വോട്ടിങ് മെഷീന്‍ എന്ന ആശയം തെരഞ്ഞെടുപ്പ് കമ്മീഷന്‍ മുന്നോട്ടുവയ്ക്കുന്നത്. ഇതിന്റെ അടിസ്ഥാനത്തില്‍ ഇത് ഉപയോഗിക്കുന്നതിനായി കമ്മീഷനെ അധികാരപ്പെടുത്തിക്കൊണ്ട് 1951 ലെ ജനപ്രാതിനിധ്യ നിയമത്തില്‍ 61 എ എന്ന പുതിയ വകുപ്പ് ഉള്‍പ്പെടുത്തി 1988 ഡിസംബറില്‍ പാര്‍ലമെന്റ് ബില്ല് പാസ്സാക്കി. 1989 മാര്‍ച്ച് 15 ന് നിയമമാകുകയും ചെയ്തു.

1990 ജനുവരിയില്‍ അന്നത്തെ കേന്ദ്ര സര്‍ക്കാര്‍ ഇലക്ട്രോണിക് വോട്ടിങ് മെഷീന്റെ ഉപയോഗം പരിശോധിക്കാനായി വിവിധ ദേശീയ- സംസ്ഥാന പാര്‍ട്ടികളിലെ പ്രതിനിധികള്‍ അടങ്ങിയ ഒരു തെരഞ്ഞെടുപ്പ് പരിഷ്‌കരണ കമ്മറ്റിയേയും, സാങ്കേതിക വിദഗ്ധര്‍ അടങ്ങുന്ന മറ്റൊരു കമ്മറ്റിയേയും നിയമിച്ചു. മൂന്നുമാസത്തിനുശേഷം ഏപ്രിലില്‍ കമ്മറ്റി ഇലക്ട്രോണിക് വോട്ടിങ് മെഷീനില്‍ കൃത്രിമം കാണിക്കാന്‍ പറ്റില്ലെന്നും അത് വിശ്വാസയോഗ്യമാണെന്ന് റിപ്പോര്‍ട്ട് നല്‍കുകയും ചെയ്തു. ഇതിന്റയൊക്കെ അടിസ്ഥാനത്തില്‍ മധ്യപ്രദേശ്, രാജസ്ഥാന്‍, ദല്‍ഹി എന്നീ നിയമസഭകളിലെ 16 മണ്ഡലങ്ങളില്‍ 1998 ലാണ് പരീക്ഷണാടിസ്ഥാനത്തില്‍ ഇലക്ട്രോണിക് വോട്ടിങ് മെഷീന്‍ ഉപയോഗിച്ചു തുടങ്ങിയത്.

2000 മുതല്‍ സംസ്ഥാന നിയമസഭകളിലേക്കുള്ള 108തിരഞ്ഞെടുപ്പുകളിലും 2004, 2009, 2014 പാര്‍ലമെന്റ് തെരഞ്ഞെടുപ്പുകളിലും ഇലക്ട്രോണിക് വോട്ടിങ് മെഷീന്‍ ഉപയോഗിച്ചുവരുന്നു.
2001 മുതല്‍ നിരവധി നിയമയുദ്ധങ്ങളിലൂടെ ഇലക്ട്രോണിക് വോട്ടിങ്‌മെഷീന്റെ വിശ്വാസ്യത ചോദ്യം ചെയ്തിട്ടുണ്ട്. 2001 ല്‍ മദ്രാസ് ഹൈക്കോടതിയും 2002 ല്‍ കേരള ഹൈക്കോടതിയും 2004 ല്‍ കര്‍ണാടക, ദല്‍ഹി, ബോംബെ ഹൈക്കോടതികളും വിവിധ വിധികളിലൂടെ ഇലക്ട്രോണിക് വോട്ടിങ്‌മെഷീന്റെ കൃത്യതയും വിശ്വാസ്യതയും ഊട്ടിയുറപ്പിച്ചിട്ടുള്ളതാണ്.

