അഞ്ചേരി ബേബി വധക്കേസ്: വിസ്താരം ഇഴയുന്നു

Friday 15 December 2017 2:30 am IST

ഇടുക്കി: വൈദ്യുതി മന്ത്രി എം.എം. മണിയുടെ വിവാദ പ്രസംഗത്തോടെ ജനശ്രദ്ധ നേടിയ അഞ്ചേരി ബേബി വധക്കേസില്‍ വിസ്താരം ഇഴയുന്നു. കൊലപാതകങ്ങളുടെ കണക്ക് അക്കമിട്ടു നിരത്തിയ മണിയുടെ പ്രസംഗത്തോടെയാണ് കേസ് വഴിത്തിരിവിലാവുന്നത്.
2012 മെയ് 25ന് മണക്കാട് നടത്തിയ പ്രസംഗത്തെത്തുടര്‍ന്ന് വീണ്ടും കേസ് രജിസ്റ്റര്‍ ചെയ്ത് മണിയെ അറസ്റ്റ് ചെയ്യുകയും ജയിലില്‍ അടയ്ക്കുകയും ചെയ്തിരുന്നു.

1982-ലാണ് അഞ്ചേരി ബേബി വെടിയേറ്റ് മരിച്ചത്. ഈ സമയം സിപിഎം പ്രവര്‍ത്തകനായിരുന്ന മോഹന്‍ദാസ് പുതിയ കേസില്‍ ജഡ്ജിയ്ക്ക് മുന്നില്‍ ഗൂഢാലോചന സംബന്ധിച്ച് മൊഴിനല്‍കാന്‍ തയ്യാറായിരുന്നു. ഇതും കേസില്‍ നിര്‍ണ്ണായകമായി.

എന്നാല്‍ കേസ് അനന്തമായി നീളുകയാണ്. തൊടുപുഴ അഡീഷണല്‍ സെഷന്‍സ് കോടതി പരിഗണിക്കുന്ന കേസില്‍ സിപിഎം ജില്ലാസെക്രട്ടറി കെ.കെ. ജയചന്ദ്രന്‍, നേതാക്കളായ എ.കെ. ദാമോദരന്‍, ഒ.ജി. മദനന്‍, പാമ്പുപാറ കുട്ടന്‍ എന്നിവരാണ് മറ്റ് പ്രതികള്‍.
മന്ത്രി എം.എം. മണിയുടെ വിടുതല്‍ ഹര്‍ജി ആദ്യം അഡീഷണല്‍ സെഷന്‍സ് കോടതി തള്ളി. പിന്നീട് ഹൈക്കോടതിയെ സമീപിക്കുകയും താല്‍ക്കാലികമായി മണിക്കെതിരെ മാത്രമുള്ള നടപടി നിര്‍ത്തിവെയ്പ്പിക്കുകയും ചെയ്തു.

എന്നാല്‍ കേസില്‍ സംശയം തോന്നിയ ഹൈക്കോടതി വിധിപറയാന്‍ മാറ്റി. ഇതില്‍ വിസ്താരം നടക്കുന്നുണ്ടെങ്കിലും സര്‍ക്കാരിന്റെ ഭാഗമായ മന്ത്രിക്കെതിരെ വാദിക്കാന്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ക്ക് സാധിക്കാത്തതാണ് തിരിച്ചടിയാകുന്നത്.

29ന് കേസ് തൊടുപുഴ അഡീഷണല്‍ സെഷന്‍സ് കോടതി പരിഗണിക്കുന്നുണ്ടെങ്കിലും ഹൈക്കോടതിയിലെ സ്‌റ്റേ തടസ്സമാകും. നിരവധി തവണ കേസ് പരിഗണിച്ചപ്പോഴും പ്രതികള്‍ ഹാജരാകാതിരുന്നതും കോടതി നടപടിയെ ബാധിച്ചിരുന്നു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.