കരിങ്കല്‍ ഉല്‍പ്പന്നങ്ങള്‍ക്ക് തീവില: ക്രഷര്‍ ഉടമകള്‍ ജനങ്ങളെ കൊള്ളയടിക്കുന്നു

Thursday 14 December 2017 10:32 pm IST

ചെമ്പേരി: കരിങ്കല്‍ ഉല്‍പ്പന്നങ്ങള്‍ക്ക് തീവില. ക്രഷര്‍ ഉടമകള്‍ പൊതുജനങ്ങളെ കൊള്ളയടിക്കുന്നു. മണല്‍, കരിങ്കല്‍ ഉല്‍പ്പന്നങ്ങളുടെ ക്ഷാമം എന്നിവ മൂലം നിര്‍മ്മാണമേഖല തകര്‍ന്നിരിക്കുകയാണ്. ഇതുമായി ബന്ധപ്പെട്ട് കഴിയുന്ന ആയിരക്കണക്കിന് തൊഴിലാളികള്‍ ജോലിയില്ലാതെ പട്ടിണിയിലായി.
സിപിഎം ഒത്താശയോടെയാണ് പല സ്ഥലങ്ങളിലും ക്രഷര്‍ ഉടമകള്‍ മുന്നറിയിപ്പില്ലാതെ വില വര്‍ദ്ധിപ്പിച്ചത്. അതുകൊണ്ടുതന്നെ ഭരണകൂടം പ്രശ്‌നത്തില്‍ ഇടപെടുന്നില്ലെന്നും പരാതിയുണ്ട്. ക്വാറികള്‍ക്ക് കടുത്ത നിയന്ത്രണം വന്നതോടെയാണ് കരിങ്കല്‍ ഉല്‍പ്പന്നങ്ങള്‍ക്ക് ക്രഷറുകളെ ആശ്രയിക്കേണ്ട സ്ഥിതി വന്നത്. കൂടിയ വില നല്‍കിയാലും പൂഴി കിട്ടാതായതോടെ എം സാന്റിനെ ആശ്രയിക്കേണ്ട സ്ഥിതിയിലാണ് പലരും. ഈ സന്ദര്‍ഭം പരമാവധി മുതലെടുക്കകയാണ് ക്രഷര്‍ ഉടമകള്‍. ചിപ്‌സ്, ജില്ലി, പൊടി, എം സാന്റ് എന്നിവക്കെല്ലാം വില വര്‍ദ്ധിപ്പിച്ചിട്ടുണ്ട്. അടിക്ക് അഞ്ച് രൂപ വരെയാണ് വില വര്‍ധനവ്. ജനങ്ങളെ കൊള്ളയടിക്കാന്‍ ഇപ്പോള്‍ ജില്ലി ഉല്‍പ്പന്നങ്ങള്‍ പല ക്രഷറുകളിലും തൂക്കിയാണ് വില്‍പ്പന നടത്തുന്നത്. ലോറികളുടെ വലിപ്പമനുസരിച്ച് അടിക്കണക്കിലായിരുന്നു ഇതുവരെ കരിങ്കല്ല് വില്‍പ്പന നടത്തിയിരുന്നത്. അതാണിപ്പോള്‍ ടണ്‍ കണക്കിനാക്കി മാറ്റിയത്. ജില്ലിപ്പൊടി പല ക്രഷറുകളിലും എം സാന്റ് എന്ന ഓമനപ്പേരിലാണ് പുറത്തിറങ്ങുന്നത്. ടണ്‍ കണക്കിന് എം സാന്റ് തൂക്കിവില്‍ക്കുമ്പോള്‍ ഇതിലുണ്ടാകുന്ന വെള്ളത്തിന്റെ തൂക്കവും ഉപഭോക്താക്കള്‍ സഹിക്കേണ്ടി വരുന്നു.
