സരിതാ നായരുടെ അപ്പീല്‍ തള്ളി

Friday 15 December 2017 2:30 am IST

പത്തനംതിട്ട: സോളാര്‍ കേസില്‍ സരിതാ നായര്‍ നല്‍കിയ അപ്പീല്‍ തള്ളിയ ജില്ലാ സെഷന്‍സ് കോടതി, പത്തനംതിട്ട ഒന്നാം ക്‌ളാസ് മജിസ്‌ട്രേറ്റ് കോടതി വിധി ശരിവച്ചു. സോളാര്‍ പ്ലാന്റ് സ്ഥാപിച്ച് നല്‍കാമെന്ന് പറഞ്ഞ് 1.19 കോടി തട്ടിയെടുത്ത കേസില്‍ മൂന്നേകാല്‍ വര്‍ഷം കഠിനതടവിനും 1.20 കോടി രൂപ പിഴയ്ക്കും ശിക്ഷിച്ച വിധിക്കെതിരെ നല്‍കിയ അപ്പീലാണ് തള്ളിയത്.

2015 ജൂണ്‍ 18നായിരുന്നു ആറന്മുള സ്വദേശി ബാബുരാജ് സരിതയ്ക്ക് പണം നല്‍കിയത്. കമ്പനി റീജിയണല്‍ ഡയറക്ടര്‍ ലക്ഷ്മി നായര്‍ എന്ന പേരില്‍ സരിതയും സിഇഒ ഡോ. ആര്‍.ബി. നായര്‍ എന്ന പേരില്‍ ബിജു രാധാകൃഷ്ണനുമാണ് ബാബുരാജിനെ സമീപിച്ചത്. അന്നത്തെ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ ലെറ്റര്‍പാഡും കേന്ദ്രമന്ത്രി ഫറൂഖ് അബ്ദുളളയുടെ വ്യാജക്കത്തും കാണിച്ച് വിശ്വാസം നേടിയാണ് ഇരുവരും പണം തട്ടിയത്. അന്നത്തെ ആഭ്യന്തരമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍, കേന്ദ്രമന്ത്രി കെ. സി. വേണുഗോപാല്‍ എന്നിവരുമായി തനിക്ക് അടുപ്പമുണ്ടെന്ന് സരിത ബോധ്യപ്പെടുത്തി.

ബാബുരാജിനെ സോളാര്‍ ടീം കമ്പനിയുടെ ചെയര്‍മാനാക്കാമെന്നും മകന് ജോലി നല്‍കാമെന്നുമായിരുന്നു വാഗ്ദാനം. പണം വാങ്ങി ബാറ്ററികളും ഉപകരണങ്ങളും കൊണ്ടുവച്ച ശേഷം സോളാര്‍ പാനല്‍ സ്ഥാപിച്ചില്ല.

2013 മാര്‍ച്ച് 14ന് ബാബുരാജ് അന്നത്തെ അഭ്യന്തര മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന് പരാതി നല്‍കി. പിന്നീട് ക്രൈംബ്രാഞ്ച് കേസെടുത്തു. കേസില്‍ ഒന്നാംപ്രതി ബിജു രാധകൃഷ്ണനും രണ്ടാം പ്രതി സരിതയുമാണ്. പ്രോസിക്യൂഷനുവേണ്ടി ഗവ. പ്ലീഡര്‍ ആന്‍ഡ് പബ്ലിക് പ്രോസിക്യൂട്ടര്‍ അഡ്വ. എ.സി. ഈപ്പനാണ് ഹാജരായത്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.