ബിഎസ്ഇഎസില്‍ സമരം തൊഴിലാളികളെ അറസ്റ്റു ചെയ്തുനീക്കി

Friday 15 December 2017 2:07 am IST

കളമശ്ശേരി: പാതാളം ബിഎസ്ഇഎസ് മാനേജ്‌മെന്റ് നടപടിയില്‍ പ്രതിഷേധിച്ച് സംയുക്ത ട്രേഡ് യൂണിയന്റെ നേതൃത്വത്തില്‍ തൊഴിലാളികള്‍ കമ്പനി ഗേറ്റ് ഉപരോധിച്ചു. രണ്ടുമണിക്കൂറോളം നീണ്ട ഉപരോധ സമരത്തെ തുടര്‍ന്ന് മാനേജ്‌മെന്റ് ജീവനക്കാര്‍ക്ക് അകത്ത് കയറാനായില്ല. ഏലൂര്‍ പോലീസെത്തി തൊഴിലാളികളെ അറസ്റ്റ് ചെയ്ത് നീക്കി. പതിനേഴ് വര്‍ഷമായി വൈദ്യുതി നിലയത്തില്‍ പണിയെടുത്തിരുന്ന തൊഴിലാളികള്‍ക്ക് അര്‍ഹമായ നഷ്ടപരിഹാരം നല്‍കാത്തതിലും തുകയില്‍ നിന്ന് ഒരു വര്‍ഷത്തെ ലേ ഓഫ് തുക തിരിച്ച് പിടിച്ചതുമാണ് സമരത്തിനിടയാക്കിയത്. ഇന്നലെ രാവിലെ ഒന്‍പതുമുതലാണ് തൊഴിലാളികള്‍ കമ്പനി ഗേറ്റ് ഉപരോധിച്ചത്. യൂണിയന്‍ നേതാക്കളായ കെ.എന്‍. ഗോപിനാഥ്, കെ.എം. അമാനുള്ള, പി.എം. അയ്യൂബ.് ടി.എ. വേണുഗോപാല്‍, പി.ജെ. സെബാസ്റ്റ്യന്‍ എന്നിവരെത്തി സ്റ്റേഷനില്‍ നിന്ന് തൊഴിലാളികളെ മോചിപ്പിച്ചു. യൂണിയന്‍ നേതാക്കളുമായി ചര്‍ച്ച ചെയ്യാതെയുള്ള മാനേജ്‌മെന്റിന്റെ ഏകപക്ഷീയ നടപടി അംഗീകരിക്കില്ലെന്നും കെഎസ്ഇബി വൈദ്യുത നിലയം ഏറ്റെടുക്കുന്നതുവരെ തൊഴിലാളികള്‍ക്ക് ജോലി നല്‍കണമെന്നാണ് യൂണിയന്റെ ആവശ്യം. അര്‍ഹമായ നഷ്ട പരിഹാരം ഓരോ തൊഴിലാളിക്കും നല്‍കണം. ഇല്ലെങ്കില്‍, ശക്തമായസമരം നേരിടേണ്ടി വരുമെന്ന് സംയുക്ത യൂണിയന്‍ നേതാക്കള്‍ അറിയിച്ചു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.