കഴിഞ്ഞ അഞ്ച് വര്‍ഷത്തിനുള്ളില്‍ നാല്‍പ്പത് ശതമാനത്തിലേറെ വില വര്‍ധനവ് ക്രഷറുകളില്‍ നടന്നിട്ടുണ്ട്. ഇതോടൊപ്പം ലോറി വാടകയും ഗണ്യമായി വര്‍ദ്ധിച്ചതോടെ ഉല്‍പ്പന്നങ്ങളുടെ വില കുത്തനെ ഉയര്‍ന്നിരിക്കുകയാണ്. നൂറ് അടി ജില്ലിക്ക് 2012 ല്‍ 2200 രൂപയുള്ളത് 2017 ല്‍ 3100 ആയി ഉയര്‍ന്നു. എം സാന്റിന് 2012 ല്‍ 3000 ഉള്ളത് ഇപ്പോള്‍ 5800 ആയി വര്‍ധിച്ചു. കരിങ്കല്‍പ്പൊടിക്ക് 2012 ല്‍ 1800 ഉള്ളത് ഇപ്പോള്‍ 3500 ആയി ഉയര്‍ന്നു. വിലക്കയറ്റം ചോദ്യം ചെയ്യുന്നവരെ അടിച്ചൊതുക്കുന്ന സ്വഭാവമാണ് ചില ക്രഷര്‍ ഉടമകള്‍ക്കുള്ളത്. ഭരണകക്ഷിയിലെ പ്രമുഖ പാര്‍ട്ടിയുടെ ഒത്താശയും ഉണ്ടായതോടെ മറ്റാരെയും പേടിക്കേണ്ട എന്ന സ്ഥിതിയാണ് ഇപ്പോഴുള്ളത്. ചെങ്കല്ല്, സിമന്റ്, കമ്പി എന്നിവയുടെയും വില വര്‍ദ്ധിച്ചതോടെ നിര്‍മ്മാണമേഖല പൂര്‍ണമായും തകര്‍ന്നിരിക്കുകയാണ്. സര്‍ക്കാറിന്റെ പുതിയ ഖനന നിയന്ത്രണം മൂലമാണ് ചെറുകിട ക്വാറികള്‍ അടുച്ചുപൂട്ടേണ്ടി വന്നത്. ഇതുകാരണം ക്രഷറുകളില്‍ ഉല്‍പ്പന്നങ്ങള്‍ക്ക് ഡിമാന്റ് ഏറിയതോടെയാണ് പലരും വില വര്‍ദ്ധിപ്പിച്ചത്.
ജില്ലയില്‍ ചേപ്പറമ്പില്‍ പ്രവര്‍ത്തിക്കുന്ന ക്രഷറിലാണ് വില വര്‍ധനവ് ആദ്യം നിലവില്‍ വന്നത്. ഇതിന്റെ ചുവട് പിടിച്ച് മറ്റ് ക്രഷറുകളിലും വില കയറ്റിയിട്ടുണ്ട്. ഇതിനെതിരെ ലോറി ജീവനക്കാരും കരാറുകാരും നാട്ടുകാരും നടത്തുന്ന ഉപരോധസമരം അനിശ്ചിതമായി തുടരുകയാണ്. കരിങ്കല്‍ ഉല്‍പ്പന്നങ്ങളുടെ വില വര്‍ധനവ് പ്രധാനമന്ത്രി ആവാസ് യോജന വഴിയും ഗ്രാമ പഞ്ചായത്ത് മുഖേനയും വീട് നിര്‍മ്മിക്കുന്നവര്‍ക്ക് തിരിച്ചടിയായിട്ടുണ്ട്. കെഎസ്ടിപി റോഡ് നിര്‍മ്മാണ പ്രവൃത്തികളും മറ്റ് ഒട്ടനവധി നിര്‍മ്മാണപ്രവൃത്തികളും തടസ്സപ്പെടാനും സാധ്യതയുണ്ട്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.