കുന്നത്തൂര്‍ പാടി മുത്തപ്പന്‍ ദേവസ്ഥാനം തിരുവപ്പന മഹോത്സവം 17ന് ആരംഭിക്കും

Thursday 14 December 2017 10:00 pm IST

കണ്ണൂര്‍: കുന്നത്തൂര്‍പ്പാടി മുത്തപ്പന്‍ ദേവസ്ഥാനത്തെ ഈ വര്‍ഷത്തെ തിരുവപ്പന മഹോത്സവം 17 മുതല്‍ ജനുവരി 16 വരെ നടക്കുമെന്ന് ദേവസ്ഥാനം പാരമ്പര്യ ട്രസ്റ്റി എസ്.കെ.കുഞ്ഞിരാമന്‍ നായനാര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. 17 ന് രാവിലെ മുതല്‍ തന്ത്രി പേര്‍ക്കിളത്തിലത്ത് സുബ്രമണ്യന്‍ നമ്പൂതിരിപ്പാടിന്റെ കാര്‍മികത്വത്തിലാണ് ചടങ്ങുകള്‍ നടക്കുക. ആദ്യദിവസമായ 17ന് രാത്രി മുത്തപ്പന്റെ ജീവിതത്തിലെ നാലുഘട്ടങ്ങളായ ബാല്യം, കൗമാരം, ഗാര്‍ഹസ്ഥ്യം, വാനപ്രസ്ഥം എന്നിവയെ പ്രതിനിധീകരിച്ച് പുതിയ മുത്തപ്പന്‍, പുറംകാല മുത്തപ്പന്‍, നാടുവാഴീശന്‍, ദൈവം, തിരുവപ്പന എന്നിവ കെട്ടിയാടിക്കും. മറ്റ് ദിവസങ്ങളില്‍ വൈകീട്ട് ഊട്ടും വെള്ളാട്ടം, രാത്രി തിരുവപ്പന, പുലര്‍ച്ചെ വെള്ളാട്ടം എന്നിവ ഉണ്ടായിരിക്കും. ഒന്നിടവിട്ട ദിവസങ്ങളില്‍ മൂലംപെറ്റ ഭഗവതിയും ഉണ്ടാകും. ഉത്സവകാലത്ത് 24 മണിക്കൂറും ഭക്തര്‍ക്ക് പാടിയില്‍ പ്രവേശിക്കാം. ദിവസവും ഉച്ചക്കും രാത്രിയും താഴെ പൊടിക്കളത്ത് വെച്ച് അന്നാദാനം ഉണ്ടായിരിക്കും. ഉത്സവം പ്രകൃതി സൗഹൃമാക്കാന്‍ വനം വകുപ്പിന്റെ നിര്‍ദ്ദേശ പ്രകാരം ഇവിടെ പ്ലാസ്റ്റിക് സാധനങ്ങള്‍ക്ക് നിരോധനം ഏര്‍പ്പെടുത്തിയിട്ടുണ്ട്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.