ഹൈക്കോടതി വിധികള്‍ക്കെതിരെ നല്‍കിയ അപ്പീലുകള്‍ സുപ്രീം കോടതി പലപ്പോഴായി തള്ളുകയും ചെയ്തു. ഇലക്ട്രോണിക് വോട്ടിങ് മെഷീന്റെ വിശ്വാസ്യത തെളിയിക്കാനായി 2009 ല്‍ ആണ് ആദ്യമായി തെരഞ്ഞെടുപ്പ് കമ്മീഷന്‍ അവസരം നല്‍കുന്നത്. പക്ഷേ ആര്‍ക്കും അന്ന് അത് തെളിയിക്കാന്‍ സാധിച്ചിരുന്നില്ല. തുടര്‍ന്ന് പുതിയ ആരോപണങ്ങളുടെ അടിസ്ഥാനത്തില്‍ 2017 ജൂണില്‍ ഇലക്ട്രോണിക് വോട്ടിങ്‌മെഷീനില്‍ കൃത്രിമം കാണിക്കാന്‍ പറ്റുമെന്ന് തെളിയിക്കാനായി അവസരം നല്‍കിയിരുന്നു. പക്ഷേ ഇന്ന് ആരോപണം ഉന്നയിക്കുന്ന പല പാര്‍ട്ടികളും അതിനെത്തിയില്ല എന്നതാണ് സത്യം.

സ്വതന്ത്ര ഭാരതത്തിലെ ആദ്യത്തെ തെരഞ്ഞെടുപ്പ് മുതല്‍ പേപ്പര്‍ ബാലറ്റാണ് ഉപയോഗിച്ചു വരുന്നത്. എന്നാല്‍ ഭാരതത്തെപ്പോലെ 130 കോടിയോളം ജനങ്ങളുള്ള രാജ്യത്ത് പേപ്പര്‍ ബാലറ്റ് ഉപയോഗിക്കുന്നതിനു ധാരാളം പോരായ്മകളുണ്ട്. ലക്ഷക്കണക്കിന് ബാലറ്റ് പെട്ടികള്‍ വേണം. കോടിക്കണക്കിനു ബാലറ്റ് പേപ്പറുകള്‍ അച്ചടിക്കണം. പേപ്പറുകള്‍ നിര്‍മിക്കുന്നതിനായി പതിനായിരക്കണക്കിന് മരങ്ങള്‍ മുറിക്കണം. സാധനങ്ങള്‍ കൊണ്ടുപോകുന്നതിന് ആവശ്യമായ ഗതാഗത സുരക്ഷാ സൗകര്യങ്ങള്‍ വേറെ. ഇതിനായുള്ള വന്‍ സാമ്പത്തിക ചെലവ്. ഇവയെല്ലാം പൊതുഖജനാവില്‍ നിന്നുതന്നെയാണ് ചെലവാക്കുന്നത്.

എന്നാല്‍ വോട്ടിങ്‌മെഷീന്‍ ഉപയോഗിക്കുന്നതിലൂടെ ചെലവുകള്‍ കുറയ്ക്കാം. തെരഞ്ഞെടുപ്പ് ഫലം ദീര്‍ഘനാളത്തേക്കു സൂക്ഷിച്ചുവയ്ക്കാം. വളരെ പെട്ടെന്ന് തെരഞ്ഞെടുപ്പ് ഫലം പ്രസിദ്ധീകരിക്കാം. മൊത്തത്തില്‍ തെരഞ്ഞെടുപ്പ് പ്രക്രിയ വളരെ സുഗമമാക്കാന്‍ സാധിക്കും. തീരെ ജനസംഖ്യ കുറവായ യൂറോപ്യന്‍ രാജ്യങ്ങളില്‍ ഇലക്‌ട്രോണിക് വോട്ടിങ് മെഷീന്‍ ഉപയോഗിക്കുന്നില്ലേ എന്ന അര്‍ത്ഥശൂന്യമായ മറുവാദം ചിലര്‍ ഉയര്‍ത്തുകയുണ്ടായി.

ആറ് വോള്‍ട്ടേജിന്റെ ബാറ്ററികൊണ്ട് പ്രവര്‍ത്തിക്കുന്നതും അഞ്ച് മീറ്റര്‍ വയര്‍കൊണ്ട് ബന്ധിപ്പിച്ചതുമായ രണ്ട് ഭാഗങ്ങളാണ് ഇലക്ട്രോണിക് വോട്ടിങ്‌മെഷീന്‍. ഒന്നാമത്തെ ഭാഗം സ്ഥാനാര്‍ത്ഥികളുടെ പേരും ചിഹ്നവുമുള്ള ബാലറ്റ് യൂണിറ്റും. രണ്ടാമത്തേത് തെരഞ്ഞെടുപ്പ് കമ്മീഷന്‍ നിയമിച്ചതും, പോളിങ് ഓഫീസര്‍ നിയന്ത്രിക്കുന്നതുമായ കണ്‍ട്രോള്‍ യൂണിറ്റുമാണ്. വോട്ട് ചെയ്യുന്നവര്‍ തങ്ങള്‍ക്ക് താല്‍പര്യമുള്ള സ്ഥാനാര്‍ഥിക്കു നേരെയുള്ള ബട്ടണ്‍ അമര്‍ത്തി വോട്ട് രേഖപ്പെടുത്തുകയാണ് ചെയ്യുന്നത്. ഓരോ ആളും വോട്ട് ചെയ്തതിനുശേഷം ബീപ് ശബ്ദം കേള്‍ക്കും.

