അല്‍ത്തമാസ് കബീര്‍ സുപ്രീംകോടതി ചീഫ് ജസ്റ്റിസായി ചുമതലയേറ്റു

Saturday 29 September 2012 1:27 pm IST

ന്യൂദല്‍ഹി: സുപ്രീംകോടതിയുടെ മുപ്പത്തിയൊമ്പതാമത് ചീഫ് ജസ്റ്റിസ് ആയി ജസ്റ്റിസ് അല്‍ത്തമാസ് കബീര്‍ ചുമതലയേറ്റു. ദല്‍ഹിയിലെ അശോകാ ഹാളില്‍ നടന്ന ചടങ്ങില്‍ രാഷ്ട്രപതി പ്രണബ് മുഖര്‍ജി സത്യവാചകം ചൊല്ലിക്കൊടുത്തു. പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗ്,​ വിരമിച്ച ചീഫ് ജസ്റ്റീസ് എസ്.എച്ച്.കപാഡിയ,​ യു.പി.എ അധ്യക്ഷ സോണിയാ ഗാന്ധി,​ മന്ത്രിമാറ്റ് മറ്റ് നേതാക്കള്‍ തുടങ്ങിയവര്‍ സത്യപ്രതിജ്ഞാ ചടങ്ങില്‍ പങ്കെടുത്തു. കൊല്‍ക്കത്ത സ്വദേശിയായ കബീര്‍ കൊല്‍ക്കത്ത ജില്ലാകോടതിയിലാണ് ഔദ്യോഗിക ജീവിതം ആരംഭിച്ചത്. 1990 ആഗസ്റ്റില്‍ കൊല്‍ക്കത്ത ഹൈക്കോടതിയില്‍ സ്ഥിരം ജഡ്ജായി നിയമിതനായി. 2005 ജനുവരിയില്‍ അവിടെ ചീഫ് ജസ്റ്റിസ് ആയി. ജാര്‍ഖണ്ഡ് ഹൈക്കോടതിയിലും ചീഫ് ജസ്റ്റിസ് ആയി സേവനമനുഷ്ഠിച്ചിട്ടുണ്ട്. അടുത്ത വര്‍ഷം ജൂലൈ 19 വരെയാണു ജസ്‌റ്റിസ്‌ കബീറിന്റെ കാലാവധി. തുടര്‍ന്നു ജസ്‌റ്റിസ്‌ പി. സദാശിവം ചീഫ്‌ ജസ്‌റ്റിസാവും. 2005 സെപ്റ്റംബര്‍ മുതല്‍ സുപ്രീംകോടതി ജഡ്ജിയാണ്. 2010ല്‍ നാഷണല്‍ ലീഗല്‍ സര്‍വീസസ് അതോറിറ്റി ചെയര്‍മാനായി നിയമിതമായി.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.