രാഹുലിന്റെ സന്ദര്‍ശനം പ്രഹസനമെന്ന് ആരോപണം

Friday 15 December 2017 2:40 am IST

തിരുവനന്തപുരം: ഓഖി ചുഴലിക്കാറ്റില്‍ കാണാതായ മത്സ്യത്തൊഴിലാളികളുടെ ബന്ധുക്കളെ സന്ദര്‍ശിക്കുന്നതിനിടെ കോണ്‍ഗ്രസിന്റെ നിയുക്ത ദേശീയ അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി ആവശ്യപ്പെട്ടത് കേന്ദ്രസര്‍ക്കാര്‍ പരിഗണിക്കാമെന്ന് ഉറപ്പ് നല്‍കിയ കാര്യങ്ങള്‍. ഇന്നലെ ഉച്ചയോടെയാണ് തിരുവനന്തപുരത്തെ പൂന്തുറ, വിഴിഞ്ഞം മേഖലകള്‍ രാഹുല്‍ സന്ദര്‍ശിച്ചത്.

ഫിഷറീസ് മന്ത്രാലയം രൂപീകരിക്കണമെന്നതായിരുന്നു പ്രധാന ആവശ്യം. കോണ്‍ഗ്രസ് അധികാരത്തില്‍ വന്നാല്‍ മന്ത്രാലയം സ്ഥിപിക്കുമെന്നും രാഹുല്‍ പറഞ്ഞു. എന്നാല്‍ ഫിഷറീസ് മന്ത്രാലയം സ്ഥാപിക്കുന്ന കാര്യം പരിഗണിക്കുമെന്ന് കേന്ദ്ര പ്രതിരോധമന്ത്രി നിര്‍മ്മല സീതാരാമന്‍ മത്സ്യത്തൊഴിലാളിളെ സന്ദര്‍ശിച്ച് ആശ്വസിപ്പിക്കവെ ഉറപ്പുനല്‍കിയിരുന്നു. പ്രധാനമന്ത്രിയോട് ഇക്കാര്യം ചര്‍ച്ചചെയ്യുമെന്നും ആവശ്യം അടിയന്തരമായി പരിഗണിക്കുമെന്നും കേന്ദ്രമന്ത്രി വാര്‍ത്താ സമ്മേളനത്തില്‍ വ്യക്തമാക്കിയതുമാണ്.

കൂടാതെ രാഹുല്‍ ആവശ്യപ്പെട്ട മത്സ്യബന്ധന തുറമുഖവും മുന്നറിയിപ്പ് സംവിധാനങ്ങളും വേണമെന്ന ആവശ്യങ്ങള്‍ അടിയന്തരമായി പരിഗണിക്കുമെന്ന് കേന്ദ്രമന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനവും തൊഴിലാളികള്‍ക്ക് ഉറപ്പ് നല്‍കിയിരുന്നു. അതേസമയം രാഹുലിന്റെ സന്ദര്‍ശനം പ്രഹസനമായെന്ന് മത്സ്യത്തൊഴിലാളികള്‍ ആരോപിച്ചു. മണിക്കൂറുകളോളം വെയിലത്ത് കാത്തിരുത്തിയതിന്റെ പ്രതിഷേധവും പൂന്തുറയിലെ തൊഴിലാളികള്‍ പ്രകടിപ്പിച്ചു. വെയില്‍ സഹിക്കാനാകാതെ സ്ത്രീകളും കുട്ടികളും ഉള്‍പ്പെടെയുള്ളവര്‍ എഴുന്നേറ്റ് പോകാനൊരുങ്ങി.

‘തങ്ങളെ ദ്രോഹിച്ചത് പോരേ… ഇനിയും വെയിലത്തിരുത്തി കൊല്ലണമോ’ എന്നും തൊഴിലാളികള്‍ ചോദിച്ചു. തങ്ങളുടെ പ്രശ്‌നങ്ങള്‍ കേള്‍ക്കാന്‍ തയ്യാറാകാതെ ചാനലുകള്‍ക്കും ഫോട്ടോഗ്രാഫര്‍മാര്‍ക്കും വേണ്ടിയാണ് രാഹുല്‍ എത്തിയതെന്നും മത്സ്യത്തൊഴിലാളികള്‍ കുറ്റപ്പെടുത്തി. പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല, ഉമ്മന്‍ചാണ്ടി, കെപിസിസി പ്രസിഡന്റ് എം.എം. ഹസ്സന്‍, ശശിതരൂര്‍ എംപി തുടങ്ങിയവരും രാഹുലിന് ഒപ്പം ഉണ്ടായിരുന്നു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.