പോളിങ് ഓഫീസറുടെ അനുമതിയോടെ മാത്രമേ അടുത്തയാള്‍ക്ക് വോട്ടുചെയ്യാന്‍ പറ്റുകയുള്ളൂ എന്നതാണ് ഇതിന്റെ പ്രത്യേകത. പൂര്‍ണമായും ബാറ്ററിയില്‍ പ്രവര്‍ത്തിക്കുന്ന യന്ത്രത്തിന് പുറംലോകവുമായി യാതൊരു ബന്ധവുമില്ല. വോട്ടിങ് തുടങ്ങുന്നതിനു മുന്‍പ് ഇലക്ട്രോണിക് വോട്ടിങ്‌മെഷീന്‍ രാഷ്ട്രീയ പാര്‍ട്ടികളുടെ പ്രതിനിധികള്‍ക്ക് മുന്‍പില്‍ പരിശോധിച്ച് ബോധ്യപ്പെടുത്താറുണ്ട്. തുടര്‍ന്ന് പാര്‍ട്ടി പ്രതിനിധികളുടെ ഒപ്പോടെ അത് പിങ്ക് പേപ്പര്‍ സീല്‍ എന്ന പ്രക്രിയയിലൂടെ സുരക്ഷിതമായി പൊതിയുന്നു. വോട്ടിങ് തുടങ്ങുന്നതിനു മുന്‍പ് പാര്‍ട്ടി പ്രതിനിധികളെക്കൊണ്ട് 1000 വോട്ടുകള്‍ പോള്‍ ചെയ്തു നോക്കുന്നു.

തെരഞ്ഞെടുപ്പ് വേളയില്‍ ബൂത്തിനുള്ളില്‍ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളെ നിരീക്ഷണത്തിനായി കമ്മീഷന്‍ അനുവദിക്കാറുണ്ട്. വോട്ടിങ് കഴിയുമ്പോഴും വളരെ സുരക്ഷിതമായ രീതിയില്‍ത്തന്നെ മെഷീനുകള്‍ പൊതിഞ്ഞു സീല്‍ ചെയ്തു സ്‌ട്രോങ്‌റൂമില്‍ സൂക്ഷിക്കുകയും ചെയ്യുന്നു. തുടര്‍ന്ന് വോട്ട് എണ്ണുന്ന ദിനത്തില്‍ എല്ലാ രാഷ്ട്രീയ പാര്‍ട്ടികളുടെയും പ്രതിനിധികളുടെ സാന്നിധ്യത്തില്‍ റൂം തുറക്കുകയും, വോട്ടെണ്ണി ഫലം പ്രസിദ്ധീകരിക്കുകയുമാണ് ചെയ്യുന്നത്.
തികച്ചും രാഷ്ട്രീയ പ്രേരിതമായ വാദങ്ങളാണ് പ്രതിപക്ഷ കക്ഷികള്‍ ഉന്നയിക്കുന്നത്.

തെരഞ്ഞെടുപ്പ് പരാജയം മറയ്ക്കുന്നതിനായി ഭരണഘടനാസ്ഥാപനവും വളരെ നിഷ്പക്ഷതയോടെ പ്രവര്‍ത്തിക്കുന്നതുമായ തെരഞ്ഞെടുപ്പ് കമ്മീഷനെയും ഉപയോഗിക്കുന്നു എന്നതാണ് കുറെക്കാലമായി കണ്ടുവരുന്നത്. തങ്ങളുടെ നിക്ഷിപ്ത താല്‍പര്യത്തിനുവേണ്ടി വിവിധ വിധികളിലൂടെ ഇലക്ട്രോണിക് വോട്ടിങ്‌സംവിധാനത്തെ അംഗീകരിച്ച നീതിനായ സംവിധാനത്തെയും, നിയമ നിര്‍മ്മാണ സഭയേയും ഭരണഘടനയേയും വെല്ലുവിളിക്കുകയും കരിവാരിത്തേക്കുകയുമാണ് ചെയ്യുന്നത്.

