റോഡപകടങ്ങള്‍ കുറയ്ക്കാന്‍ ഡിജിറ്റല്‍ സംവിധാനം പോരാ

Friday 15 December 2017 2:30 am IST

2020-ഓടെ രാജ്യത്ത് റോഡപകടങ്ങള്‍ പകുതിയായി കുറയ്ക്കാന്‍ ലക്ഷ്യമിട്ടിരിക്കുന്നു എന്നത് നമുക്കേറെ പ്രത്യാശ നല്‍കുന്നു. ഇതിന്റെ ഭാഗമായി കേരളസര്‍ക്കാരും നൂതന ഡിജിറ്റല്‍ ഗതാഗത നിയന്ത്രണ സംവിധാനം നടപ്പിലാക്കാന്‍ പോകുന്നു. ആറുമാസത്തിനുള്ളില്‍ ഈ സംവിധാനം സ്ഥാപിക്കും എന്നാണ് വാര്‍ത്ത. ഇത് നടപ്പിലായാല്‍ നിയമലംഘനങ്ങള്‍ കുറയുമെന്നും, അതുവഴി അപകടനിരക്ക് കുറയുമെന്നുമാണ് വിശ്വാസം.

നിയമലംഘനങ്ങള്‍ കുറയുന്നത് അതേപടി അപകടനിരക്കില്‍ പ്രതിഫലിക്കും എന്നു കരുതുന്നത് ശരിയല്ല. കാരണം നാം നിര്‍വചിച്ചുവച്ച നിയമലംഘനങ്ങള്‍ മാത്രമല്ല അപകടങ്ങള്‍ക്ക് പിന്നിലുള്ളത്. എല്ലാ നിയമലംഘനങ്ങളും അപകടങ്ങളില്‍ കലാശിക്കുന്നവയുമല്ല.
വേണ്ട രീതിയില്‍ പോലീസിങ് ഇല്ലാത്തതും, വാഹനബാഹുല്യംകൊണ്ട് വീര്‍പ്പ് മുട്ടുന്നതും, തികച്ചും അശാസ്ത്രീയവുമാണല്ലോ നമ്മുടെ റോഡുകളില്‍ മിക്കതും. അവിടങ്ങളില്‍ പൂര്‍വനിശ്ചിത നിയമപാലനം മാത്രം പോരാ, അതിലുപരി ഡ്രൈവര്‍ക്ക് കൃത്യമായ റോഡ്‌സെന്‍സും ഉണ്ടായിരിക്കണം. റോഡ്‌സെന്‍സ് ഒരു വ്യക്തിവൈശിഷ്ട്യമാണ്.

മുന്‍നിര്‍വചനമില്ലാതെ, സാഹചര്യങ്ങള്‍ക്കനുസരിച്ച് അതും ഒരു ഡ്രൈവര്‍ക്കുള്ളില്‍ പ്രവര്‍ത്തിക്കുമ്പോഴേ റോഡ്‌സുരക്ഷ ഉറപ്പാകുന്നുള്ളൂ. ഉദാഹരണത്തിന്, സാവധാനം നീങ്ങുന്ന ബസ്സിന്റെ വശം തട്ടി സാവധാനം നീങ്ങുന്ന ഇരുചക്രവാഹനം വീഴുകയും തൊട്ടുപിറകില്‍ വരുന്ന മറ്റൊരു വാഹനം ആളുടെ ശരീരത്തിലൂടെ കയറിയിറങ്ങുകയും ചെയ്യുന്നുവെന്ന് സങ്കല്‍പിക്കുക. ഇത്തരം അപകടങ്ങള്‍ അസാധാരണമല്ലല്ലോ. ഇവിടെ നിയമങ്ങള്‍ ലംഘിക്കപ്പെട്ടോ? പ്രത്യക്ഷത്തില്‍ ഇല്ല. പക്ഷെ, ആരുടെയൊക്കെയോ റോഡ്‌സെന്‍സ് വേണ്ടരീതിയില്‍ പ്രവര്‍ത്തിച്ചില്ല! അവര്‍ക്കെതിരെ കേസെടുക്കാം. പക്ഷേ, റോഡ്‌സെന്‍സിന്റെ അഭാവത്തിന് പരിഹാരമാകുന്നില്ല.

ഇത്തരം ഡ്രൈവര്‍മാര്‍ നല്ലൊരു ശതമാനമുണ്ട്. പറഞ്ഞുവരുന്നത്, നമുക്ക് മേല്‍പറഞ്ഞ സാങ്കേതികവിദ്യ മാത്രം പോരാ എന്നുള്ളതാണ്. ഡ്രൈവര്‍മാര്‍ക്ക് ‘സിമുലേറ്റര്‍ ടെസ്റ്റും’ ആവര്‍ത്തിച്ചുള്ള പരിശീലനവും നിര്‍ബന്ധമായും വേണം. പരിശീലനം സഹജമായ വാസനയ്ക്ക് പകരമാവുകയില്ലെങ്കിലും അവരുടെ അവബോധത്തെ ഒരു പരിധിവരെ മൂര്‍ച്ചകൂട്ടി നിര്‍ത്താന്‍ സഹായിക്കും. ഇതാണ് സംസ്ഥാനസര്‍ക്കാരുകള്‍ക്കായുള്ള കേന്ദ്രനിര്‍ദേശങ്ങളുടെ അന്തസ്സത്തയും.

ഹൈവെ പട്രോളിങ്, പ്രത്യേകിച്ച് രാത്രികാലങ്ങളില്‍, മെച്ചപ്പെടുത്തുക, ക്രമമായ പദ്ധതിയിലൂടെ ഒരു യാത്രാസംസ്‌കാരം വിദ്യാര്‍ത്ഥികളിലും മുതിര്‍ന്നവരിലും ബസ്സ്, ട്രക്ക് ഡ്രൈവര്‍മാരിലുമൊക്കെ വളര്‍ത്തുക, റോഡുകളിലെ അച്ചടക്കരാഹിത്യം കുറയ്ക്കാന്‍ പട്ടണങ്ങളിലും നഗരങ്ങളിലും പോലീസിങ് വര്‍ധിപ്പിക്കുക, സിങ്കപ്പൂരിലൊക്കെ ചെയ്യുന്നതുപോലെ നിയമലംഘനങ്ങള്‍ തടുക്കാന്‍തക്ക പിഴ ഈടാക്കുക തുടങ്ങിയവയും സംസ്ഥാനസര്‍ക്കാരിനുള്ള കേന്ദ്രശുപാര്‍ശകളാണ്. നിരത്തില്‍ ജീവന്‍ പൊലിയാതിരിക്കാന്‍ എത്ര കോടി ചെലവായാലും എത്ര മനുഷ്യാധ്വാനം വേണ്ടിവന്നാലും അധികമാവില്ല.

പി.മംഗളചന്ദ്രന്‍, വെസ്റ്റ് പൊന്ന്യം, കണ്ണൂര്‍

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.