ബിജെപി തെരഞ്ഞെടുപ്പില്‍ ജയിക്കുമ്പോള്‍ മാത്രമാണ് ഇത്തരം വാദങ്ങള്‍ ഉന്നയിക്കുന്നത് എന്നതാണ് ശ്രദ്ധേയമായ കാര്യം. കേരളത്തില്‍ ഇടതുപക്ഷം ജയിച്ചപ്പോഴും, പശ്ചിമ ബംഗാളില്‍ തൃണമൂല്‍ കോണ്‍ഗ്രസ് ജയിച്ചപ്പോഴും തമിഴ്‌നാട്ടില്‍ ദ്രാവിഡ പാര്‍ട്ടികള്‍ ജയിച്ചപ്പോഴും, പഞ്ചാബില്‍ കോണ്‍ഗ്രസ് ജയിച്ചപ്പോഴും, തെരഞ്ഞെടുപ്പ് കമ്മീഷനെയോ ഇലക്ട്രോണിക് വോട്ടിങ്‌മെഷീനേയോ ഈ കക്ഷികള്‍ക്ക് അവിശ്വാസമുണ്ടായിരുന്നില്ല. വളരെ സുതാര്യവും വികസനോന്മുഖമായ മോദി ഭരണത്തില്‍ തങ്ങളുടെ നിലനില്‍പ് ഭീഷണിയിലാകുമെന്ന ഭയമാണ് ഇത്തരം വിലകുറഞ്ഞതും അപക്വവുമായ ആരോപണങ്ങള്‍ ഉന്നയിക്കാന്‍ പ്രതിപക്ഷപാര്‍ട്ടികളെ പ്രേരിപ്പിക്കുന്നത്.

ഇലക്ട്രോണിക് വോട്ടിങ് മെഷീനുകള്‍ ഭാരതത്തില്‍ അവതരിപ്പിക്കുന്നതിനായി ബില്ല് അവതരിപ്പിക്കുകയും അതിനെ ഭരണത്തിലിരിക്കുമ്പോള്‍ പിന്തുണയ്ക്കുകയും പ്രതിപക്ഷത്തിരിക്കുമ്പോള്‍ തുരങ്കം വയ്ക്കുകയും ചെയ്യുന്ന നിലപാടാണ് കോണ്‍ഗ്രസ് എടുക്കുന്നത്. ജിഎസ്ടിയുടെ കാര്യത്തിലും സാമ്പത്തിക പരിഷ്‌കരണ നടപടികളുടെ കാര്യത്തിലും ഇതേ നിലപാടുതന്നെയായിരുന്നു ഇക്കൂട്ടര്‍ക്ക്. അതിര്‍ത്തിയില്‍ സ്വന്തം സൈനികര്‍ നടത്തിയ ആക്രമണങ്ങള്‍ക്ക് തെളിവ് ചോദിക്കുന്നത് ഇത്തരം നയങ്ങളുടെ ഭാഗമായിട്ടുതന്നെ കാണേണ്ടി വരും.

2014 ശേഷം രാജ്യത്തുണ്ടായ മാറ്റങ്ങള്‍ക്ക് മോദി സര്‍ക്കാരിന് കിട്ടുന്ന ജനപിന്തുണയാണ് വോട്ടായി മാറുന്നതെന്ന് മനസ്സിലാക്കാന്‍ പ്രതിപക്ഷ പാര്‍ട്ടികള്‍ക്ക് കഴിയുന്നില്ല. വര്‍ഗീയ ധ്രുവീകരണം ആരോപിക്കുകയും, പിന്നിട്ട പാതയില്‍ക്കൂടി തന്നെ സഞ്ചരിക്കുകയുമാണ് പ്രതിപക്ഷം. ഗുജറാത്തിലെ രാഹുല്‍ ഗാന്ധിയുടെ സന്ദര്‍ശനങ്ങള്‍ ശ്രദ്ധിച്ച ആര്‍ക്കും ഇത് മനസിലാകും. എന്നാല്‍ വര്‍ധിച്ചുവരുന്ന ജനപിന്തുണയില്‍ മോദിയെന്ന ജനപ്രിയ നേതാവിനെ തളയ്ക്കാന്‍ ഇത്തരം ആരോപണങ്ങള്‍ മതിയാവില്ല.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.